ഭിന്നശേഷി കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബിആർസിയുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു.

നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ ഉദ്ഘാടനം ചെയ്തു.

15 കുട്ടികൾക്കാണ് ഓർത്തോ ഉപകരണങ്ങൾ വിതരണം ചെയ്തത്.

ബിപിസി കെ.ആർ. സത്യപാലൻ സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ അനുപം പോൾ നന്ദിയും പറഞ്ഞു.

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി അധ്യാപക ദിനാഘോഷം

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ രജത നിറവ് അധ്യാപക ദിനാഘോഷം ഇരിങ്ങാലക്കുട രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. സിജോ ഇരിമ്പൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക്കിനെ പൊന്നാടയണിച്ച് ആദരിച്ചു.

കത്തിഡ്രൽ ട്രസ്റ്റിമാരായ സാബു ചെറിയാടൻ, തോമസ് തൊകലത്ത്, പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, വൈസ് പ്രസിഡന്റ് ജോജോ വെള്ളാനിക്കാരൻ, സ്കൂൾ ചെയർമാൻ ക്രിസ്റ്റഫർ, പി.ടി.എ. അംഗങ്ങളായ അരുൺ, മെഡാലിൻ, അധ്യാപകരായ എം.ജെ. ഷീജ, ജിജി ജോർജ്ജ്, രജത ജൂബിലി ആഘോഷ കമ്മറ്റി ഭാരവാഹികളായ ടെൽസൺ കോട്ടോളി, ലിംസൺ ഊക്കൻ, ജോബി അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് മുഴുവൻ അധ്യാപകർക്കും അനധ്യാപകർക്കും പി.ടി.എ.യുടെ വകയായി ഉപഹാരങ്ങളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടി ഇരിങ്ങാലക്കുടയുടെ സുധീർ മാഷ്

ഇരിങ്ങാലക്കുട : മികച്ച ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടി ഇരിങ്ങാലക്കുടയുടെ സ്വന്തം സുധീർ മാഷ്.

ജന്മദേശം പാലക്കാടാണെങ്കിലും കർമ്മം കൊണ്ട് സുധീർ മാഷ് ഇരിങ്ങാലക്കുടക്കാരനാണ്.

2005ലാണ് ഇരിങ്ങാലക്കുട മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിശാസ്ത്രം അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. പിന്നീട് സുധീർ മാഷിൻ്റെ നാട് ഇരിങ്ങാലക്കുടയായി മാറുകയായിരുന്നു.

ഇപ്പോൾ കൊടകര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ്. നീണ്ട 20 വർഷങ്ങൾ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഭാഗമായ മാഷ് കഴിഞ്ഞ മാർച്ചിലാണ് പ്രമോഷനോടെ കൊടകര സ്കൂളിലേക്ക് ട്രാൻസ്ഫർ ആയത്.

ഇരിങ്ങാലക്കുട ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും മാഷ് മുൻനിരയിൽ തന്നെയുണ്ടായിരുന്നു.

2007ൽ സ്കൂളിലെ എൻ.എൻ.എസ്. പ്രോഗ്രാം ഓഫീസറായ മാഷ് 2019 ആയപ്പോഴേക്കും ജില്ലാ എൻ.എസ്.എസ്. കൺവീനറായി സ്ഥാനമേറ്റിരുന്നു.

2013ൽ മികച്ച അധ്യാപകനുള്ള നെഹ്റു ഗ്രൂപ്പ് അവാർഡും മികച്ച എൻ.എസ്.എസ്. ജില്ലാ കൺവീനർക്കുള്ള പുരസ്കാരവും മാഷിനെ തേടിയെത്തി.

ജില്ലയിലൂടനീളം മെഡിക്കൽ ക്യാമ്പുകളും ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളും സംഘടിപ്പിച്ച മാഷ് കായികമേഖലയിലും മികച്ച സേവനം തന്നെയാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

കായിക അധ്യാപകരില്ലാത്ത ബോയ്സ് സ്കൂളിൽ 10 വർഷത്തോളം കായികതാരങ്ങൾക്കും അദ്ദേഹം വഴികാട്ടിയായി. പരിസരപ്രദേശങ്ങളിലെ കായികപ്രേമികളെ ചേർത്തുപിടിച്ച് കായിക കൂട്ടായ്മ സംഘടിപ്പിച്ച മാഷിന് സ്കൂളിന് അകത്തും പുറത്തും ശിഷ്യന്മാരേറെയാണ്.

ക്രിക്കറ്റാണ് മാഷിൻ്റെ ഇഷ്ട മേഖല. 45 വയസ്സിന് മുകളിലുള്ളവരുടെ തൃശ്ശൂർ ടീമിൽ സ്ഥിരം കളിക്കാരനാണ് മാഷ്.

ഇരിങ്ങാലക്കുടയിൽ അണിമംഗലം സുസ്മിതത്തിലാണ് മാഷ് താമസിക്കുന്നത്. സ്മിത സുധീർ ആണ് ഭാര്യ. ഏക മകൾ ഗായത്രി സുധീർ സിഎ വിദ്യാർഥിനിയാണ്.

ഇരിങ്ങാലക്കുട ബസ്സ് സ്റ്റാൻഡ്- എ കെ പി ജംഗ്ഷൻ റോഡിൽ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ്- എ കെ പി ജംഗ്ഷൻ റോഡിൽ സണ്ണി സിൽക്സിന് മുൻവശത്ത് ടൈൽ വിരിക്കുന്ന പ്രവൃത്തി സെപ്തംബർ 9 മുതൽ 30 വരെ നടക്കുന്നതിനാൽ പ്രസ്തുത റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതായി നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അറിയിച്ചു.

നിര്യാതയായി

ശാന്ത

ഇരിങ്ങാലക്കുട : തെക്കേ കാവപ്പുര നോക്കര ശിവരാമൻ ഭാര്യ ശാന്ത നിര്യാതയായി.

സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് മുക്തിസ്ഥാനിൽ.

നിര്യാതയായി

ദേവകി

ഇരിങ്ങാലക്കുട : എരുമത്തടം പി.പി. മേനോൻ റോഡിൽ പരേതനായ കിഴക്കുംപാട്ടുകര ശേഖരൻ ഭാര്യ ദേവകി (74) നിര്യാതയായി.

സംസ്കാരം ഉച്ചതിരിഞ്ഞ് 2.30ന് മുക്തിസ്ഥാനിൽ.

മക്കൾ : മനോജ്, ഉഷ

മരുമക്കൾ : നിഷ, ഗോപു

നിര്യാതനായി

പ്രഭാകരൻ

ഇരിങ്ങാലക്കുട :  മൂർക്കനാട് വന്നേരിപറമ്പിൽ ശങ്കരൻകുട്ടി മകൻ പ്രഭാകരൻ (75) നിര്യാതനായി.

സംസ്കാരം തിങ്കളാഴ്ച (സെപ്തംബർ 8) ഉച്ചതിരിഞ്ഞ് 2 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭാര്യ : സരസ്വതി

മക്കൾ : വിവേക് പ്രഭാകരൻ (സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി), വിഷ്ണു പ്രഭാകരൻ (എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഎം കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗം), ശ്രീപ്രിയ ശ്രീനാഥ് (തിരൂർ അർബൻ ബാങ്ക് ക്ലാർക്ക്)

മരുമകൻ : ശ്രീനാഥ്

ആദവ് സിനോയെ അനുമോദിച്ച് ബിജെപി

ഇരിങ്ങാലക്കുട : അണ്ടർ 19 നാഷണൽ ലെവൽ ഹാൻഡ് ബോൾ ടൂർണമെന്റ് ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഡോൺബോസ്ക്കോ സ്കൂൾ വിദ്യാർഥി ആദവ് സിനോയെ ബിജെപി നേതാക്കൾ വീട്ടിലെത്തി അനുമോദിച്ചു.

സിനോ കൈമാപറമ്പിൽ- സുമിഷ സിനോ ദമ്പതികളുടെ മകനാണ് ആദവ് സിനോ.

ബിജെപി തൃശൂർ സൗത്ത് ജില്ലാ സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥൻ, അജീഷ് പൈക്കാട്ട്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. അനീഷ്, പഞ്ചായത്ത് സെക്രട്ടറി ടി.എസ്. മധു, ആർഎസ്എസ് മണ്ഡൽ കാര്യവാഹ് സജിത്ത് വട്ടപറമ്പിൽ, മനോജ് നെല്ലിപ്പറമ്പിൽ, ജിനു ഗിരിജൻ, കെ.വി. സിബി, കെ.വി. സിനോയ്, ബൂത്ത് ജനറൽ സെക്രട്ടറി രതീഷ് തച്ചിലത്ത് എന്നിവർ നേതൃത്വം നൽകി.

അഖിലേന്ത്യാ സർവ്വീസസ് മീറ്റിൽ ട്രിപ്പിൽ ജമ്പിൽ ഗോൾഡ് മെഡൽ നേടി സെബാസ്റ്റ്യൻ

ഇരിങ്ങാലക്കുട : അഖിലേന്ത്യാ സർവ്വീസസ് മീറ്റിൽ പത്തു വർഷത്തിനു ശേഷം കരസേനയ്ക്ക് ആദ്യമായി ട്രിപ്പിൽ ജമ്പിൽ ഗോൾഡ് മെഡൽ (16.37 മീറ്റർ) നേടിക്കൊടുത്ത് വെള്ളാനി സ്വദേശി സെബാസ്റ്റ്യൻ.

രണ്ടാഴ്ച മുൻപാണ് സെബാസ്റ്റ്യൻ മദ്രാസ് റെജിമെന്റിൽ ഹവിൽദാർ ആയി ചേർന്നത്.

നിലവിൽ ജെ.എസ്.ഡബ്ലിയു. സ്പോർട്ട്സ് അക്കാദമി ബെല്ലാരിയിൽ പരിശീലനം തുടരുന്ന വടക്കേത്തല ഷിബുവിന്റെ മകൻ സെബാസ്റ്റ്യൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ എം.എ. വിദ്യാർഥി കൂടിയാണ്.

പലവട്ടം നാഷണൽ മെഡലുകൾ നേടിയ താരം വളർന്നത്, ആദ്യം പിതാവായ ഷിബുവിനു കീഴിലും പിന്നീട് ദ്രോണാചാര്യ ടി.പി. ഔസേഫിനു കീഴിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ പരിശീലനത്തിലൂടെയുമാണ്.

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട : എടക്കുളം സ്വദേശി കുന്നപ്പിള്ളി വീട്ടിൽ വിബിനെ(26) ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ പൂമംഗലം എടക്കുളം ചൂരക്കാട്ടുപടി സ്വദേശികളായ ഈശ്വരമംഗലത്ത് വീട്ടിൽ അഖിനേഷ് (27), പുത്തൻവീട്ടിൽ അസ്മിൻ (29) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

വിബിന്റെ സുഹൃത്തായ ശരവണൻ അഖിനേഷുമായി മുമ്പ് തർക്കത്തിലേർട്ടപ്പോൾ വിബിൻ ഇടപ്പെട്ടതിലുള്ള വൈരാഗ്യത്താൽ എടക്കുളത്തുള്ള വിബിന്റെ വീടിന് സമീപം റോഡിൽ വച്ച് വിബിനും സുഹൃത്തും സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.

അഖിനേഷ് കാട്ടൂർ, ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധികളിലായി കൊലപാതകം, വധശ്രമം, അയുധം കൈവശം വയ്ക്കൽ, സ്ഫോടക വസ്തു കൈവശം വയ്ക്കൽ, മയക്കുമരുന്ന് കച്ചവടം, അടിപിടി എന്നിങ്ങനെയുള്ള ഏഴ് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

അസ്മിൻ പോക്സോ, അടിപിടി, മയക്കു മരുന്ന് ഉപയോഗം എന്നിങ്ങനെയുള്ള ആറ് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

കാട്ടൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്ഐ ബാബു, ജി.എസ്.ഐ.മാരായ നൗഷാദ്, ഫ്രാൻസിസ്, മിനി, ജി.എസ്.സി.പി.ഒ. മുഹമ്മദ് ഷൗക്കർ, സിജു, സിപിഒ ദീക്ഷീത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.