നിര്യാതയായി

അന്നമ്മ

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി തട്ടിൽ തൃത്താണി റാഫേൽ ഭാര്യ അന്നമ്മ (93) നിര്യാതയായി.

സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് പള്ളി സെമിത്തേരിയിൽ.

മക്കൾ : ജോസഫ്, തോമസ്, ജോർജ്ജ്, ജോൺ

മരുമക്കൾ : ഹെൻസ, ലിൻഡ, ആൽഫി, ബിനി

കിഴുത്താണിയിൽ സൗപർണിക അംഗൻവാടിക്ക് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ കിഴുത്താണി 8-ാം വാർഡിൽ സൗപർണിക അംഗൻവാടിയുടെ അടിത്തറയ്ക്ക് ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.

മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയാണ് 2 നിലകളിലായി കെട്ടിടം നിർമ്മിക്കുന്നതിന് അനുവദിച്ചിട്ടുള്ളത്.

തറക്കല്ലിട്ട് മന്ത്രി ഡോ. ആർ. ബിന്ദു നിർമ്മാണോദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു പ്രദീപ്‌ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലൻ, വൈസ് പ്രസിഡന്റ്‌ കെ.എസ്. രമേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുനിൽ മാലാന്ത്ര, മുൻ വൈസ് പ്രസിഡന്റ്‌ മോഹനൻ വലിയാട്ടിൽ, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അമ്പിളി റെനിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബീന സുബ്രഹ്മണ്യൻ, മുൻ പ്രസിഡന്റ്‌ സീമ പ്രേംരാജ്, എന്നിവർ പ്രസംഗിച്ചു.

വാർഡ് മെമ്പർ വൃന്ദ അജിത്ത്കുമാർ സ്വാഗതവും ഐ.സി.ഡി.എസ്. സൂപ്പർവൈസർ നന്ദിയും പറഞ്ഞു.

വര്‍ണ്ണക്കുട സ്പെഷ്യല്‍ എഡിഷൻ : ഇരിങ്ങാലക്കുടയിൽ ‘മധുരം ജീവിതം’ ലഹരി വിരുദ്ധ ഓണാഘോഷം സെപ്തംബര്‍ 1നും 2നും

ഇരിങ്ങാലക്കുട : വര്‍ണ്ണക്കുട സ്പെഷ്യല്‍ എഡിഷനായി ‘മധുരം ജീവിതം’ ലഹരി വിരുദ്ധ ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 1, 2 തിയ്യതികളില്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവന്‍ വിഭാഗം ജനങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ടാണ് ലഹരിവിരുദ്ധ സന്ദേശം ഉയര്‍ത്തിക്കൊണ്ട് ഈ വര്‍ഷത്തെ ഓണാഘോഷം സംഘടിപ്പിക്കുന്നത്.

18 ടീമുകള്‍ അണിനിരക്കുന്ന ഓണക്കളി മത്സരമാണ് ആഘോഷത്തിലെ പ്രധാന ഇനം. പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനിയില്‍ സെപ്തംബര്‍ 2ന് ഉച്ചതിരിഞ്ഞ് 2 മണിക്കാണ് മത്സരം അരങ്ങേറുക. പ്രശസ്ത ടീമുകൾ മത്സരത്തില്‍ അണിനിരക്കും.

അന്നേദിവസം രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നാടൻപാട്ട് മത്സരം അരങ്ങേറും. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്ലബ്ബുകള്‍, കുടുംബശ്രീ സംഘങ്ങള്‍, പഞ്ചായത്ത്തല സംഘങ്ങള്‍ തുടങ്ങിയവര്‍ നാടൻപാട്ട് മത്സരത്തില്‍ മാറ്റുരയ്ക്കും.

കഴിഞ്ഞ ദിവസങ്ങളിലായി വിദ്യാഭ്യാസ സ്ഥാപന അടിസ്ഥാനത്തില്‍ നടന്നുവന്ന സാഹിത്യമത്സരങ്ങളുടെ ഫൈനല്‍ റൗണ്ട് മത്സരം സെപ്തംബര്‍ 1ന് സെന്റ് ജോസഫ്സ് കോളെജില്‍ നടക്കും.

ചിത്രരചന, കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗം എന്നിങ്ങനെയാണ് മത്സരങ്ങള്‍ നടന്നത്. ഇതില്‍ വിജയികളായവര്‍ സെന്റ് ജോസഫ് കോളെജില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കും.

എല്‍.പി., യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി, കോളെജ് എന്നീ തലങ്ങളിലും പൊതുജനങ്ങള്‍ക്കായി ജനറല്‍തലത്തിലും മത്സരം നടക്കും. ജനറല്‍ വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും. രാവിലെ 8.30ന് സെന്റ് ജോസഫ്സ് കോളെജില്‍ എത്തിയാൽ സ്പോട്ട് രജിസ്ട്രേഷന്‍ നടത്തി പരിപാടിയില്‍ പങ്കെടുക്കാം.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ ‘മധുരം ജീവിതം ലഹരി വിരുദ്ധ സ്പെഷ്യൽ ബോധവൽക്കരണ ക്യാമ്പയിൻ’ ഓണാഘോഷത്തിന്റെ ഭാഗമായി 0480- കലാസാംസ്കാരിക സംഘടനയുമായി ചേർന്ന് ‘പൂക്കാലം- ബ്ലൂം എഗൈൻസ്റ്റ് ഡ്രഗ്സ്’ എന്ന പേരിൽ വ്യത്യസ്തമായ ക്യാമ്പയിനും ആഗസ്റ്റ് 31ന് സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി രാസലഹരിക്കെതിരെ വീടുകളിൽ പൂക്കളങ്ങൾ ഒരുക്കും.
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഇരുപതിനായിരത്തിലധികം കുടുംബങ്ങളാണ് ഈ ബൃഹത്തായ സന്ദേശത്തോട് കൈകോർക്കുന്നത്.

അതുപോലെ ഓണക്കാലത്ത് വിവിധ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്ന വിവിധ ക്ലബ്ബുകളും സംഘടനകളും ഓണാഘോഷങ്ങളിൽ “മധുരം ജീവിതം ലഹരി വിരുദ്ധ ക്യാമ്പയിൻ സന്ദേശങ്ങൾ” പ്രചരിപ്പിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ ഡോ. കേസരി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ്, ഇരിങ്ങാലക്കുട ബിപിസി കെ.ആർ. സത്യപാലൻ, ജീവൻലാൽ എന്നിവരും പങ്കെടുത്തു.

ആയുർ റിവർ വ്യൂ റിസോർട്ട് പദ്ധതിയുടെ പേരിൽ 60 ലക്ഷം രൂപയുടെ തട്ടിപ്പ് : ചിലന്തി ജയശ്രീ പിടിയിൽ

ഇരിങ്ങാലക്കുട : തിരുവില്വാമലയിൽ ആയുർ റിവർ വ്യൂ റിസോർട്ട് എന്ന പേരിൽ ഒരു പ്രൊജക്റ്റ് ആരംഭിക്കുന്നുണ്ടെന്നും അതിൽ പണം നിക്ഷേപിച്ചാൽ വളരെയധികം സാമ്പത്തിക നേട്ടമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ച് പുത്തൻചിറ സ്വദേശിയിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി ചിലന്തി ജയശ്രീ എന്നറിയപ്പെടുന്ന വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി കുറുവത്ത് വീട്ടിൽ ജയശ്രീ (61) പിടിയിൽ.

2022 ജനുവരി 28ന് പുത്തൻചിറ സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങുകയും തുടർന്ന് അക്കൗണ്ട് വഴിയും നേരിട്ടും 50 ലക്ഷം രൂപ കൂടി വാങ്ങി ആകെ 60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ജയശ്രീയുടെ പേരിൽ വടക്കാഞ്ചേരി, തൃശൂർ ഈസ്റ്റ്, പാലക്കാട് കോട്ടായി സ്റ്റേഷൻ പരിധികളിലായി 9 തട്ടിപ്പ് കേസുകളും ഒരു അടിപിടിക്കേസും ഉണ്ട്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജു, വനിതാ സ്റ്റേഷൻ എസ്എച്ച്ഒ ഇൻ ചാർജ് എസ്ഐ സൗമ്യ, എഎസ്ഐ സീമ, എസ്ഐമാരായ പ്രസാദ്, സുമൽ, സീനിയർ സിപിഒ മാരായ ഉമേഷ്, ജീവൻ, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

നഗരസഭാ പരിധികളിലെ പ്രവൃത്തികൾ കൃത്യമായി നടക്കുന്നില്ല ; കരാറുകാരുടെ യഥാർത്ഥ പ്രശ്നം പരിശോധിക്കണമെന്ന് കൗൺസിലർമാർ

ഇരിങ്ങാലക്കുട : നഗരസഭയിലെ 41 വാർഡുകളിലും ടെൻഡർ കഴിഞ്ഞ പ്രവൃത്തികൾ പാതിവഴിയിൽ കിടക്കുന്നതിന്റെ യഥാർത്ഥ കാരണം അന്വേഷിക്കണമെന്ന് കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ ആവശ്യപ്പെട്ടു.

കരാറുകാരോട് ചോദിക്കുമ്പോൾ ബില്ല് പാസായി പണം കിട്ടാത്തതാണ് പ്രശ്നമെന്ന് പറയുന്നുണ്ടെങ്കിലും അതല്ലാതെ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്നും പ്രവൃത്തികൾ താമസിപ്പിക്കുന്നതിന്റെ യഥാർത്ഥ കാരണം ബന്ധപ്പെട്ടവർ കണ്ടെത്തണമെന്നും സി.സി. ഷിബിൻ ആവശ്യപ്പെട്ടു.

നിലവിലെ കൗൺസിലിന്റെ കാലാവധി പൂർത്തീകരിക്കുന്നതിന് മുൻപേ തന്നെ തുടങ്ങിയ പ്രവൃത്തികൾ പൂർത്തീകരിക്കാനും പുതിയ പ്രവർത്തികൾ തുടങ്ങിവയ്ക്കാനുമുള്ള നടപടികൾ ദ്രുതഗതിയിൽ സ്വീകരിക്കണമെന്നും അതിനായി നഗരസഭ എൻജിനീയർമാർക്ക് ആവശ്യമായ സമയം നീക്കിവെക്കാൻ അനുവാദം നൽകണമെന്നും അഡ്വ. കെ.ആർ. വിജയയും ആവശ്യപ്പെട്ടു.

നിലവിൽ കരാറുകാരുടെ 15 ബില്ലുകൾ കൊടുത്തിട്ടുണ്ടെന്നും 18 ബില്ലുകൾ തൊട്ടടുത്ത ദിവസം തന്നെ കൊടുക്കുമെന്നും അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

കരാറുകാർ പലയിടത്തും മനപ്പൂർവ്വം പ്രവൃത്തികൾ വൈകിപ്പിക്കുന്നുണ്ടെന്നും മഴയുണ്ടെങ്കിലും ചെയ്യാൻ കഴിയുന്ന പ്രവൃത്തികൾ പോലും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ചെയ്യുന്നില്ലെന്നും സി.സി. ഷിബിൻ ചൂണ്ടിക്കാട്ടി.

നിരവധി പരാതികൾ ലഭിച്ചുകൊണ്ടിരിക്കുന്ന കരാറുകാരെ എന്തിനാണ് നമ്മൾ ചുമക്കുന്നതെന്ന് സന്തോഷ് ബോബനും ചോദ്യമുയർത്തി.

റെജുവിനേഷൻ ഓഫ് വാട്ടർ ബോഡീസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന കാട്ടാമ്പള്ളിക്കുളം നവീകരണം, കൊല്ലംകുളം നവീകരണം, ശാരദകുളം നവീകരണം എന്നിവയ്ക്ക് ഭരണാനുമതി ലഭിക്കാത്തതിനാൽ പദ്ധതി പണം നഷ്ടപ്പെടാതിരിക്കാൻ പകരം വാർഡ് 5ലെ കണക്കൻ കുളം, വാർഡ് 35 തുറുകായ്കുളം എന്നീ കുളങ്ങൾ ഉൾപ്പെടുത്താമെന്നും കൗൺസിൽ തീരുമാനിച്ചു.

നിലവിൽ പുനരുദ്ധാരണം കഴിഞ്ഞിട്ടുള്ള തുറുകായ്കുളത്തിലെ ചെളി നീക്കം ചെയ്ത് നീന്തൽ പഠിക്കാനുള്ള സൗകര്യം ഉൾപ്പെടെ ഈ പദ്ധതിയിലൂടെ നടപ്പിലാക്കാനാണ് തീരുമാനം.

നിരവധിയാളുകൾ നീന്താൻ വരുന്ന നഗരമധ്യത്തിലെ ഞവരിക്കുളത്തിൻ്റെ കുറുകെ സ്വന്തം ചെലവിൽ കയറുകെട്ടി ബോളുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി സെക്രട്ടറിക്ക് കത്ത് നൽകിയിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും കൗൺസിലിൽ അജണ്ടയായി വരാത്തതിൽ കൗൺസിലർ മാർട്ടിൻ ആലേങ്ങാടൻ പ്രതിഷേധം അറിയിച്ചു.

അടിയന്തിര നടപടി വേണ്ട വിഷയമായതിനാൽ നേരിട്ട് അനുമതി നൽകാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് സെക്രട്ടറി എം.എച്ച്. ഷാജിക്ക് മറുപടി നൽകി.

15 അജണ്ടകളുമായി ചേർന്ന കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

ക്രൈസ്റ്റ് കോളെജിൽ വർണ്ണാഭമായ സൗഹൃദ പൂക്കളം

ഇരിങ്ങാലക്കുട : ഓണാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ അധ്യാപകരും അനദ്ധ്യാപകരും വിദ്യാർഥികളും ചേർന്നൊരുക്കിയ സൗഹൃദ പൂക്കളം ശ്രദ്ധേയമായി.

ഏകദേശം എണ്ണൂറോളം വിദ്യാർഥികളും അധ്യാപകരും അണിനിരന്നാണ് ക്രൈസ്റ്റ് ഫുട്ബോൾ ഗ്രൗണ്ടിൽ മനോഹരമായ സൗഹൃദ പൂക്കളം വിരിയിച്ചത്.

കോളെജ് ലോഗോയ്ക്ക് ചുറ്റും വർണാഭമായ തൊപ്പികൾ അണിഞ്ഞ് നിശ്ചിത ഇടങ്ങളിൽ അധ്യാപകരും വിദ്യാർഥികളും നിരന്നപ്പോൾ ആകാശ ദൃശ്യത്തിൽ അതൊരു വർണ്ണചിത്രമായി.

കോളെജിലെ ടീച്ചേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ
സൗഹൃദ പൂക്കളം കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ ഉദ്ഘാടനം ചെയ്തു.

ആർപ്പുവിളികളോടെ ഭാരതീയ വിദ്യാഭവനിലെ ഓണാഘോഷം

ഇരിങ്ങാലക്കുട : ആർപ്പുവിളികളോടെ ആഘോഷമാക്കിയ ഭാരതീയ വിദ്യാഭവനിലെ ഓണാഘോഷം ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു.

എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ നന്ദകുമാർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ വിവേകാനന്ദൻ, ശോഭ ശിവാനന്ദരാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, പി.ടി.എ. പ്രതിനിധി മാളവിക എന്നിവർ ഓണ സന്ദേശങ്ങൾ നൽകി.

തുടർന്ന് ഓണപ്പാട്ടുകൾ, ഓണനൃത്തങ്ങൾ തുടങ്ങി വർണ്ണാഭമായ പരിപാടികൾ അരങ്ങേറി.

ആഘോഷങ്ങൾക്ക് മോടികൂട്ടി മാവേലിയെ എതിരേൽക്കൽ, പുലിക്കളി, പൂക്കളമത്സരം, വടംവലി മത്സരം എന്നിവയും ഉണ്ടായിരുന്നു.

സ്കൂൾ ഹെഡ്ഗേൾ ദിയ പ്രദീപ് സ്വാഗതവും അസിസ്റ്റന്റ് ഹെഡ്ഗേൾ അമിത ദിജു നന്ദിയും പറഞ്ഞു.

മലയാള വിഭാഗം അധ്യാപകരാണ് പരിപാടികൾ ഏകോപിപ്പിച്ചത്.

സെൻ്റ് ജോസഫ്സ് കോളെജിലെ ഫാത്തിമ നസ്രിൻ ഡൽഹിയിലെ എൻ.സി.സി. തൽസൈനിക് ക്യാമ്പിലേക്ക്

ഇരിങ്ങാലക്കുട : ഡൽഹിയിൽ നടക്കുന്ന എൻ.സി.സി.യുടെ സുപ്രധാന ക്യാമ്പുകളിലൊന്നായ തൽ സൈനിക് ക്യാമ്പിലേക്ക് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലെ സർജൻ്റ് ഫാത്തിമ നസ്രിൻ തെരഞ്ഞെടുക്കപ്പെട്ടു.

തൃശൂർ ഏഴാം കേരള ഗേൾസ് ബറ്റാലിയൻ്റെ എൻ.സി.സി. യൂണിറ്റാണ് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലേത്.

കടുത്ത നിരവധി മത്സരങ്ങളുടെ കടമ്പകൾ കടന്നാണ് ഒരു കേഡറ്റ് ഡൽഹി ആസ്ഥാനത്തു നടക്കുന്ന ക്യാമ്പിൽ എത്തുന്നതെന്നും നസ്രിൻ്റെ നേട്ടം കലാലയത്തിൻ്റെ അഭിമാനമാണെന്നും പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി പറഞ്ഞു.

കേണൽ രജീന്ദർസിംഗ് സിദ്ദു നയിക്കുന്ന ഏഴാം കേരള ബറ്റാലിയനിൽ നിന്നുള്ള കൃത്യതയാർന്ന ട്രെയ്നിംഗാണ് ഇത്തവണ എൻ.സി.സി. കേഡറ്റ്സിനു നേട്ടമായത്. മേജർ ഗായത്രി കെ. നായർ, ജി.സി.ഐ. ആശ കൃഷ്ണൻ എന്നിവരുടെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണെന്ന് അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ ലിറ്റി ചാക്കോ പറഞ്ഞു.

ഇരിങ്ങാലക്കുട കാട്ടൂരിൽ അബ്ദുൾ ഗഫൂർ, ഐഷാബി ദമ്പതികളുടെ മകളായ ഫാത്തിമ മൂന്നാം വർഷ ആംഗലേയ ബിരുദ വിദ്യാർഥിനിയാണ്.

ഐ.എസ്.എം. സ്ഥാപനങ്ങൾക്കുള്ള കായകല്പ് പുരസ്കാരം ഏറ്റുവാങ്ങി വെള്ളാങ്ങല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറി

ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ ഐ.എസ്.എം. സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിൻ്റെ കായകല്പ് അവാർഡിൽ മൂന്നാം സ്ഥാനം നേടിയ വെള്ളാങ്ങല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ ജീവനക്കാർ ആരോഗ്യമന്ത്രി വീണ ജോർജ്ജിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

പഞ്ചായത്ത് പ്രസിഡൻ്റ് നിഷ ഷാജി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല സജീവ്, വാർഡ് മെമ്പർമാരായ ബിജു പോൾ, കൃഷ്ണകുമാർ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ.വി. ശ്രീജ, മുൻ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. മുഹസ് കരീം എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ആയുഷ് സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിനും ജനസൗഹൃദമാക്കുന്നതിനും നൽകുന്ന കായകല്പ് അവാർഡ് സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച 132 സ്ഥാപനങ്ങൾക്കാണ് ലഭിച്ചിരിക്കുന്നത്.