നാഷണൽ സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ജനമൈത്രി പൊലീസും ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട പൊലീസ് എസ്.എച്ച്.ഒ. എം.എസ്. ഷാജൻ ഉദ്ഘാടനം നിർവഹിച്ചു.

പഠനവും കായിക വിനോദങ്ങളും ജീവിതവുമാകട്ടെ ലഹരിയെന്നും വിദ്യാർഥികൾ ചിട്ടയായ ജീവിതശൈലി രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ മാനേജർ വി.പി.ആർ. മേനോൻ അധ്യക്ഷത വഹിച്ചു.

എക്സൈസ് ഉദ്യോഗസ്ഥൻ രാജേന്ദ്രൻ വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു.

ഹെഡ്മിസ്ട്രസ് സീന സ്വാഗതവും അധ്യാപിക ഷിജി നന്ദിയും പറഞ്ഞു.

പോലീസ് എസ് .ഐ. കെ.എം. നാസർ, സമിതി അംഗങ്ങളായ കെ.എൻ. സുഭാഷ്, രമേഷ് വാര്യർ, പി.ആർ. സ്റ്റാൻലി എന്നിവർ നേതൃത്വം നൽകി.

നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി പട്ടികജാതി ക്ഷേമസമിതി

ഇരിങ്ങാലക്കുട : ചാത്തൻ മാസ്റ്റർ ഹാളിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക, പട്ടികജാതി വിഭാഗങ്ങളോടുള്ള യുഡിഎഫ് ഭരണസമിതിയുടെ അവഗണന അവസാനിപ്പിക്കുക, പട്ടികജാതി ക്ഷേമ പദ്ധതികൾ തകർക്കുന്ന നഗരസഭയുടെ ദുർഭരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമസമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി
വി.എ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡൻ്റ് എ.വി. ഷൈൻ അധ്യക്ഷത വഹിച്ചു.

കെ.വി. മദനൻ, വത്സല ബാബു, അഖിൽ ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.

ഏരിയ സെക്രട്ടറി സി.ഡി. സിജിത്ത് സ്വാഗതവും ഏരിയ ട്രഷറർ എ.വി. സുരേഷ് നന്ദിയും പറഞ്ഞു.

പഠനത്തിൽ മുന്നേറുന്ന വിയ്യൂർ ജയിൽ യൂണിവേഴ്സിറ്റി ക്യാമ്പസ് ആയി മാറുന്നു

തൃശൂർ : തടവുകാരുടെ പഠനത്തിൽ ഉജ്ജ്വലമായ മുന്നേറ്റം നടത്തുകയാണ് വിയ്യൂർ സെൻട്രൽ ജയിൽ.

785 തടവുകാരുള്ള വിയ്യൂർ ജയിലിലെ 10% പേർ വിവിധ പാഠ്യപദ്ധതിയിൽ രജിസ്റ്റർ ചെയ്തവരാണ്.

ഉന്നത പഠനത്തിൻ്റെ ഭാഗമായി ജയിലിൽ സംഘടിപ്പിച്ച ഓറിയൻ്റേഷൻ ക്ലാസ്സിൽ ഇന്ദിരാഗാന്ധി യൂണിവേഴ്സിറ്റി കൊച്ചി റീജിയൻ ഡെപ്യൂട്ടി ഡയക്ടർ ഡോ. പ്രസീദ ഉണ്ണികൃഷ്ണൻ
വിവിധ കോഴ്സുകളുടെ വിവരങ്ങളും സാധ്യതകളും വിവരിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തടവുകാർക്ക് പുറമേ വിദേശികളായവരും (65 പേർ) ഓറിയൻ്റേഷൻ ക്ലാസ്സിൽ പങ്കെടുത്ത് സംശയങ്ങൾ തീർത്തു.

യൂണിവേഴ്സിറ്റിയുടെ കീഴിൽ പഠിക്കുന്ന തടവുകാർക്ക് പാഠ്യപുസ്തകങ്ങളും പരീക്ഷ ഫീസും പൂർണ്ണമായും സൗജന്യമാണ്.

വിയ്യൂർ ജയിലിൽ തന്നെ പരീക്ഷാ സെൻ്ററും ഉണ്ട്.

നിലവിൽ ചുരുക്കം ചിലർ മാത്രമേ ഈ അവസരം പ്രയോജനപ്പെടുത്തുന്നുള്ളൂ.

തടവുകാലത്തിനു ശേഷം ഒരു കോഴ്സ് പാസ്സായി യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുമായി പുറത്തുവരുന്നത് ചെറിയ കാര്യമല്ല എന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൂപ്രണ്ട് അനിൽ കുമാർ ഓർമ്മിപ്പിച്ചു.

ഗൗരവമായി പഠനത്തെ കണ്ട് കോഴ്സ് പൂർത്തികരിക്കുന്നവർക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന കാര്യം വകുപ്പ് അധ്യക്ഷന്റെ ശ്രദ്ധയിൽ പെടുത്താമെന്നും സുപ്രണ്ട് കൂട്ടിച്ചേർത്തു.

ശിക്ഷാ കാലയളവിൽ തന്നെ കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും തുടർന്നും പഠിക്കാനും പരീക്ഷയെഴുതാനും സർട്ടിഫിക്കറ്റ് നേടാനും സാധിക്കുമെന്നും ഡെപ്യൂട്ടി ഡയക്ടർ അറിയിച്ചു.

വെൽഫയർ ഓഫീസർ സാജി സൈമൻ, ജയിൽ ടീച്ചർ സനൂപ്, ഇന്ദിരാഗാന്ധി യൂണിവേഴ്സിറ്റി പ്രതിനിധികളായ മുഹമ്മദ് അൻസാർ, സുജിനി ബാബു, രേഷ്മ സുരേഷ്
എന്നിവർ പ്രസംഗിച്ചു.

36 പേർ വിവിധ കോഴ്സുകൾക്കായി രജിസ്ട്രേഷൻ നടത്തി.

ആധാർ വിവരങ്ങൾ നിർബന്ധമാണെന്നത് വിദേശികളടക്കമുള്ള തൽപരരായ തടവുകാരെ നിരാശപ്പെടുത്തി. ഇതിന് പരിഹാരം കാണാൻ ശ്രമിക്കാമെന്ന് യൂണിവേഴ്സിറ്റി പ്രതിനിധികൾ അറിയിച്ചു.

സെന്റ് മേരീസ് സ്കൂൾ യൂത്ത് ഫെസ്റ്റിവൽ “തകജം” ആരംഭിച്ചു

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ യൂത്ത് ഫെസ്റ്റിവൽ “തകജം” പ്രശസ്ത കലാകാരൻ രാജേഷ് തംബുരു ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ റവ. ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, സ്റ്റാഫ് സെക്രട്ടറി ജിൻസൺ ജോർജ്, ഫൈൻ ആർട്സ് സെക്രട്ടറി ആദിഷ് രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രിൻസിപ്പൽ പി. ആൻസൻ ഡൊമിനിക് സ്വാഗതവും പ്രോഗ്രാം കൺവീനർ ഷോബി വർഗീസ് നന്ദിയും പറഞ്ഞു.

ഭക്ഷ്യമേളയും ഔഷധസസ്യ പ്രദർശനവും നടത്തി

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഹയർ സെക്കൻ്ററി വിഭാഗം എൻ.എസ്.എസ്., ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യമേളയും ഔഷധസസ്യ പ്രദർശനവും നടത്തി.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയലക്ഷ്മി വിനയചന്ദ്രൻ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു.

വേളൂക്കര പഞ്ചായത്ത് അംഗം മാത്യു പാറേക്കാടൻ ഔഷധസസ്യ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രിൻസിപ്പൽ എം.കെ. പ്രീതി, ഹെഡ്മിസ്ട്രസ് വി.എം. ഉഷ, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗം പ്രിൻസിപ്പൽ കെ.പി. അനിൽ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.

സ്കൂളിൽ പഠിക്കുന്ന നിർധനരായ കുട്ടികളുടെ കുടുംബങ്ങൾക്ക് ഓണക്കിറ്റ് തയ്യാറാക്കി നൽകുന്നതിനു വേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്.

നമ്മുടെ പരിസര പ്രദേശങ്ങളിൽ സമൃദ്ധമായി കാണപ്പെടുന്നതും പുതുതലമുറക്ക് സുപരിചിതവുമല്ലാത്ത വിവിധ ഔഷധസസ്യങ്ങൾ കുട്ടികളെ തിരിച്ചറിയാൻ സഹായിക്കുന്നതിനും അവയുടെ ഗുണങ്ങളും ഉപയോഗങ്ങളും ബോധ്യപ്പെടുത്താനുമാണ് ഔഷധസസ്യ പ്രദർശനം സംഘടിപ്പിച്ചത്.

ക്രൈസ്റ്റ് കോളെജ് ബികോം പ്രൊഫഷണല്‍ ഡിപ്പാർട്ട്മെന്റ് ഇന്റര്‍നാഷണല്‍ കൊമേഴ്‌സ് ഡേ നടത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് ബികോം പ്രൊഫഷണല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഇന്റര്‍നാഷണല്‍ കൊമേഴ്‌സ് ഡേ ഫുഡ് പ്രൊഡക്ട്സ് സിഇഒ ഡോ. ഇളവരശി പി. ജയകാന്ത് ഉദ്ഘാടനം ചെയ്തു.

കോളെജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു.

സെല്‍ഫ് ഫിനാന്‍സിംഗ് കോര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്‍, ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. കെ. ഒ. ഫ്രാന്‍സിസ്, ശ്രേയ സ്വാമിനാഥന്‍, അധ്യാപകരായ വി. സിജി പോള്‍, കെ.എസ്. ശ്രുതി, ഡോ. കെ.വി. ദിനി എന്നിവര്‍ പ്രസംഗിച്ചു.

“അടിയന്തരാവസ്ഥ : പാഠവും പഠനവും” -പുസ്തക വിചാരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് വിജിൽ ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ “അടിയന്തരാവസ്ഥ : പാഠവും പഠനവും” എന്ന വിഷയത്തിൽ പുസ്തക വിചാരം സംഘടിപ്പിച്ചു.

അടിയന്തരാവസ്ഥ ഇരുട്ടിൻ്റെ നിലവിളികൾ, ഡെമോക്രസി എൻചെയ്നിഡ് നേഷൻ ഡിസ്ഗ്രെയ്സ്ഡ്, ഷാ കമ്മീഷൻ എക്കോസ്
ഫ്രം എ ബറീഡ് റിപ്പോർട്ട് എന്നീ രചനകളെ ആസ്പദമാക്കിയാണ് ചർച്ച സംഘടിപ്പിച്ചത്.

ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം നിർവഹിച്ചു.

വിജിൽ ഹ്യൂമൻ റൈറ്റ്സ് സംസ്ഥാന അധ്യക്ഷൻ അഡ്വ. ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു.

മുൻ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖർ, മുൻ എംപി അഡ്വ. സെബാസ്റ്റ്യൻ പോൾ, ആർഎസ്എസ് അഖില ഭാരതീയ മുൻ കാര്യകാര്യ സദസ്യൻ എസ്. സേതുമാധവൻ എന്നിവർ പ്രഭാഷണം നടത്തി.

സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. കെ.കെ. അനീഷ് കുമാർ ജില്ലാ പ്രസിഡന്റുമാരായ ജസ്റ്റിൻ ജേക്കബ്, എ.ആർ. ശ്രീകുമാർ, ഗോവ സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ ശ്രീശൈലം ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

പ്രോഗ്രാം കോർഡിനേറ്റർ വിപിൻ പാറമേക്കാട്ടിൽ സ്വാഗതവും, ടോണി റാഫി നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുടയ്ക്കിത് ലഹരി വിമുക്ത ഓണക്കാലം : ലഹരിയോട് വിട പറഞ്ഞ് ഈ ഓണക്കാലം ഒത്തൊരുമിച്ച്”മധുരം ജീവിത”മാക്കി മാറ്റാമെന്ന് മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട : ഈ വർഷത്തെ ഓണം ഇരിങ്ങാലക്കുടക്കാർക്ക് ലഹരി വിമുക്ത “മധുരം ജീവിതം” ഓണമായിരിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.

സമൂഹം നേരിടുന്ന ഏറ്റവും ആപത്ക്കരവും മാരകവുമായ വിപത്തായ ലഹരിക്കെതിരെ ഇരിങ്ങാലക്കുടയിലെ ആബാലവൃദ്ധം ജനതയെ അണിനിരത്തിയാവും ഈ ഓണനാളുകളിൽ ഇരിങ്ങാലക്കുടയുടെ സ്വന്തം ഉത്സവമായ “വർണ്ണക്കുട”യുടെ സ്‌പെഷ്യൽ എഡിഷൻ അരങ്ങേറുക എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുടയിൽ തുടക്കമിട്ട “മധുരം ജീവിതം” ലഹരി വിമുക്തി അവബോധ രൂപീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് “മധുരം ജീവിതം” ലഹരി വിമുക്ത ഓണം സംഘടിപ്പിക്കുന്നത്.

ഓണംകളി മത്സരം, മണ്ഡലത്തിലെ സ്‌കൂൾ- കോളെജ് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ, പൊതുജനങ്ങൾക്കും കുടുംബശ്രീ പോലുള്ള സംഘങ്ങൾക്കും ക്ലബ്ബുകൾക്കും വെവ്വേറെ മത്സരങ്ങൾ എന്നിവയോടെയാണ് ലഹരിമുക്ത ഇരിങ്ങാലക്കുടയ്ക്കായുള്ള “മധുരം ജീവിതം” വർണ്ണക്കുട എഡീഷൻ ഒരുങ്ങുന്നത്.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കെല്ലാം ഇവയിൽ പങ്കാളിത്തമുണ്ടാകും.

ആഗസ്റ്റ് 31ന് പതിനായിരം ബോധവത്ക്കരണ പൂക്കളങ്ങളുമായി ‘പൂക്കാലം’ പരിപാടി ഒരുക്കും.

കലാ- സാംസ്‌കാരിക- ശാസ്ത്ര സംഘടനയായ 0480യുമായി സഹകരിച്ചാണ് “ബ്ലൂം എഗൈൻസ്റ്റ് ഡ്രഗ്സ്” എന്ന ആശയത്തെ മുൻനിർത്തിയുള്ള ബോധവത്ക്കരണ പൂക്കളങ്ങൾ ഒരുക്കുന്നത്.

സെപ്തംബർ ഒന്നിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിലായിരിക്കും രചനാമത്സരങ്ങൾ.

2ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നാടൻപാട്ട് മത്സരം അരങ്ങേറും.

3ന് പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനത്ത് ഓണംകളി മത്സരം നടക്കും.

സ്‌കൂൾ തലത്തിലും കോളെജ്‌ തലത്തിലും പ്രസംഗം, ചിത്രരചന, കഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ മത്സരങ്ങൾ നടക്കും.

സ്‌കൂൾ – കോളെജ് തലങ്ങളിലെ മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് മണ്ഡലംതല മത്സരത്തിൽ മാറ്റുരയ്ക്കുക.

സീനിയർ വിഭാഗക്കാർക്ക് രചനാ മത്സരങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ അവസരം നൽകും.

ഗ്രാമീണ ആവിഷ്‌കാരങ്ങൾക്ക് കൂടുതൽ വേദിയൊരുക്കുന്ന ഈ വർണ്ണക്കുടയിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം നാടൻപാട്ട് മത്സരം ഉണ്ടാകും.

ഗ്രൂപ്പ് ഇന മത്സരങ്ങളിൽ ക്ലബ്ബുകൾ, നാടൻപാട്ട് സംഘങ്ങൾ, കുടുംബശ്രീ സംഘങ്ങൾ, പഞ്ചായത്ത്- നഗരസഭാതല ടീമുകൾ എന്നിവർക്ക് മത്സരിക്കാൻ അവസരമുണ്ടാകും.

മറ്റു ഇനങ്ങളിലും സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗ മത്സരങ്ങൾ ഉണ്ടാകും.

സ്‌കൂൾ, കോളെജ് തല മത്സരങ്ങളിൽ പങ്കെടുക്കുന്നവർ അതാത് സ്ഥാപനങ്ങളിൽ പേരുകൾ നൽകിയാൽ മതിയാകും.

സീനിയർ വിഭാഗം രചനാ മത്സരങ്ങൾ, ഓണംകളി, നാടൻപാട്ട് എന്നിവയ്ക്കുള്ള മത്സരാർത്ഥികൾ ആഗസ്റ്റ് 25ന് മുമ്പായി madhuramjeevitham@gmail.com എന്ന വിലാസത്തിൽ പേരും ഫോൺ നമ്പറും മത്സരിക്കുന്ന ഇനങ്ങളും അറിയിക്കണം.

ഓണംകളി മത്സരത്തിൽ ഒരു ടീമിൽ പതിനഞ്ചു പേരിൽ കുറയാത്ത അംഗങ്ങളും നാടൻപാട്ടിൽ ഏഴുപേരിൽ കുറയാത്ത അംഗങ്ങളും ഉണ്ടാകണം.

മത്സരങ്ങളുടെയും പരിപാടികളുടെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.

ഓണം നാളുകളിൽ ഈ ലഹരിവിമുക്തിയുടെ സന്ദേശം വ്യാപകമാക്കി എത്തിക്കാൻ “മധുരം ജീവിതം” ലഹരിവിമുക്ത ഓണമായി വർണ്ണക്കുട ആഘോഷമൊരുക്കുന്നതിലൂടെ സാധിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

മാളയിൽ നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട : മാളയിൽ നവ വധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

അന്നമനട എടയാറ്റൂർ സ്വദേശി ആലങ്ങാട്ടുകാരൻ വീട്ടിൽ നൗഷാദിന്റെ മകൾ ആയിഷ(23)യെയാണ് കിടപ്പുമുറിയിൽ വ്യാഴാഴ്ച രാവിലെ 7 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജൂലായ് 13നായിരുന്നു വിവാഹം.

ഭർത്താവ് ചേലക്കര സ്വദേശി നീണ്ടൂർ വീട്ടിൽ മുഹമ്മദ് ഇഹ്‌സാൻ ഒരാഴ്ച മുൻപാണ് വിദേശത്തേക്ക് തിരിച്ചുപോയത്.

കാസോക്കു കരാട്ടെ ഇന്ത്യയുടെ പരിശീലകയായ ആയിഷ ചാലക്കുടി പനമ്പിള്ളി കോളെജിലെ പിജി വിദ്യാർഥിയാണ്.

തുടർച്ചയായി സംസ്ഥാന ചാമ്പ്യയായ ഇവർ മാള സൊക്കോർസോ സ്‌കൂൾ, മാള കാർമൽ കോളെജ്, സ്നേഹഗിരി ഹോളി ചൈൽഡ് സ്‌കൂൾ, പാലിശ്ശേരി എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ കരാട്ടെ പരിശീലകയാണ്.

പ്രബന്ധാവതരണ മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ “മഞ്ഞ്” നോവലിനെ അടിസ്ഥാനപ്പെടുത്തി ഹൈസ്കൂൾ തലത്തിൽ പ്രബന്ധാവതരണ മത്സരം സംഘടിപ്പിച്ചു.

മത്സരത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബിപിസി കെ.ആർ. സത്യപാലൻ നിർവഹിച്ചു.

വിദ്യാരംഗം കൺവീനർ സിന്ധു കൃഷ്ണ അധ്യക്ഷത വഹിച്ചു.

ശ്രീലത ടീച്ചർ സ്വാഗതം പറഞ്ഞു.

അധ്യാപകരായ എം.ആർ. സനോജ്, ശശികുമാർ എന്നിവർ വിധികർത്താക്കളായി.

മത്സരത്തിൽ ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂൾ വിദ്യാർഥിനി ബെൻലിയ തെരേസ ഒന്നാം സ്ഥാനം നേടി.