ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ 400 വിഭവങ്ങളുമായി മെഗാ ഓണസദ്യ 25ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ ബികോം ഫിനാൻസ് സ്വാശ്രയ വിഭാഗം ആഗസ്റ്റ് 25ന് ഉച്ചയ്ക്ക് 12 മണിക്ക് കോളെജ് ഓഡിറ്റോറിയത്തിൽ ഗിന്നസ് ലക്ഷ്യവുമായി 400 വിഭവങ്ങളുടെ മെഗാ സദ്യയൊരുക്കുമെന്ന് മാനേജർ റവ. ഫാ. ജോയ് പീണിക്കപറമ്പിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

അവരവരുടെ വീടുകളിൽ നിന്ന് വിദ്യാർഥികളും അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും തയ്യാറാക്കി കൊണ്ടുവരുന്ന വിഭവങ്ങളാണ് മെഗാ സദ്യയിൽ വിളമ്പുന്നത്.

2016, 2017, 2022, 2023 എന്നീ വർഷങ്ങളിലും മെഗാസദ്യ ഒരുക്കിയിരുന്നു. ഇതിൽ 2022ൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടവും നേടിയിരുന്നു.

മെഗാ ഓണസദ്യ പൊതുജന ശ്രദ്ധ ആകർഷിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി 1000 പേർക്കുള്ള സദ്യയും ഒരുക്കിയിട്ടുണ്ട്.

ക്രൈസ്റ്റ് കോളെജ് കൊമേഴ്സ് ഫിനാൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ അന്തർ സർവകലാശാല തലത്തിൽ കോമേഴ്സ് ബിസിനസ് വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ക്രൈസ്റ്റ് കോം ക്വിസ് മത്സരത്തിന്റെ ഗ്രാൻഡ്ഫിനാലെ സെപ്റ്റംബർ 10ന് രാവിലെ 9 മണിക്ക് കോളെജ് ഓഡിറ്റോറിയത്തിൽ അരങ്ങേറും.

65 ടീമുകൾ മത്സരിച്ച റൗണ്ടിൽ നിന്നും 12 ടീമുകളാണ് ഗ്രാൻഡ്ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

വിജയികൾക്ക് ഒന്നാം സമ്മാനമായി 60,000 രൂപയും രണ്ടാം സമ്മാനമായി 30,000 രൂപയും മൂന്നാം സമ്മാനമായി 15,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും നൽകും.

പ്രാഥമിക റൗണ്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ടീമുകളുടെ യാത്രാചെലവും ഭക്ഷണവും താമസവും വഹിക്കുന്നതോടൊപ്പം പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ക്യാഷ് പ്രൈസും ഉണ്ടായിരിക്കും.

പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ്, അസോസിയേറ്റ് പ്രൊഫസർ കെ.ജെ. ജോസഫ്, അധ്യാപകരായ സി.എൽ. സിജി, ഡോ. ലിൻഡ മേരി സൈമൺ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മണ്ണൂർക്കാവ് വനദുർഗ്ഗ പുരസ്കാരം സദനം കൃഷ്ണൻകുട്ടിക്ക്

ഇരിങ്ങാലക്കുട : കൊല്ലം മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൻ്റെ വനദുർഗ്ഗ പുരസ്കാരം കഥകളിയാചാര്യൻ സദനം കൃഷ്ണൻകുട്ടിക്ക്.

മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിനോടനുബന്ധിച്ച് ഏർപ്പെടുത്തിയതാണ് പുരസ്കാരം.

ഞായറാഴ്ച (ആഗസ്റ്റ് 24) വൈകീട്ട് 4 മണിക്ക് മണ്ണൂർക്കാവ് ക്ഷേത്രത്തിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കും.

സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. ആയ്യർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ബി. അജയകുമാർ പുരസ്കാര സമർപ്പണം നടത്തും.

തുടർന്ന് നടക്കുന്ന ഉത്തരാസ്വയംവരം കഥകളിയിൽ സദനം കൃഷ്ണൻകുട്ടി ദുര്യോധനനായി രംഗത്തെത്തും.

യുവാവിനെ ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : യുവാവിനെ ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ച കേസിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി കൈമപറമ്പിൽ വീട്ടിൽ വിഷ്ണു (33) എന്നയാളെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഓടെ കരൂപ്പടന്ന സ്കൂളിന് മുന്നിലാണ് സംഭവം നടന്നത്.

കരൂപ്പടന്ന സ്വദേശി വാക്കാട്ട് വീട്ടിൽ വിനീഷ് കരൂപ്പടന്ന സ്കൂളിൽ നിന്ന് 7 വയസ്സുള്ള കുട്ടിയെ കൊണ്ട് പോകുന്നതിനായി വന്ന സമയം സ്കൂളിന് മുന്നിലെ റോഡിലൂടെ അതിവേഗത്തിൽ ബുള്ളറ്റ് ഓടിച്ച് വന്നിരുന്ന വിഷ്ണുവിനെ കണ്ട് പതുക്കെ പോകാൻ പറഞ്ഞതിലുള്ള വൈരാഗ്യത്തിൽ വിഷ്ണു വിനീഷിനെ ഹെൽമെറ്റ് കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

തൊഴിലന്വേഷകർക്ക് ആശ്വാസമായി നഗരസഭയുടെ പ്രാദേശിക തൊഴിൽമേള

ഇരിങ്ങാലക്കുട : പ്രാദേശിക തൊഴിലവസരങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഇരിങ്ങാലക്കുട നഗരസഭയും കുടുംബശ്രീയും “വിജ്ഞാനകേരളം” പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച “കർമ്മ 2025” തൊഴിൽമേള ശ്രദ്ധേയമായി.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മേള ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുടയിലെ 32ഓളം പ്രാദേശിക സ്ഥാപനങ്ങളാണ് തൊഴിൽ അന്വേഷകർക്കായി മേളയിൽ പങ്കെടുത്തത്.

250ഓളം പ്രാദേശിക ജോലി ഒഴിവുകൾ മേളയിലേക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 400ഓളം പേർ തൊഴിൽമേളയിൽ പങ്കെടുക്കാനായി പേർ രജിസ്റ്റർ ചെയ്തിരുന്നു. ഇവരിൽ 300 ൽ അധികം പേർ മേളയിൽ പങ്കെടുത്തതായി സീനിയർ ഹെൽത്ത് ഇൻസ്പെക്ടറും ജോബ് സ്റ്റേഷൻ കൺവീനറുമായ കെ.ജി. അനിൽ പറഞ്ഞു.

പരമാവധി തൊഴിൽ അന്വേഷകരെ തൊഴിൽമേളയിൽ പങ്കെടുപ്പിക്കാൻ ഫീൽഡിൽ ഇറങ്ങി പ്രചരണം നടത്തിയതായും ഇനിയും ഈ പ്രവർത്തനം ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്നും എല്ലാവർക്കും തൊഴിൽ എന്ന സ്വപ്നത്തിലേക്ക് എത്താൻ പ്രയത്നിക്കുമെന്നും ഡി.ഡബ്ല്യു.എം.എസ്. കമ്മ്യൂണിറ്റി അംബാസിഡർമാരായ സരിത, വിജിത എന്നിവർ പറഞ്ഞു.

ഓണത്തിന് മുൻപായി 250ഓളം തൊഴിൽരഹിതർക്ക് തൊഴിൽ നേടിക്കൊടുക്കുക എന്ന ലക്ഷ്യമാണ് ഈ മേളയ്ക്ക് ഉള്ളതെന്ന് സി.ഡി.എസ്. 1 മെമ്പർ സെക്രട്ടറി സജിത പറഞ്ഞു.

അന്താരാഷ്ട്ര ഫോക്‌ലോർ ദിനാചരണം

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ഫോക്‌ലോർ ദിനാചരണത്തിന്റെ ഭാഗമായി കെ.കെ.ടി.എം. ഗവ. കോളെജിൽ മലയാളം വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യമേളയും വില്പനയും സംഘടിപ്പിച്ചു.

ഭക്ഷ്യമേള പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി.കെ. ബിന്ദു ശർമിള ഉദ്ഘാടനം ചെയ്തു.

എംഎ വിദ്യാർഥികളുടെ ഫോക് ക്വിസ് മത്സരവും തദവസരത്തിൽ നടന്നു.

വിദ്യാർഥികൾ പാകം ചെയ്ത നാടൻ പലഹാരങ്ങളും ഭക്ഷ്യവസ്തുക്കളും മേളയിൽ വിതരണം ചെയ്തു.

കോമൺവെൽത്ത് ഗെയിംസിൽ സെന്റ് ജോസഫ്സ് കോളെജിൻ്റെ തിലകക്കുറിയാകാൻ അമൃത പി. സുനി

ഇരിങ്ങാലക്കുട : കോമൺവെൽത്ത് ജൂനിയര്‍ ഗെയിംസിനുള്ള ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിംഗ് ടീമിലേക്ക് കേരളത്തിൽ നിന്നുള്ള ഏക താരമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ് ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനി അമൃത പി. സുനി ഇടംനേടി.

കഴിഞ്ഞ വർഷം ഉസ്ബക്കിസ്ഥാനില്‍ നടന്ന ഏഷ്യൻ യൂത്ത്- ജൂനിയർ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അമൃത വെങ്കലമെഡൽ നേടിയിരുന്നു. ഈ മത്സരത്തില്‍ കേരളത്തിൽ നിന്ന് അന്തർദേശീയ തലത്തിൽ മെഡൽ നേട്ടം കൈവരിച്ച ഏക വനിതാ താരമാണ് അമൃത.

ഇതിനോടൊപ്പം ആറ് ദേശീയ മത്സരങ്ങളിൽ സ്വർണം നേടിയാണ് അമൃത കോമൺ വെൽത്ത് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയത്.

തൃശൂർ സ്വദേശികളായ പള്ളിമാക്കൽ സുനി, രജിത ദമ്പതികളുടെ മകളാണ് അമൃത.

അച്ഛൻ്റെ ശിക്ഷണത്തിലൂടെ വളർന്ന അമൃത തൃശൂര്‍ സായ് സെന്‍ററിലാണ് പഠിച്ചത്.

സ്കോളർഷിപ്പോടെ ലഖ്നൗവിലെ നാഷണൽ സെൻ്റർ ഓഫ് എക്സലൻസില്‍ അമൃത പരിശീലനം നേടുകയും അവിടെ നിന്നും പട്യാലയിലെ ഇന്ത്യന്‍ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

നിരവധി അന്തർദേശീയ താരങ്ങളെ കേരളത്തിന്‌ സംഭാവന ചെയ്തിട്ടുള്ള സെന്റ് ജോസഫ്സ് കോളെജിന് അമൃതയുടെ ഈ നേട്ടം മറ്റൊരു ചരിത്രം കൂടിയാണ്.

വ്യക്തിഗത ഇനത്തിൽ കേരളത്തിൽ നിന്നും ഒളിമ്പിക് മെഡൽ നേടുക എന്നതാണ് അമൃതയുടെ ഏറ്റവും വലിയ ലക്ഷ്യം.

അഹമ്മദബാദിൽ ഈ മാസം 24നാണ് കോമൺവെൽത്ത് ഗെയിംസ് ആരംഭിക്കുന്നത്.

മത്സരത്തിൽ അമൃതയുടെ മെഡൽ നേട്ടത്തിനായി സെൻ്റ് ജോസഫ്സ് കോളെജും കുടുംബവും നിറപ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

സുബ്രതോ കപ്പ് ഇൻ്റർനാഷണൽ ടൂർണമെന്റ് : ക്വാർട്ടർ ഫൈനലിലേക്ക് ജയിച്ചു കയറി എൽ.ബി.എസ്.എം. സ്കൂൾ ടീം

ഇരിങ്ങാലക്കുട : ഡല്‍ഹിയില്‍ വച്ച് നടക്കുന്ന സുബ്രതോ കപ്പ് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് കളിക്കുന്ന അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂളിലെ പെൺപട ഉത്തരാഖണ്ഡിനെതിരെ 2 ഗോളുകള്‍ക്ക് വിജയിച്ചുകൊണ്ട് പൂൾ ചാമ്പ്യന്മാരായി ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു.

സെന്റ് ജോസഫ്സ് കോളെജിൽ എസ്‌.ജെ.സി. സ്കിൽ സെന്റർ

ഇരിങ്ങാലക്കുട : നൈപുണ്യ വികസനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കരിക്കുലത്തിന്റെ ഭാഗമാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിൽ എസ്‌.ജെ.സി. സ്കിൽ സെന്റർ പ്രവർത്തനം ആരംഭിച്ചു.

കെ.പി.എൽ. നിർമൽ കോക്കനട്ട് ഓയിൽ ഉടമയും ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യവസായിയുമായ പോൾ ജെ. കണ്ടംകുളത്തി ഉദ്ഘാടനം നിർവഹിച്ചു.

പഠനത്തോടൊപ്പം വിദ്യാർഥികൾ തൊഴിൽ നൈപുണി ആർജ്ജിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇരിങ്ങാലക്കുടയിലെ പൗരപ്രമുഖനും പ്രവാസി വ്യവസായിയുമായ നിസാർ അഷ്‌റഫ്‌, ക്വാളിറ്റി നെസ്റ്റ് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായ എൽ. ബാലമുരളി, പി.ടി.എ. പ്രസിഡൻ്റ് ഗോപകുമാർ, അലുമിനി, ഐ.ക്യു.എ.സി., ഐ.ഇ.ഡി.സി., ഐ.ഐ.സി., എൻ.എസ്‌.എസ്‌., എൻ.സി.സി., എച്ച്.ആർ.ഡി. കോർഡിനേറ്റർമാർ, അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു.

ഐ.ഇ.ഡി.സി. കോർഡിനേറ്റർ ഡെയ്സി വിഷയാവതരണം നടത്തി.

ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ടി.വി. ബിനു സ്വാഗതവും എസ്‌.ജെ.സി. സ്കിൽ സെൻ്റർ ക്യാമ്പസ് ഡയറക്ടറും മാനേജ്മെൻ്റ് വിഭാഗം അധ്യാപികയുമായ ടി.ജെ. റീജോ നന്ദിയും പറഞ്ഞു.

നിര്യാതനായി

ചാക്കുണ്ണി

ഇരിങ്ങാലക്കുട : പരേതനായ ചിറയത്ത് കൊറിയൻ കൊച്ചുവറീത് മകൻ ചാക്കുണ്ണി (83) നിര്യാതനായി.

സംസ്കാരം വെള്ളിയാഴ്ച (ആഗസ്റ്റ് 22) രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : ആനി ചാക്കുണ്ണി

മക്കൾ : ലിജി, ഷിജി, ലിംസി

മരുമക്കൾ : ജോഫി, ജോൺസൺ, റിച്ചാർഡ്

ആക്രിയും പണമാക്കി വിയ്യൂർ സെൻട്രൽ ജയിൽ

ഇരിങ്ങാലക്കുട : ഹരിത കർമ്മസേനയ്ക്ക് പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ടുപോകാനായി പ്രതിമാസം 1500 രൂപ യൂസർ ഫീ നൽകിയിരുന്ന വിയ്യൂർ സെൻട്രൽ ജയിലിൽ അതേ വേസ്റ്റ് ശാസ്ത്രീയമായി വേർതിരിച്ച്, പേരെഴുതി ടാഗ് ചെയ്ത് ചാക്കിലാക്കി ക്ലീൻ കേരള കമ്പനിക്കു വിൽപ്പന നടത്തിയപ്പോൾ സർക്കാരിന് മറ്റൊരു വരുമാന മാർഗ്ഗം കൂടിയായി.

ജൂൺ 5ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഫ്ലാഗ് ഓഫ് ചെയ്ത് നടത്തിയ ആദ്യ വില്പനയിൽ 800 കിലോഗ്രാമിന് 3800 രൂപയാണ് വിലയായി ലഭിച്ചെതെങ്കിൽ ഈ മാസം വേർതിരിച്ച പ്ലാസ്റ്റിക് വേസ്റ്റിനു ലഭിച്ചത് 14,500 രൂപയാണ്.

ഇതിനു പുറമേ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും വില്പന നടത്തി പണമായി മാറ്റിയ കണക്കുകൾ കണ്ടാലും മൂക്കത്ത് വിരൽ വെയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല.

തടവുകാരുടെ കാൻ്റീൻ വഴി വിൽക്കുന്ന ഫ്രീഡം ബിരിയാണി വാഴയില പൊതിയിലാണ് നൽകുന്നത്. ജയിൽ കൃഷിതോട്ടത്തിലെ വാഴയില 2 രൂപ നിരക്കിലാണ് ഫുഡ് യൂണിറ്റിനു നൽകുന്നത്. ഈ ഇനത്തിൽ മാത്രം 55,000 രൂപയാണ് സർക്കാരിനു വരുമാനമായി ചലാനടച്ചത്.

ബിരിയാണി യൂണിറ്റിലേക്കു മാർക്കറ്റിൽ നിന്നും വാങ്ങിയിരുന്ന കറിവേപ്പില ഇപ്പോൾ ജയിൽ കൃഷി തോട്ടത്തിൽ നിന്നും ലഭ്യമാക്കിയതിലൂടെ പ്രതിമാസം 1000 രൂപ ലാഭമായി.

ബാക്കിവരുന്ന പ്ലാസ്റ്റിക് ചാക്കുകൾ ചെറു സഞ്ചികളാക്കി 10 രൂപ നിരക്കിൽ ജയിൽ ഫുഡ് വിൽപ്പന കൗണ്ടറിലൂടെ ആവശ്യക്കാർക്ക് വിറ്റഴിച്ച ഇനത്തിൽ 10,000 രൂപയിലധികം ലഭിച്ചു.

2 രൂപ ലഭിക്കുന്ന ഒരു പ്ലാസ്റ്റിക്ക് ചാക്കിൽ നിന്നും 4 ചെറു ക്യാരി ബാഗുകൾ ഉണ്ടാക്കി 40 രൂപയുടെ വരുമാനമാക്കി.

ജയിൽ കൈത്തറി യൂണിറ്റിലെ കോട്ടൺ വേസ്റ്റ് വർക്കു ഷോപ്പുകൾ, പോളിടെക്നിക്ക് ലാബുകൾ എന്നിവിടങ്ങളിലേക്ക് വില്പന നടത്തി 18,000 രൂപ വരുമാനം നേടി.

ഫ്രീഡം പെട്രോൾ പമ്പിൽ ബൈക്കുകൾ ലൂബ്രിക്കേഷൻ ഓയിൽ ചേഞ്ച് ചെയ്യുമ്പോൾ ബാക്കിയാവുന്ന പഴയ ഓയിൽ വില്പനയിലൂടെ 42,000 രൂപ ലഭിച്ചു.

കൂടാതെ ഫ്രീഡം ഫുഡ് യൂണിറ്റിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 3 ലക്ഷം രൂപയാണ് പാക്കിങ് മെറ്റീരിയൽ ഇനത്തിൽ ലാഭിച്ചത്.

ചപ്പാത്തി 10നു പകരം 20 എണ്ണം വീതം പാക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ പ്രതിദിനം 500ലധികം പാക്കറ്റുകൾ വിറ്റു പോകുമ്പോൾ 500 കവറുകൾ ലാഭിച്ചു.

ബിരിയാണി തടവുകാരുടെ കാൻ്റീനിൽ വാഴയില പൊതിയിൽ നൽകുമ്പോൾ പ്രതിമാസം 2000 അലുമിനിയം ഫോയിൽ പാക്കറ്റിൻ്റെ പണവും ലാഭിച്ചു.