രാസലഹരിക്കെതിരെ രജതനിറവ് വാക്കത്തോൺ

ഇരിങ്ങാലക്കുട : സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് രാസലഹരിക്കെതിരെ രജത നിറവ് വാക്കത്തോൺ സംഘടിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ എന്നിവർ അമേരിക്കൻ പൊലിസ് ഓഫീസർ തോമസ് ഫ്രാങ്ക്ളിൻ റോക്കിന് പതാക കൈമാറി വാക്കത്തോൺ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സിനിമ താരം ക്ലയർ സി. ജോൺ മുഖ്യാതിഥിയായിരുന്നു.

സ്കൂൾ പ്രിൻസിപ്പൽ പി. ആൻസൻ ഡൊമിനിക്ക് അധ്യക്ഷത വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, ഫൈനാൻസ് കമ്മറ്റി ചെയർമാൻ ആന്റണി ജോൺ കണ്ടംകുളത്തി, കൺവീനർ ലിംസൺ ഊക്കൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ, ജോമി ചേറ്റുപുഴക്കാരൻ എന്നിവർ പ്രസംഗിച്ചു.

കത്തീഡ്രൽ പള്ളിയങ്കണത്തിൽ നിന്ന് സ്കേറ്റിങ്ങ് കുട്ടികളുടെയും പതാകയേന്തിയ 25 ബുള്ളറ്റുകളുടെയും അകമ്പടിയോടു കൂടി രാസലഹരിക്കെതിരെയും സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ രജത ജൂബിലി വിളംബരമായും നടത്തിയ വാക്കത്തോൺ ചന്തക്കുന്ന്, ചന്ദ്രിക ജംഗ്ഷൻ, മുനിസിപ്പൽ മൈതാനം, പ്രൊവിഡൻസ് ഹൗസ്, ഠാണാ ചുറ്റി സ്കൂളിൽ തിരിച്ചെത്തി.

തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇരിമ്പൻ, സ്കൂൾ ലീഡർ ക്രിസ്റ്റഫർ, സ്റ്റാഫ് സെക്രട്ടറി ജിംസൺ ജോർജ്ജ്, ഫസ്റ്റ് അസിസ്റ്റൻ്റ് എം.ജെ. ഷീജ, അധ്യാപകരായ പാർവതി, മായ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നാഷണൽ സർവീസ് സ്കീം വിദ്യാർഥികളുടെ തുടി എന്ന ഫ്ലാഷ് മോബും അരങ്ങേറി.

പ്രശസ്ത ഫിസിക്കൽ എജ്യൂക്കേഷൻ ഇൻസ്ട്രക്ടർ ജെനിൽ മാസ്റ്ററുടെ നേതൃത്വത്തിൽ വാം അപ് പരിശീലനവും ഉണ്ടായിരുന്നു.

സാഫ് ഗെയിംസ് വിന്നർ ഇ.എച്ച്. അബ്ദുള്ള, കത്തീഡ്രൽ ട്രസ്റ്റിമാരായ പി.ടി. ജോർജ്ജ്, സാബു ജോർജ്ജ്, അഡ്വ. എം.എം. ഷാജൻ എന്നിവർ നേതൃത്വം നൽകി.

വിശിഷ്ടാതിഥികളും, പൗരപ്രമുഖരും, വിദ്യാർഥികളും, മാതാപിതാക്കളും, അധ്യാപകരും, നാട്ടുകാരും ഉൾപ്പെടെ ആയിരത്തോളം പേർ വാക്കത്തോണിൽ പങ്കെടുത്തു.

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മേഖലയിൽ പെട്ട വിവിധ റെസിഡൻ്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ സഞ്ജീവനി ആയുർവേദ ക്ലിനിക്ക് നമ്പൂതിരീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

കൗൺസിലർ സിജു യോഹന്നാൻ, സംഗമേശ്വര റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഹരികുമാർ തളിയക്കാട്ടിൽ, മണ്ണാത്തിക്കുളം റോഡ് റെസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് എ.സി. സുരേഷ്, എം ജി റോഡ് റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ടി. വേണുഗോപാൽ, സൗഹൃദ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി. ജയചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

സഞ്ജീവനി ആയുർവേദ ക്ലിനിക് ചീഫ് ഫിസിഷ്യൻ ഡോ. എം. ഇന്ദിരാദേവി സ്വാഗതവും, ഡോ. കെ.പി. സുധീർ നന്ദിയും പറഞ്ഞു.

മൂന്നാം വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കരൂപ്പടന്ന സ്വദേശിനി സഹ്റ ഫാത്തിമ ജാസിം

ഇരിങ്ങാലക്കുട : ഒരു മിനിറ്റ് മൂന്ന് സെക്കൻഡ് കൊണ്ട് അന്താരാഷ്ട്ര തലത്തിലുള്ള 27 കാറുകളുടെ പേരുകൾ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് ബഹ്റൈൻ പ്രവാസി ദമ്പതികളുടെ മൂന്നു വയസ്സുകാരിയായ മകൾ സഹ്റ ഫാത്തിമ ജാസിം.

ഇരിങ്ങാലക്കുടയ്ക്കടുത്ത് കരൂപ്പടന്ന സ്വദേശി ജാസിമിന്റെയും സുനിതയുടെയും മകൾ സഹ്റ ഫാത്തിമ ജാസിമാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്.

ലാപ്ടോപ്പ് സ്ക്രീനിൽ കാറുകളുടെ ചിത്രം നോക്കിയാണ് സഹ്റ കാറുകളുടെ പേര് പറഞ്ഞ് റെക്കോർഡ് കരസ്ഥമാക്കിയത്.

2022 ആഗസ്റ്റ് 15ന് ബഹ്റൈനിലാണ് സഹ്റയുടെ ജനനം. ടാൾറോപ്പ് ഇക്കോസിസ്റ്റം കമ്പനിയുടെ ബഹ്റൈൻ ഡിവിഷൻ ഹെഡ് ആയ ജാസിമും, സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈനു കീഴിലുള്ള ഒരു കമ്പനിയിൽ മാനേജറായ സുനിതയും സ്ഥിരമായി യാത്ര ചെയ്യുന്നവരാണ്.

യാത്രാവേളകളിൽ മകൾ സഹ്റക്ക് രണ്ട് വയസ്സ് മുതൽ കാറുകൾ കാണുമ്പോൾ പേര് പറഞ്ഞു കൊടുക്കുമായിരുന്നു. ജാസിമിൻ്റെ കുവൈത്തിലുള്ള സുഹൃത്ത് കുടുംബത്തോടൊപ്പം ഇടക്കിടക്ക് ബഹ്റൈനിൽ വരുമ്പോൾ സഹ്റയെയും കാറിൽ കയറ്റി കറങ്ങും. ഇങ്ങിനെയാണ് സഹ്റക്ക് കാറിനോട് കമ്പമായത്.

കാറിൻ്റെ പേരു ചോദിച്ച് മനസ്സിലാക്കി പിന്നീട് അത് ഓർത്തു പറയുന്നത് ശീലമായി.

ജാസിമിന്റെയും സുനിതയുടെയും മാതാപിതാക്കൾ ബഹ്റൈനിലായിരുന്നതുകൊണ്ട് ഇരുവരുടെയും കുട്ടിക്കാലം ബഹ്റൈനിലായിരുന്നു.

കേവലം മൂന്നു വയസ്സു മാത്രം പ്രായമുള്ള കുട്ടി ഇങ്ങനെയൊരു റെക്കോർഡ് കരസ്ഥമാക്കുന്നത് ആദ്യമാണ്. അതിന്റെ സന്തോഷത്തിലാണ് വീട്ടുകാരും സുഹൃത്തുക്കളും.

കരൂപ്പടന്ന ജെ.ആൻഡ്.ജെ. സീനിയർ സെക്കൻഡറി ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെയർമാൻ വീരാൻ പി. സെയ്തിൻ്റെ മകനാണ് സഹ്റയുടെ പിതാവ് ജാസിം.

കണ്ഠേശ്വരം ക്ഷേത്രത്തിലെ ഇല്ലംനിറ 29ന്

ഇരിങ്ങാലക്കുട : കണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിലെ ഇല്ലംനിറ 29ന് നടക്കും.

കണ്ഠേശ്വരം സെന്ററിൽ നിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നെൽക്കതിരുകൾ ക്ഷേത്രത്തിൽ എത്തിച്ച് തന്ത്രി നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ 9.35 മുതലാണ് ഇല്ലംനിറ ചടങ്ങുകൾ നടക്കുക.

കനാൽ ബേസിൽ ചത്ത പട്ടിക്കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചു ; കടിയേറ്റത് 3 പേർക്ക്

ഇരിങ്ങാലക്കുട : നഗരസഭ 21-ാം വാർഡിലെ കനാൽ ബേസിൽ കഴിഞ്ഞ ദിവസം ചത്ത പട്ടിക്കുട്ടിക്ക് പേവിഷബാധ ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

പട്ടിക്കുട്ടി പ്രദേശവാസികളായ 3 പേരെ കടിച്ചിട്ടുണ്ട്. ഇതോടെ സമീപവാസികൾ പരിഭ്രാന്തിയിലാണ്.

തിങ്കളാഴ്ചയാണ് പട്ടിക്കുട്ടി 3 പേരെ കടിച്ചത്. പിന്നീട് വൈകുന്നേരത്തോടെ പട്ടിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

തൃശൂർ വെറ്റിനറി ആശുപത്രിയിലാണ് ചത്ത പട്ടിക്കുട്ടിയുടെ പോസ്റ്റ്മോർട്ടം നടപടികൾ നടത്തിയത്.

കിണറ്റിൽ വീണ വയോധികയ്ക്ക് രക്ഷകരായി അഗ്നിരക്ഷാസേന

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറയിൽ കിണറ്റിൽ വീണ ചിറയിൽ വീട്ടിൽ ഹീരലാലിന്റെ സഹോദരി മെഹരുന്നീസ(62)യ്ക്ക് രക്ഷകരായി ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന.

കിണറ്റിൽ വീണ മെഹരുന്നിസയെ അഗ്നിരക്ഷാസേന എത്തുംവരെ സഹോദരൻ ഹീരലാൽ കിണറ്റിലിറങ്ങി പിടിച്ചു കിടന്നു.

സേന ഉദ്യോഗസ്ഥനായ അനീഷ് ആണ് കിണറ്റിലിറങ്ങി നെറ്റിന്റെയും റോപ്പിന്റെയും സഹായത്താൽ ഇരുവരെയും കരയ്ക്ക് കയറ്റിയത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുധന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജയൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ദിലീപ്, ശ്രീജിത്ത്‌, ശിവപ്രസാദ്, സന്ദീപ്, മണികണ്ഠൻ, ഹോം ഗാർഡ്മാരായ ജൈജോ, ലിസ്സൻ, സുഭാഷ് എന്നിവരും രക്ഷാദൗത്യത്തിൽ ഉണ്ടായിരുന്നു.

മന്ത്രി ആർ. ബിന്ദുവിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി കോൺഗ്രസ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ തകർന്നടിഞ്ഞ റോഡുകൾ നന്നാക്കുക, തൃശൂർ – കൊടുങ്ങല്ലൂർ പാതയുടെ നിർമ്മാണത്തിന്റെ മെല്ലെ പോക്ക് അവസാനിപ്പിക്കുക, ഠാണാവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇരിങ്ങാലക്കുട – കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

പൂതംകുളം മൈതാനിയിൽ നിന്നും ആരംഭിച്ച മാർച്ച് കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട് ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.

കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷാറ്റൊ കുര്യൻ സ്വാഗതം പറഞ്ഞു.

ഡിസിസി സെക്രട്ടറിമാരായ ആൻ്റോ പെരുമ്പിള്ളി, കെ.കെ. ശോഭനൻ, അഡ്വ. സതീഷ് വിമലൻ, മണ്ഡലം പ്രസിഡൻ്റുമാരായ അബ്ദുൽ ഹഖ്, ബാബു തോമസ്, ശശികുമാർ ഇടപ്പുഴ, എ.പി. വിൽസൺ, എൻ. ശ്രീകുമാർ, എ.ഐ. സിദ്ധാർത്ഥൻ, പി.കെ. ഭാസി, സാജു പാറേക്കാടൻ എന്നിവർ പ്രസംഗിച്ചു.

ബ്ലോക്ക് – മണ്ഡലം ഭാരവാഹികൾ, പോഷക സംഘടനകളുടെ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

എൻ.എസ്.എസ്.താലൂക്ക് യൂണിയൻ അത്തപ്പൂക്കളമത്സരം : കാടുകുറ്റി കരയോഗം ജേതാക്കൾ

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ്. യൂണിയൻ്റെ ആഭിമുഖ്യത്തിൽ അത്തം നാളിൽ നടത്തിയ പൂക്കളമത്സരത്തിൽ കൊരട്ടി മേഖലയിലെ കാടുകുറ്റി കരയോഗം ജേതാക്കളായി. 7500 രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് സമ്മാനം.

രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കോടാലി മേഖലയിലെ കുറ്റിച്ചിറ കരയോഗത്തിനാണ് 5000 രൂപയും ഫലകവും സർട്ടിഫിക്കറ്റും മൂന്നാമതെത്തിയ കുഴൂർ മേഖലയിലെ ഐരാണിക്കുളം കരയോഗത്തിന് 2500 രൂപയും ഫലകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകി.

പങ്കെടുത്ത മുഴുവൻ കരയോഗങ്ങൾക്കും പ്രോത്സാഹന സമ്മാനമായി ക്യാഷ് അവാർഡ് നൽകി.

താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി സമ്മാനങ്ങൾ വിതരണം ചെയ്തു.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം നന്ദൻ പറമ്പത്ത് നന്ദിയും പറഞ്ഞു.

പ്രോഗ്രാം കോർഡിനേറ്റർ ആർ. ബാലകൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ സുനിൽ കെ. മേനോൻ, എ.ജി. മണികണ്ഠൻ, സി. വിജയൻ, പി.ആർ. അജിത്കുമാർ, എൻ. ഗോവിന്ദൻകുട്ടി, രവി കണ്ണൂർ, കെ. രാജഗോപാലൻ, പ്രതിനിധി സഭാംഗങ്ങളായ സി.ബി. രാജൻ, എസ്. ഹരീഷ്കുമാർ, കെ.ആർ. മോഹനൻ, കെ.ബി. ശ്രീധരൻ, യൂണിയൻ ഇലക്ട്രറൽ റോൾ മെമ്പർ എം. ശ്രീകുമാർ, വനിതാ യൂണിയൻ വൈസ് പ്രസിഡൻ്റ് ചന്ദ്രിക സുരേഷ്, അംഗങ്ങളായ സ്മിത ജയകുമാർ, ശ്രീദേവി മേനോൻ, രമ ശിവൻ, മായ നന്ദകുമാർ, യൂണിയൻ ഇൻസ്പെക്ടർ ബി. രതീഷ് തുടങ്ങിയവർ പങ്കെടുത്തു.

നിര്യാതയായി

മേരി

ഇരിങ്ങാലക്കുട : മാർക്കറ്റ് ലിങ്ക് റോഡിൽ പ്ലാശ്ശേരി ചുക്കിരിയാൻ പോൾ ഭാര്യ മേരി (മറിയംകുട്ടി- 91) നിര്യാതയായി.

സംസ്കാരം ബുധനാഴ്ച (ആഗസ്റ്റ് 27) ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

മക്കൾ : ഷീബ, ആന്റോ, വർഗ്ഗീസ് കുട്ടി

മരുമക്കൾ : ജോർജ്ജ്, ലീമ, ലാന്റി