മലയാളികളുടെ മാതൃഭാഷയോടുളള അലംഭാവം ലജ്ജാകരം : എം. പി. സുരേന്ദ്രൻ

ഇരിങ്ങാലക്കുട : മലയാളികൾ ഭാഷാഭിമാനമില്ലാത്തവരായി മാറിയിരിക്കുന്നു എന്നും മാതൃഭാഷയുടെ കാര്യത്തിൽ പ്രകടമാകുന്ന അലംഭാവം അത്യന്തം ലജ്ജാകരമാണെന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ എം. പി. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

മലയാളം ബി. എ. പഠനത്തിൻ്റെ ഭാഗമായുള്ള പ്രബന്ധത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി അവാർഡ് കുറവിലങ്ങാട് ദേവമാത കോളെജ് വിദ്യാർഥിനി റോസ്മെറിൻ ജോജോയ്ക്കും കോളെജ് തലത്തിലുള്ള പുരസ്കാരം സെലിൻ റോസ് ബെന്നിക്കും സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളികളുടെ ഭാഷാവബോധത്തെ പുഷ്ടിപ്പെടുത്തുന്നതിൽ മലയാളത്തിലെ പത്രമാസികകൾ വലിയ പങ്ക് വഹിച്ചിരുന്നു. ഇക്കാലത്ത് പത്രമാധ്യമങ്ങളിലെ ഭാഷയും ഒട്ടും നിലവാരം പുലർത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

ഡോ. സി.വി. സുധീർ, ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഡോ. മിനി സെബാസ്റ്റ്യൻ , പ്രൊഫ. സിൻ്റോ കോങ്കോത്ത്, റോസ്മെറിൻ ജോജോ, സെലിൻ റോസ് ബെന്നി എന്നിവർ പ്രസംഗിച്ചു.

‘ഇരിങ്ങാലക്കുട കെ. എസ്. ആർ. ടി. സി. സബ് ഡിപ്പോയോടുള്ള അവഗണനക്കെതിരെ കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട : യു. ഡി. എഫ്. സർക്കാരിന്റെ കാലത്ത് സ്ഥലം എം. എൽ.എ. ആയിരുന്ന അഡ്വ തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി 2014 – 2015 ലെ ബജറ്റിൽ പ്രഖ്യാപിച്ചതും അന്നത്തെ ഗതാഗത വകുപ്പു മന്ത്രി പൊതുസമ്മേളനത്തിൽ പ്രഖ്യാപിക്കുകയും ചെയ്ത ഇരിങ്ങാലക്കുട കെ. എസ്. ആർ. ടി. സി. സബ് ഡിപ്പോക്ക് ഇപ്പോൾ എന്ത് സംഭവിച്ചു എന്ന ചോദ്യമുയർത്തി കേരള കോൺഗ്രസ്‌ രംഗത്തെത്തി.

ഇരിങ്ങാലക്കുട കെ. എസ്. ആർ. ടി. സി. ഡിപ്പോയോടുള്ള സംസ്ഥാന സർക്കാരിന്റെയും കെ. എസ്. ആർ. ടി. സി. മാനേജ്മെന്റിന്റെയും അവഗണനയ്ക്കെതിരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ്ണയിലാണ് കേരള കോൺഗ്രസ്‌ പ്രവർത്തകർ ഈ ചോദ്യം ഉന്നയിച്ചത്.

2016 മാർച്ച് 1ന് ഗുരുവായൂർ ഇൻസ്‌പെക്ടർ ആയിരുന്ന പോൾ മെല്ലിറ്റിനെ എ. ടി. ഒ. ആയി പ്രമോഷൻ നൽകി അന്ന് ഓപ്പറേഷൻ സെൻ്ററായിരുന്ന ഇവിടേക്ക് നിയമിക്കുകയും, സബ് ഡിപ്പോ പ്രാബല്യത്തിൽ ആക്കിയതും ഇരിങ്ങാലക്കുട കെ. എസ്. ആർ. ടി. സി.യുടെ ഉയർച്ചക്കു വേണ്ടിയായിരുന്നുവെന്ന് ഇടതുപക്ഷ എം. എൽ.എ.മാരും ഇടതുപക്ഷ മന്ത്രിസഭയും എന്താണ് മനസ്സിലാക്കാത്തതെന്നും യോഗത്തിൽ ചോദ്യമുയർന്നു.

പ്രതിഷേധ ധർണ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ പി. ടി. ജോർജ്ജ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

നിയോജകമണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സേതുമാധവൻ, സിജോയ് തോമസ്, നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ കെ. സതീഷ്, എ. ഡി. ഫ്രാൻസിസ്, മണ്ഡലം ഭാരവാഹികളായ ലാസർ കോച്ചേരി, എം. എസ്. ശ്രീധരൻ മുതിരപറമ്പിൽ, ലാലു വിൻസെന്റ്, ലിംസി ഡാർവിൻ, റാണി കൃഷ്ണൻ, ലില്ലി തോമസ്, ആർതർ വിൻസെന്റ്, വിവേക് വിൻസെന്റ്, ദീപക് അയ്യൻചിറ, കെ. ജെ. രഞ്ജു, ജോയൽ ജോയ്, യോഹന്നാൻ കോമ്പാറക്കാരൻ, നോഹ് എന്നിവർ പ്രസംഗിച്ചു.

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി

ഇരിങ്ങാലക്കുട : ആളൂർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ പൊരുന്നംകുന്ന് സ്വദേശിയായ തറയിൽ വീട്ടിൽ മനുവി(29)നെ കാപ്പ ചുമത്തി തടങ്കലിലാക്കി.

മനുവിനെതിരെ കൊടകര സ്റ്റേഷൻ പരിധിയിൽ 2022ൽ ഒരു അടിപിടിക്കേസും, ആളൂർ സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസും, സ്കൂട്ടർ തീവെച്ച് നശിപ്പിച്ച കേസ്സും, 2024ൽ മറ്റൊരു വധശ്രമക്കേസും, ചാലക്കുടി സ്റ്റേഷൻ പരിധിയിൽ 2024ൽ അടിപിടിക്കേസടക്കം 5 ഓളം ക്രമിനൽക്കേസുകളും നിലവിലുണ്ട്.

ലഹരി ഉപയോഗിക്കുന്നത് തടഞ്ഞു : കൈപ്പമംഗലം സ്വദേശിയെ ആക്രമിച്ച ആളൂർ സ്വദേശി 18കാരൻ അറസ്റ്റിൽ

ഇരിങ്ങാലക്കുട : ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വിരോധത്താൽ പുന്നേലിപ്പടിയിൽ വെച്ച് കൈപ്പമംഗലം സ്വദേശിയായ 41 വയസുള്ള ജുബിനെ ഗുരുതരമായി പരിക്കേൽപ്പിച്ച ആളൂർ വെള്ളാഞ്ചിറ സ്വദേശി ഇല്ലത്തുപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷഹിനെ(18) അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 18ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം.

കാറ്ററിങ് ജോലിക്ക് വരുമ്പോൾ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കരുത് എന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിൽ ജുബിൻ ജീവനക്കാരനായുള്ള പുന്നേലിപ്പടിയിലുള്ള കാറ്ററിങ് യൂണിറ്റിലേക്ക് 5 പേർ അതിക്രമിച്ച് കടന്ന് ഇരുമ്പുവടി കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷഹിനെ ആളൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

ആശാവർക്കർമാരുടെ സമരം ഉടൻ ചർച്ച ചെയ്ത് പരിഹരിക്കണം : റിട്ട ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : ജനസംഖ്യാ ആനുപാതികമായി ആരോഗ്യപ്രവർത്തകരെയും ഡോക്ടർമാരെയും നിയമിക്കാതെ മാറി മാറി വന്ന സർക്കാരുകൾ ആരോ​ഗ്യരം​ഗത്ത് കൊണ്ടുവന്ന ആശാവർക്കർമാർക്ക് ജീവിക്കാനാവശ്യമായ സാഹചര്യം സൃഷ്ടിക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെ ചുമതലയാണെന്ന് റിട്ട ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ.

തുച്ഛമായ വരുമാനത്തിൽ പ്രവർത്തിക്കുന്ന ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കേണ്ടത് വളരെ അത്യന്താപേക്ഷിതമാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി. എസ്. പവിത്രനും ജനറൽ സെക്രട്ടറി കെ. ബി. പ്രേമരാജനും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

നൽകുന്ന സേവനത്തിന് ആനുപാതികമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.

ക്രൈസ്റ്റ് കോളെജില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും യാത്രയയപ്പ് നല്‍കി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും യാത്രയയപ്പ് നൽകി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. പി. രവീന്ദ്രന്‍ മുഖ്യാതിഥിയായി.

കോളെജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.

വിരമിക്കുന്നവരുടെ ഛായാചിത്രം വൈസ് ചാന്‍സലര്‍ അനാച്ഛാദനം ചെയ്തു.

സീറോ മലബാര്‍ സഭയുടെ കൂരിയ ബിഷപ്പ് മാര്‍. സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

സിഎംഐ തൃശൂര്‍ ദേവമാതാ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ജോസ് നന്തിക്കര വിരമിക്കുന്നവര്‍ക്ക് ഉപഹാരം നല്‍കി.

പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ്, ഡോ. കെ. ജെ. വര്‍ഗീസ്, ഡോ. എന്‍. അനില്‍ കുമാര്‍, ഷാജു വര്‍ഗീസ്, ഡോ. സേവ്യര്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

38-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിനായി മെഡല്‍ നേടിയ ക്രൈസ്റ്റിലെ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു.

സോഷ്യല്‍വര്‍ക്ക് വിഭാഗം അധ്യാപകനായ പ്രൊഫ. സൈജിത് രചിച്ച ഗാന്ധിയന്‍ ഫിലോസഫി ഇന്‍ സോഷ്യല്‍ വര്‍ക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം വൈസ് ചാന്‍സലര്‍ നിര്‍വഹിച്ചു.

ക്രൈസ്റ്റിന്റെ ശ്രവ്യം ഓഡിയോ ലൈബ്രറിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനവും അദ്ദേഹം നടത്തി.

കോളെജിന്റെ വൈസ് പ്രിന്‍സിപ്പലും ഇംഗ്ലീഷ് വിഭാഗം അധ്യാപികയുമായ അസോ. പ്രൊഫ. പള്ളിക്കാട്ടില്‍ മേരി പത്രോസ്, ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം മേധാവി ഡോ. സോണി ടി. ജോണ്‍, സീനിയര്‍ ക്ലര്‍ക്കുമാരായ കെ. ഡി. ആന്റണി, സി. ടി ജോഷി, ലാബ് അറ്റന്‍ഡര്‍ എം. പി. ഷാബു എന്നിവരാണ് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്.

ഇരിങ്ങാലക്കുട നഗരസഭ കുംഭവിത്ത് മേള 21ന്

ഇരിങ്ങാലക്കുട : നഗരസഭാതല കുംഭവിത്ത് മേള 21ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട കൃഷിഭവൻ പരിസരത്ത് സംഘടിപ്പിക്കുമെന്ന് കൃഷി ഫീൽഡ് ഓഫീസർ അറിയിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യും.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിക്കും.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, വാർഡ് കൗൺസിലർ അഡ്വ. കെ. ആർ. വിജയ എന്നിവർ പങ്കെടുക്കും.

കുംഭവിത്ത് മേളയോടനുബന്ധിച്ച് ഇരിങ്ങാലക്കുട കാർഷിക സേവന കേന്ദ്രം ഉൽപ്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിപണനം രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ ഉണ്ടായിരിക്കും.

കാർഷിക സർവ്വകലാശാല ഉൽപ്പാദിപ്പിക്കുന്ന ജൈവ കീട/കുമിൾനാശിനികൾ (സ്യൂഡോമോണാസ്, അയർ), കിഴങ്ങ് വിത്തുകൾ, പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ, വളക്കൂട്ടുകൾ, ജൈവകൃഷി ഉൽപ്പന്നങ്ങൾ, കീടരോഗ നിയന്ത്രണ ഉൽപ്പന്നങ്ങൾ എന്നിവ മേളയിൽ വിലപ്പനക്ക് ഉണ്ടായിരിക്കുന്നതാണ്.

കേന്ദ്രസർക്കാരിന്റെ അവഗണന : സി.പി.എമ്മിന്റെ കാൽനട പ്രചരണ ജാഥ തുടരുന്നു

ഇരിങ്ങാലക്കുട : സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ അവഗണനക്കെതിരെ ഫെബ്രുവരി 25ന് സി.പി.എം. നേതൃത്വത്തിൽ തൃശൂർ ബി.എസ്.എൻ.എൽ. ഓഫീസ് ഉപരോധിക്കും. ഇതിൻ്റെ പ്രചരണാർത്ഥം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാൽനട പ്രചാരണ ജാഥ പര്യടനം തുടരുന്നു.

ബുധനാഴ്ച രാവിലെ എടക്കുളം നെറ്റിയാട് സെൻ്ററിൽ നിന്ന് ആരംഭിച്ച പര്യടനം നടവരമ്പ്, കൊറ്റനെല്ലൂർ, അവിട്ടത്തൂർ, പുല്ലൂർ, ആനരുളി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം മുരിയാട് പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു.

സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്റ്റൻ വി. എ. മനോജ് കുമാർ, വൈസ് ക്യാപ്റ്റൻ ആർ. എൽ. ശ്രീലാൽ, മാനേജർ കെ. സി. പ്രേമരാജൻ, കെ. പി. ജോർജ്, സി. ഡി. സിജിത്ത്, ടി. ജി. ശങ്കരനാരായണൻ, ലത ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനം ജില്ല കമ്മിറ്റി അംഗം അഡ്വ. കെ. ആർ. വിജയ ഉദ്ഘാടനം ചെയ്തു. മുരിയാട് ലോക്കൽ സെക്രട്ടറി പി. ആർ. ബാലൻ അധ്യക്ഷനായി.

ഇന്ന് രാവിലെ പുത്തൻ തോട് സെൻ്ററിൽ നിന്ന് ആരംഭിച്ച പ്രചാരണ ജാഥ ഠാണാവിൽ സമാപിക്കും.

അറിവിന്റെ നിറവെളിച്ചമായി അവിട്ടത്തൂര്‍ ഹോളി ഫാമിലി സ്‌കൂൾ ശതാബ്ദിയുടെ നിറവില്‍

ഇരിങ്ങാലക്കുട : അവിട്ടത്തൂരിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഹോളി ഫാമിലി സ്‌കൂള്‍ 100 വര്‍ഷം പിന്നിടുകയാണ്.

അവിട്ടത്തൂരിലെ ഈ അക്ഷരമുറ്റം ഒരു നൂറ്റാണ്ട് മുമ്പ് വരെ ഗുരുകുല വിദ്യാഭ്യാസത്തേയും പാരമ്പര്യാശാന്മാരെയും ആശ്രയിച്ച് മാത്രം അക്ഷരഭ്യാസം നടത്തിയിരുന്നവർക്കിടയിൽ മാറ്റത്തിന്റെ പടിക്കെട്ടുകൾ കൂടിയായിരുന്നു.

അവിട്ടത്തൂര്‍ നിവാസികള്‍ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ആധുനിക രീതിയിലുള്ള പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്തോടെ നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി അന്നത്തെ ഗവണ്‍മെന്റ് 1922ല്‍ അവിട്ടത്തൂര്‍ പള്ളിയുടെ മാനേജ്‌മെന്റിനു കീഴില്‍ ഒരു പ്രൈമറി സ്‌കൂള്‍ അനുവദിക്കുകയായിരുന്നു. കോക്കാട്ട് ദേവസി കൊച്ചുപൗലോസ് ആയിരുന്നു സ്‌കൂള്‍ മാനേജര്‍.

സ്ഥലക്കുറവിനാലും മറ്റു ചില സാങ്കേതിക കാരണങ്ങളാലും പിറ്റേ വര്‍ഷം 1923ല്‍ ഗവണ്‍മെന്റ് ഈ സ്‌കൂളിന്റെ അംഗീകാരം പിന്‍വലിച്ചു. വീണ്ടും നാട്ടുകാരുടെ ആത്മാര്‍ത്ഥ പരിശ്രമത്തിന്റെ ഫലമായി 1925ല്‍ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. ആദ്യവര്‍ഷം ഒന്നാം ക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. കൊല്ലംതോറും ക്ലാസുകള്‍ ആരംഭിച്ച് 1928ലാണ് ഈ സ്ഥാപനം ഒരു പ്രാഥമിക വിദ്യാലയത്തിന്റെ പൂര്‍ണ്ണ വളര്‍ച്ചയിലെത്തിയത്. അന്ന് വിദ്യാലയത്തിന്റെ പ്രഥമ മാനേജര്‍ പൊഴോലിപറമ്പന്‍ റപ്പായി കുഞ്ഞുവറീതും പ്രഥമ ഗുരുനാഥന്‍ ഒ.ഡി. കൊച്ചാക്കോ മാസ്റ്ററും പ്രഥമ ശിഷ്യന്‍ തൊമ്മാന ആഗസ്തി കൊച്ചു ദേവസിയുമായിരുന്നു.

വര്‍ഷങ്ങള്‍ക്കുശേഷം പള്ളി ഇടവകയില്‍ ഒരു കന്യസ്ത്രീമഠം ആരംഭിച്ചു. ഈ ദേവാലയവും വിദ്യാലയവും തിരുകുടുംബ നാമധേയത്തില്‍ അറിയപ്പെടുന്നതിനാല്‍ തിരുകുടുംബ മഠക്കാര്‍ക്കു തന്നെ 1962ല്‍ വിദ്യാലയ ഭരണം ഏല്‍പ്പിച്ചു കൊടുക്കാമെന്ന് പള്ളിയോഗത്തില്‍ തീരുമാനിക്കുകയും 1964ല്‍ ഭരണം കൈമാറുകയും ചെയ്തു.

2004ല്‍ വിദ്യാലയം പുതുക്കി പണിതു. പിന്നീട് നഴ്‌സറിയും നവീകരിച്ചു.

ഇന്ന് ഏകദേശം മുന്നൂറോളം വിദ്യാർഥികൾക്ക് അറിവ് പകരുന്നിടമായി സ്കൂൾ വളർന്നു.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകീട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ മുഖ്യാഥിതിയാകും.

22ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.

പാവനാത്മ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഡെല്‍സി പൊറത്തൂര്‍ അധ്യക്ഷത വഹിക്കും.

കരൂപ്പടന്ന സ്വദേശി കഞ്ചാവുമായി പോലീസിൻ്റെ പിടിയിൽ

ഇരിങ്ങാലക്കുട : കരൂപ്പടന്ന മുസാഫരിക്കുന്നിൽ വാട്ടർ ടാങ്കിന് സമീപത്തു നിന്നും കഞ്ചാവ് കൈവശം വച്ചതിന് അറക്കപ്പറമ്പിൽ ഉമ്മറിന്റെ മകൻ സൈഫുദ്ദീനെ (27) പോലീസ് പിടികൂടി.

മുസാഫരിക്കുന്നിൽ കഞ്ചാവ് ഉപയോഗം വ്യാപകമാണെന്നുള്ള വിവരം കിട്ടിയതനുസരിച്ച് നടത്തിയ പട്രോളിംഗിനിടയിലാണ് സൈഫുദ്ദീൻ പിടിയിലായത്.