ആദ്യം ഗതാഗതക്കുരുക്ക് പരിഹരിക്കൂ ; എന്നിട്ടാവാം ടോൾ പിരിവ് : പാലിയേക്കരയിൽനാലാഴ്ച്ചത്തേക്ക് ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : തൽക്കാലം പാലിയേക്കര ടോൾ പിരിക്കരുതെന്ന് ഹൈക്കോടതി. നാലാഴ്ച്ചത്തേക്കാണ് ടോൾ പിരക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ആദ്യം ഗതാഗതക്കുരുക്ക് പരിഹരിക്കണം. അതിന് ശേഷം ടോൾ പിരിച്ചാൽ മതിയെന്നും ഹൈക്കോടതി പറഞ്ഞു.

ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ സംബന്ധിച്ച പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

നാലാഴ്ച്ചയ്ക്കുള്ളില്‍ ദേശീയപാത അതോറിറ്റി ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇടക്കാല ഉത്തരവിന്‍റെ വാദം ഹൈക്കോടതി തുടരും. വിഷയത്തിൽ ഫലപ്രദമായ ഇടപെടൽ ദേശീയപാത അതോറിറ്റിയോ കരാർ കമ്പനിയോ നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

മുകുന്ദപുരം എസ്.എൻ.ഡി.പി. യൂണിയനിൽ വിവാഹപൂർവ്വ കൗൺസിലിംഗ് 9നും 10നും

ഇരിങ്ങാലക്കുട : എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 9, 10 തിയ്യതികളിലായി വിവാഹപൂർവ കൗൺസിലിംഗ് ക്ലാസ്സ് സംഘടിപ്പിക്കുമെന്ന് യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അറിയിച്ചു.

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവതീ യുവാക്കൾക്കായി സംഘടിപ്പിക്കുന്ന ക്ലാസ്സിൽ മനഃശാസ്ത്ര വിദഗ്ധർ, പ്രൊഫസർമാർ, ഡോക്ടർമാർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും.

എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ ഹാളിൽ നടക്കുന്ന ക്ലാസ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ യൂണിയൻ ഓഫീസുമായോ, 9388385000 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

സ്കൗട്ട്സ് & ഗൈഡ്സ് ട്രൂപ്പ് കമ്പനി ലീഡേഴ്സ് മീറ്റ്

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൗട്ട്, ഗൈഡ് കുട്ടികളുടെ ട്രൂപ്പ്/ കമ്പനി ലീഡേഴ്സിൻ്റെ ഏകദിന പരിശീലനം ഡിസ്ട്രിക്റ്റ് ഹെഡ് ക്വാർട്ടേഴ്സിൽ സംഘടിപ്പിച്ചു.

വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 123 കുട്ടികൾ പങ്കെടുത്തു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു.

ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണർ (ഗൈഡ്) ഐഷാബി അധ്യക്ഷത വഹിച്ചു.

ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷണർ (ജി) കെ.കെ. ജോയ്സി, ഇരിങ്ങാലക്കുട ലോക്കൽ അസോസിയേഷൻ പ്രസിഡൻ്റ് കുര്യൻ ജോസഫ്, ഗവ. മോഡൽ എച്ച്.എസ്.എസ്. പ്രിൻസിപ്പൽ മുരളി എന്നിവർ ആശംസകൾ അർപ്പിച്ചു.

ഡിസ്ട്രിക്റ്റ് ട്രെയിനിങ് കമ്മിഷണർ (സ്കൗട്ട്) പി.ജി. കൃഷ്ണനുണ്ണി, ജില്ലാ ഓർഗനൈസിംഗ് കമ്മിഷണർ കെ.ഡി. ജയപ്രകാശൻ, ജില്ലാ റോവർ വിഭാഗം കമ്മിഷണർ വി.ബി. പ്രസാദ്, ജില്ലാ ട്രഷറർ എ.ബി. ബെനക്സ്, സ്കൗട്ട് മാസ്റ്റർ രാജേഷ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.

ജില്ലാ സെക്രട്ടറി ഡൊമിനിക്ക് പറേക്കാട്ട് സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടറി ബിൻസി തോമസ് നന്ദിയും പറഞ്ഞു.

മന്ത്രി ബിന്ദുവിൻ്റെ ഓഫീസിലേക്ക് എബിവിപി മാർച്ച്

ഇരിങ്ങാലക്കുട : സര്‍വ്വകലാശാലകളില്‍ സ്ഥിരം വി.സി.മാരെ നിയമിക്കുക, സർക്കാർ കോളെജുകളില്‍ സ്ഥിരം പ്രിന്‍സിപ്പല്‍മാരെ നിയമിക്കുക, സര്‍വകലാശാല ഭരണത്തില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ ഇരിങ്ങാലക്കുട ഓഫീസിലേക്ക് എബിവിപി മാര്‍ച്ച് സംഘടിപ്പിച്ചു.

സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്‍. അശ്വതി മാർച്ച് ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി യദു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് താത്കാലിക അധ്യാപക ഒഴിവ്.

കൂടിക്കാഴ്ച ആഗസ്റ്റ് 4(തിങ്കളാഴ്ച) രാവിലെ 10 മണിക്ക്.

മലക്കപ്പാറയിൽ 4 വയസ്സുകാരനെ പുലി പിടിച്ചു : കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇരിങ്ങാലക്കുട : പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ കിടന്നുറങ്ങുകയായിരുന്ന മലക്കപ്പാറ അതിരപ്പിള്ളി പഞ്ചായത്തിലെ വീരാൻകുടി ഉന്നതിയിൽ താമസിക്കുന്ന ബേബിയുടെ മകൻ രാഹുൽ (4) എന്ന കുട്ടിയെ പുലി തലയിൽ കടിച്ച് പിടിച്ച് കൊണ്ടുപോകാൻ ശ്രമിച്ചു.

ഇന്ന് പുലർച്ചെ 2.15 മണിയോടെയാണ് സംഭവം

വീട്ടുകാർ ശബ്ദം കേട്ട് ഒച്ചവെച്ചതിനെ തുടർന്ന് പുലി കുട്ടിയെ താഴെ വച്ച് ഓടി രക്ഷപ്പെട്ടു.

ഉടൻ തന്നെ വീട്ടുകാർ മലക്കപ്പാറ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ മലക്കപ്പാറ പൊലീസിന്റെ നേതൃത്വത്തിൽ പരിക്കേറ്റ കുട്ടിയെ മലക്കപ്പാറയിലെ ടാറ്റ ആശുപത്രിയിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം : സിപിഐ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ ദൈനം ദിന പ്രവർത്തനങ്ങൾ ക്രമീകരിക്കണമെന്ന് ആർബിഐ നിർദ്ദേശം നൽകിയിരിക്കുകയാണ്. ബാങ്കിംഗ് പ്രവർത്തനത്തിൽ നിരന്തരമായ ക്രമക്കേടുകൾ നടത്തിയത് ചൂണ്ടിക്കാണിച്ചാണ് ആർബിഐയുടെ നടപടി.

നിലവിലെ ഉത്തരവ് പ്രകാരം ആറുമാസ കാലയളവിനുള്ളിൽ നിക്ഷേപകന് ആകെ പിൻവലിക്കാൻ കഴിയുന്ന സംഖ്യ പതിനായിരം രൂപ മാത്രമാണ്. പുതിയ വായ്പകൾ അനുവദിക്കുന്നതിനും പുതുക്കുന്നതിനും വിലക്കുണ്ട്.

ബാങ്കിലെ നിക്ഷേപകർ ഉൾപ്പെടെയുള്ള ഇടപാടുകാർ കടുത്ത ആശങ്കയിലാണ്.

നിക്ഷേപകർക്ക് വായ്പാസംഖ്യ ആവശ്യാനുസരണം നൽകുന്നതിനുള്ള നടപടി ബാങ്ക് കൈക്കൊള്ളണമെന്നും ഇത്തരമൊരു സാഹചര്യത്തിലേക്ക് ടൗൺ ബാങ്കിനെ എത്തിച്ച യുഡിഎഫ് ഭരണസമിതിക്കെതിരെ കേരള സഹകരണ വകുപ്പ് സമഗ്ര അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സെക്രട്ടറി എൻ.കെ ഉദയപ്രകാശ് ആവശ്യപ്പെട്ടു.