സെപ്തംബർ 7ന് ശ്രീനാരായണഗുരു ജയന്തി ആഘോഷം വിപുലമായി സംഘടിപ്പിക്കാൻ ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ്. സമാജം, എസ്.എൻ.വൈ.എസ്., എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ, ടൗൺ 1, 2 മേഖലയിൽ ഉൾപ്പെടുന്ന ശാഖായോഗങ്ങൾ, ഇരിങ്ങാലക്കുടയിലെ ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ 171-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി സെപ്തംബർ 7ന് ഇരിങ്ങാലക്കുടയിൽ വർണ്ണ ശബളമായ ഘോഷയാത്രയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

പൊതുസമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.

ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിക്കും.

എസ്.എൻ.ബി.എസ്. സമാജം പ്രസിഡൻ്റ് കിഷോർകുമാർ നടുവളപ്പിൽ, സെക്രട്ടറി വിശ്വംഭരൻ മുക്കുളം, ഖജാൻജി വേണു തോട്ടുങ്ങൽ, എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം, സെക്രട്ടറി കെ.കെ. ചന്ദ്രൻ, ജോയിൻ്റ് സെക്രട്ടറി ദിനേശ് എളന്തോളി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കണ്ഠേശ്വരത്തപ്പൻ്റെ കന്നി ഇല്ലംനിറ ഭക്തിസാന്ദ്രം

ഇരിങ്ങാലക്കുട : കണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിസാന്ദ്രമായി. ഇതാദ്യമായാണ് ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിക്കുന്നത്.

കണ്ഠേശ്വരം സെന്ററിൽ നിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നെൽക്കതിരുകൾ ക്ഷേത്രത്തിൽ എത്തിച്ച് തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ഇല്ലംനിറ ചടങ്ങുകൾ നടന്നത്.

തിരുവോണ പിറ്റേന്ന് ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ പുലിക്കളി ആഘോഷം

ഇരിങ്ങാലക്കുട : ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ തിരുവോണ പിറ്റേന്ന് പുലിക്കളി ആഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

2019 മുതല്‍ അതിഗംഭീരമായി സംഘടിപ്പിച്ചു വരുന്ന പുലിക്കളി കൂടുതല്‍ വര്‍ണ്ണാഭമാക്കിയാണ് ഇത്തവണ അണിയിച്ചൊരുക്കുന്നത്.

സെപ്തംബർ 6ന് ഉച്ചതിരിഞ്ഞ് 2.30ന് ടൗണ്‍ഹാള്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന പുലിക്കളി ഘോഷയാത്ര നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, ജൂനിയർ ഇന്നസെൻ്റ്, വിപിൻ പാറേമക്കാട്ടിൽ, സിൻസൻ ഫ്രാൻസിസ് തെക്കേത്തല എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്യും.

പുലികളും പുലിമേളവും ശിങ്കാരിമേളവും കാവടികളും അടക്കം 200ല്‍പരം കലാകാരന്മാര്‍ അണിനിരക്കുന്ന വര്‍ണ്ണാഭമായ പുലിക്കളി ആഘോഷ ഘോഷയാത്ര വൈകിട്ട് 6.30ഓടെ നഗരസഭ മൈതാനത്ത് എത്തിച്ചേരും.

പുലിക്കളി ആഘോഷ സമാപന സമ്മേളനം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.

മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍, പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്‍. വിജയ, ജൂനിയര്‍ ഇന്നസെന്റ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൗണ്‍സിലര്‍മാര്‍, സാമൂഹ്യ സാംസ്‌കാരിക മത നേതാക്കള്‍ തുടങ്ങിയവർ പങ്കെടുക്കും.

ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡൻ്റ് ലിയോ താണിശ്ശേരിക്കാരന്‍, സെക്രട്ടറി ലൈജു വര്‍ഗ്ഗീസ്, ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍, കണ്‍വീനര്‍ സൈഗണ്‍ തയ്യില്‍ ഭാരവാഹികളായ കെ.എച്ച്. മയൂഫ്, എം.വി. സെൻ്റിൽ, എം.എസ്. ഷിബിൻ, നിധീഷ് കാട്ടില്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മുൻ അധ്യാപകരുടെ സംഗമവുമായിസെൻ്റ് ജോസഫ്സ് കോളെജ്

ഇരിങ്ങാലക്കുട : തങ്ങൾ പഠിപ്പിച്ച വിദ്യാർത്ഥിനികളുടെ വിവിധ കലാപ്രകടനങ്ങൾ കണ്ടാസ്വദിച്ച അതേ ഓഡിറ്റോറിയത്തിൽ അവർ ഒരേ വേഷവിധാനത്തോടെ അണിനിരന്നു….

പണ്ടത്തെ കാർക്കശ്യവും സ്നേഹവും നിറഞ്ഞ അധ്യാപകരായല്ല, പ്രായം തളർത്താത്ത ചുറുചുറുക്കുള്ള നർത്തകിമാരായി….

ഒരേ ചുവടുകളുടെ ലയഭംഗിയോടെ അവർ തങ്ങളുടെ കൂട്ടായ്മക്കാലത്തെ സ്നേഹത്തെ വീണ്ടെടുത്തു… ഒരുമിച്ച് കഥകൾ പറഞ്ഞു… അനുഭവങ്ങൾ ഓർത്തെടുത്തു…

ഓണസദ്യയും പായസമധുരവുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിൽ നിന്നു വിരമിച്ച അധ്യാപകരൊത്തു ചേർന്ന സ്നേഹ സംഗമമായിരുന്നു വേദി.

ചടങ്ങിൽ കോളെജ് വൈസ് പ്രിൻസിപ്പൽ ഡോ. സി. അഞ്ജന അദ്ധ്യക്ഷത വഹിച്ചു.

റിട്ടയേർഡ് ഫാക്കൽറ്റി ഗ്രൂപ്പ് പ്രസിഡൻ്റ് പ്രൊഫ മേരി ആൻ്റിയോ സ്വാഗതം പറഞ്ഞു.

ഡോ. പേളി ഡേവിസ് റിപ്പോർട്ടും, ഡോ. സി. ക്രിസ്റ്റി അക്കൗണ്ടുകളും അവതരിപ്പിച്ചു.

മദർ മേരി പാസ്റ്റർ, പ്രൊഫ. ഫ്രാൻസിസ് പുല്ലൂക്കാരൻ, പ്രൊഫ. ജോസഫ് കോനിക്കര, പ്രൊഫ. വിമല ശങ്കരൻകുട്ടി, ഡോ. സി. രഞ്ജന തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവച്ചു.

പ്രൊഫ. സാവിത്രി ലക്ഷ്മണൻ നന്ദി പറഞ്ഞു.

തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

ജില്ലാതല പൈതൃക ക്വിസ് മത്സരം : തുടർച്ചയായ മൂന്നാം വര്‍ഷവും വിജയം കൈവരിച്ച് ഭാരതീയ വിദ്യാഭവൻ

ഇരിങ്ങാലക്കുട : ജില്ലാതല പൈതൃക ക്വിസ് മത്സരത്തിൽ തുടർച്ചയായ മൂന്നാം വർഷവും വിജയം കൈവരിച്ച് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ വിദ്യാർഥികൾ.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ വിദ്യാമന്ദിറിൽ നിന്നുള്ള ശ്രീഹരി സി. നായരും കെ.എസ്. നന്ദകിഷോറുമാണ് വിജയം സ്വന്തമാക്കിയത്.

12 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള പങ്കാളികളുടെ അറിവാണ് പരീക്ഷിച്ചത്.

ശ്രീഹരിയുടെയും നന്ദകിഷോറിന്റെയും സ്ഥിരതയാർന്ന മികവും പൈതൃകത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും അധ്യാപകരുടെയും വിദ്യാലയത്തിന്റെയും പൂർണമായ പിന്തുണയുമാണ് നേട്ടത്തിന് പിന്നിലെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

നാട്യാചാര്യ നിർമ്മല പണിക്കരുടെ ‘ഏതു മന്ത്രം’ പുസ്തകപ്രകാശനം 31ന്

ഇരിങ്ങാലക്കുട : പ്രശസ്ത നാട്യാചാര്യ നിർമ്മല പണിക്കരുടെ കാവ്യരചനകൾ ഉൾപ്പെട്ട ‘ഏതു മന്ത്രം’ പുസ്തക പ്രകാശനം ആഗസ്റ്റ് 31ന് 4 മണിക്ക് ഇരിങ്ങാലക്കുട നടനകൈരളിയിൽ സംഘടിപ്പിക്കും.

ഡോ. ആർ. ശ്രീലത വർമ്മ പ്രകാശനം നിർവഹിക്കും. കവി സെബാസ്റ്റ്യൻ പുസ്തകം ഏറ്റുവാങ്ങും.

ഡോ. സംപ്രീത കേശവൻ പുസ്തക പരിചയം നടത്തും.

ചടങ്ങിൽ ഡോ. കവിത ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.

തുടർന്ന് നിർമ്മല പണിക്കരുടെ ശിഷ്യരായ ആമിന ഷാനവാസ്, കല്യാണി മേനോൻ, സ്നേഹ പി. ദയാനന്ദൻ, പി. നീലിമ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന കവിതകളുടെ നൃത്താവിഷ്കാരം അരങ്ങേറും.

അയ്യങ്കാളി ജയന്തി ആചരിച്ചു

ഇരിങ്ങാലക്കുട : അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ നടന്ന അനുസ്മരണം സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.

നവോത്ഥാന പോരാട്ടങ്ങളിലെ തിളക്കമാർന്ന അധ്യായത്തിൻ്റെ പേരാണ് മഹാത്മാ അയ്യങ്കാളിയുടേതെന്ന് അദ്ദേഹം പറഞ്ഞു.

ബികെഎംയു മണ്ഡലം സെക്രട്ടറി കെ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

എഐഡിആര്‍എം ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, ബികെഎംയു മണ്ഡലം പ്രസിഡൻ്റ് സി.കെ. ദാസൻ എന്നിവർ പ്രസംഗിച്ചു.

കെ.എസ്. പ്രസാദ് സ്വാഗതവും കെ.സി. മോഹൻലാൽ നന്ദിയും പറഞ്ഞു.

നാഷണൽ സ്കൂളിൽ വിരമിച്ച അധ്യാപക- അനധ്യാപകരുടെ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിരമിച്ച അധ്യാപക അനധ്യാപകരുടെ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.

സംഗമത്തിൽ തൊണ്ണൂറു വയസ്സിനടുത്ത് പ്രായമുള്ളവർ മുതൽ ഇക്കഴിഞ്ഞ വർഷം വിരമിച്ചവർ വരെ പങ്കെടുത്തു.

വിരമിച്ച ശേഷം വ്യക്തി ജീവിതത്തിലേക്ക് മടങ്ങിപ്പോയാലും സഹപ്രവർത്തകരുമായുള്ള സൗഹൃദവും ഇഴയടുപ്പവും തുടർന്നും നിലനിർത്തുക എന്നതാണ് ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം.

അധ്യാപനത്തിന് ശേഷവും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ സജീവമായ ഇടപെടലുകൾ നടത്തി തലമുറകൾക്ക് മാതൃകയായ സഹപ്രവർത്തകരെ സംഗമത്തിൽ പ്രോത്സാഹിപ്പിച്ചു.

80 വയസ്സ് കഴിഞ്ഞ മുൻ ഹെഡ്മാസ്റ്റർ അപ്പു, മുൻ ഹെഡ്മിസ്ട്രസ് റൂബി, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്നു വത്സല, വാസന്തി എന്നിവരെ ആദരിച്ചു.

റിട്ടയർമെൻ്റ് എന്നാൽ വിശ്രമജീവിതം എന്ന പൊതുബോധത്തോട് സമരസപ്പെടാതെ വിവിധങ്ങളായ സജീവ പ്രവർത്തനങ്ങളുടെ പുതിയൊരു ഘട്ടത്തിൻ്റെ തുടക്കം മാത്രമാണെന്ന വിശാലമായ കാഴ്ചപ്പാട് പങ്കുവെക്കുക കൂടിയാണ് ഈ ഒത്തുചേരലിൻ്റെ ലക്ഷ്യം.

റിട്ട. അധ്യാപകരായ അപ്പു, രാധ, ശ്രീദേവി, ഹരിദാസ്, റൂബി, വത്സല എന്നിവർ പ്രസംഗിച്ചു.

മാനവസ്നേഹത്തിന് മത- രാഷ്ട്രീയ അതിർത്തികൾ നിർമ്മിക്കരുത് : അഡ്വ. തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : മാനവ സ്നേഹത്തിന് മത രാഷ്ട്രീയ അതിർത്തികൾ നിർമ്മിക്കരുതെന്ന് കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ പറഞ്ഞു.

കേരള കോൺഗ്രസ്‌ നിയോജകമണ്ഡല അടിസ്ഥാനത്തിൽ നടത്തുന്ന 100 കുടുംബ സംഗമങ്ങളുടെ ഭാഗമായി മുരിയാട് മണ്ഡലത്തിലെ സംഗമങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗിരിജ വല്ലഭൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ, ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സതീഷ് കാട്ടൂർ, എൻ.ഡി. പോൾ നെരേപ്പറമ്പിൽ, പോൾ ഇല്ലിക്കൽ, തോമസ് ഇല്ലിക്കൽ, കെ.പി. അരവിന്ദാക്ഷൻ കുഴിക്കാട്ടിപ്പുറത്ത്, സതീശൻ കോടമുക്കിൽ, ഗീത കൃഷ്ണൻ, ഗോപാലൻ മുട്ടത്തിൽ, കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

കാറളം ഫാമിലി ഹെൽത്ത് സെൻ്ററിന് മുന്നിൽ ബിജെപി ധർണ്ണ

ഇരിങ്ങാലക്കുട : ബിജെപി കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാറളം ഫാമിലി ഹെൽത്ത് സെൻ്ററിലെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി.

സൗത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എ. സുരേഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു.

നേതാക്കളായ പ്രിയ അനിൽ, ഷൈജു കുറ്റിക്കാട്ട്, രാമചന്ദ്രൻ കോവിൽപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇ.ജി. സുഭാഷ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജോയ്സൻ നന്ദിയും പറഞ്ഞു.

വാർഡ് മെമ്പർമാരായ സരിത വിനോദ്, അജയൻ തറയിൽ, മുരളി പ്രകാശൻ, രാജീവ്, ബാബു, കൃഷ്ണകുമാർ, സാജൻ, വിജയ്, അക്ഷയ്, അഭിനന്ദ് എന്നിവർ നേതൃത്വം നൽകി.