ഇരിങ്ങാലക്കുട : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടൗൺ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സമർപ്പിച്ച പ്രമേയം അജണ്ടകൾക്ക് മുൻപേ കൗൺസിലിൽ അവതരിപ്പിക്കാൻ ചെയർപേഴ്സൺ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധത്തിൽ മുങ്ങി കൗൺസിൽ യോഗം.
ഒരു ഭാഗത്ത് കരുവന്നൂരും മറുഭാഗത്ത് ഇരിങ്ങാലക്കുടയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിഷയത്തിൽ അന്വേഷണം വേണമെന്നും തങ്ങൾ സമർപ്പിച്ച പ്രമേയം കൗൺസിൽ അംഗീകരിക്കണമെന്നും ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടു.
എന്നാൽ മുനിസിപ്പൽ ആക്ട് പ്രകാരം 7 ദിവസം മുൻപെങ്കിലും പ്രമേയം സമർപ്പിക്കണം എന്നാണ് നിയമം. ബിജെപിയുടെ പ്രമേയം കഴിഞ്ഞ ദിവസമാണ് തനിക്ക് ലഭിച്ചതെന്നും നമ്മുടെ അധികാരപരിധിയിൽ പെടുന്ന വിഷയമല്ലാത്തതിനാൽ ചെയർപേഴ്സന്റെ വിവേചനാധികാരം ഉപയോഗിച്ച് പ്രമേയം അംഗീകരിക്കുന്നില്ലെന്നും ചെയർപേഴ്സൺ അറിയിക്കുകയായിരുന്നു.
ഇതിനിടയിൽ പൊതുകാര്യപ്രസക്തമായ പ്രമേയം അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് എൽഡിഎഫ് കൗൺസിലർമാരും ആവശ്യപ്പെട്ടു.
കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ ഭരണപക്ഷം ഇത്തരമൊരു നിലപാടല്ലല്ലോ എടുത്തത് എന്നതിനെ ചൊല്ലി മാർട്ടിൻ ആലേങ്ങാടനും രംഗത്തെത്തി.
ബഹളത്തിനിടയിൽ തന്നെ അജണ്ടകൾ വായിക്കുകയും പാസാക്കുകയും ചെയ്തു.
നഗരസഭ എൻജിനീയറിങ് വിഭാഗം സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ 10 ലക്ഷം രൂപയുടെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് നഗരസഭ മുൻസിപ്പൽ പാർക്കിൽ ഓപ്പൺ ജിം സ്ഥാപിക്കുന്നത് സംബന്ധിച്ച അജണ്ട കൗൺസിൽ അംഗീകാരം നേടി.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷീ ലോഡ്ജിന്റെ നടത്തിപ്പ് 3 വർഷത്തേക്ക് 18 ലക്ഷം രൂപയ്ക്ക് ഡെസിൻ സണ്ണി ചിറ്റിലപ്പിള്ളി എന്നയാൾ ഏറ്റെടുത്തു. എന്നാൽ ഈ തുക 3 ഗഡുക്കളായാണ് നഗരസഭയ്ക്ക് നൽകുക എന്നത് സംബന്ധിച്ച് എൽഡിഎഫ് പ്രതിഷേധം അറിയിച്ചു.
ടേക്ക് എ ബ്രേക്കിന്റെ സ്ഥിതി തന്നെയാകും ഷീ ലോഡ്ജിനും എന്നും ഗഡുക്കളായി പണം വാങ്ങുന്നതിനാൽ ലാഭകരമല്ലെങ്കിൽ കക്ഷികൾ നടത്തിപ്പ് ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്നും നഗരസഭ തന്നെ നേരിട്ട് നടത്തുന്നതാണ് നല്ലതെന്നും പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആർ. വിജയ പറഞ്ഞു.
3 വർഷവും വർഷത്തിന്റെ തുടക്കം തന്നെ പണം വാങ്ങുന്ന രീതിയിൽ കൃത്യമായ കരാർ പ്രകാരമാണ് നടത്തിപ്പുകാർക്ക് ഷീ ലോഡ്ജ് വിട്ടുനൽകുന്നതെന്ന് ചെയർപേഴ്സനും വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടനും മറുപടി നൽകി.
നഗരസഭ 4, 38, 22 വാർഡുകളിലെ റോഡുകളുടെ റീ ടാറിങ് നടത്തിയതിനു പിന്നാലെ ടാറിങ് മഴയിൽ പൊളിഞ്ഞു പോയതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണെന്നും അന്വേഷണം വേണമെന്നും കൗൺസിലർമാർക്കെതിരെ ശക്തമായ അഴിമതി ആരോപണങ്ങൾ ഉയരുന്നുണ്ടെന്നും പ്രസ്തുത വാർഡുകളിലെ കൗൺസിലർമാരായ കെ.ആർ. ലേഖ, അൽഫോൻസ തോമസ്, അവിനാഷ് എന്നിവർ പറഞ്ഞു.
പലയിടത്തും നിർമ്മാണത്തെ തുടർന്ന് റോഡ് ഉയർന്നു നിൽക്കുന്നതിനാൽ വെള്ളക്കെട്ട് രൂക്ഷമാകുന്നതിന് കാരണം നഗരസഭയാണ് എന്ന ആരോപണവും ശക്തമാണെന്ന് സുജ സഞ്ജീവ്കുമാർ ചൂണ്ടിക്കാട്ടി.
മെയ് 20ന് ശേഷം പല വാർഡുകളിലും നിർത്തിവച്ചിരിക്കുന്ന നിർമ്മാണ പ്രവർത്തികൾ പുനരാരംഭിച്ചിട്ടില്ലെന്നും വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സുജ സഞ്ജീവ്കുമാർ ആവശ്യപ്പെട്ടു.
മഴക്കാലമാണെങ്കിലും ചെയ്യാൻ പറ്റുന്ന ടൈൽ വർക്ക്, സൈഡ് വാൾ നിർമ്മാണം, കാന നിർമ്മാണം തുടങ്ങിയവ തുടരണമെന്നും പല കോൺട്രാക്ടർമാരും വിളിച്ചാൽ പ്രതികരിക്കുന്നില്ലെന്നും സി.സി. ഷിബിൻ ആരോപിച്ചു.
അമൃത് പദ്ധതി പ്രകാരം പൊളിച്ച റോഡുകൾ എന്ന് റീടാറിംഗ് നടത്തുമെന്ന വിഷയത്തിൽ ചെയർപേഴ്സൺ ഇടപെടണമെന്ന് അഡ്വ. ജിഷ ജോബിയും ആവശ്യപ്പെട്ടു.
17 അജണ്ടകളുമായി ചേർന്ന കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.