പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കുടുംബ സമ്മേളനം

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റിൻ്റെ കുടുംബസമ്മേളനം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് കെ ടി പ്രേമജൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് കെ എം ആന്റണി ഐ പി എസ് (റിട്ട) ഉദ്‌ഘാടനം ചെയ്തു.

സമൂഹത്തിൽ നടക്കുന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം കുടുംബ മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്വങ്ങളും ഉറപ്പിക്കേണ്ടതിന്റെ ആവശ്യകതയും കുടുംബബന്ധങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിന് ആധുനിക സാങ്കേതിക സംവിധാനങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചും വിശദീകരിച്ചു.

റിട്ട എ എസ് പി എം സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി.

യൂണിറ്റ് ട്രഷറർ കെ ടി ശശിധരൻ കഴിഞ്ഞ വർഷം വിടവാങ്ങിയ അംഗങ്ങളെ സ്മരിച്ച് സംസാരിച്ചു.

ഷോബി വർഗ്ഗീസ് സ്വാഗതം സുഭദ്രക്കുട്ടിയമ്മ നന്ദിയും പറഞ്ഞു.

തുടർന്ന് വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി.

വെസ്റ്റ് ലയൺസ് ക്ലബ്ബിൽ അംഗത്വ വിതരണം നടത്തി

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബില്‍ അംഗത്വം സ്വീകരിക്കുന്ന പുതിയ അംഗങ്ങള്‍ക്ക് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് വളപ്പില സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് അംഗത്വം നല്‍കി.

വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ എ ജോസഫ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സി ജെ ആന്റോ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ലീന ജെയിംസ്, ക്യാബിനറ്റ് സെക്രട്ടറി കെ എസ് പ്രവീണ്‍, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറിമാരായ ജെയിംസ് അഞ്ചേരി, ശ്രീധരന്‍ നായര്‍, കെ പാപ്പച്ചന്‍, എല്‍ സി ഐ എഫ് കോര്‍ഡിനേറ്റര്‍ പ്രിന്‍സ് തോമസ്, റീജിയണ്‍ ചെയര്‍മാന്‍ കെ എസ് പ്രദീപ്, സോണ്‍ ചെയര്‍മാന്‍ അഡ്വ ജോണ്‍ നിധിന്‍ തോമസ്, ഡിസ്ട്രിക്ട് ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍, ട്രഷറര്‍ നളിന്‍ എസ് മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചടങ്ങിൽ വെസ്റ്റ് ലയണ്‍സ് ക്ലബ്ബിലെ മുതിര്‍ന്ന അംഗം എന്‍ വിശ്വനാഥമേനോനെ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ആദരിച്ചു.

റൂറൽ ജില്ല സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അധ്യാപകരുടെ യോഗം

ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ പൊലീസ് ജില്ലയിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പദ്ധതിയിലെ അധ്യാപകരുടെ യോഗം നടത്തി.

ഇരിങ്ങാലക്കുട പി ടി ആർ മഹൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗം റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ഉദ്ഘാടനം ചെയ്തു.

ഡി സി ആർ ബി ഡി വൈ എസ് പി എസ് വൈ സുരേഷ് അധ്യക്ഷത വഹിച്ചു.

റൂറൽ ജില്ലാ പൊലീസ് പരിധിയിൽ ഉൾപ്പെടുന്ന 225 സ്കൂളുകളിലെ എസ് പി ജി കോർഡിനേറ്റർമാരായ അധ്യാപകർ യോഗത്തിൽ പങ്കെടുത്തു.

സ്കൂൾ പ്രൊട്ടക്ഷൻ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള അധ്യാപകരുടെ സംശയങ്ങൾക്ക് ജില്ലാ പൊലീസ് മേധാവി മറുപടി നൽകി.

തുടർന്ന് തൃശൂർ എക്സൈസ് ഡിവിഷനിലെ വിമുക്തി കോർഡിനേറ്റർ ഷഫീഖ് യൂസഫ് അധ്യാപകർക്ക്  ക്ലാസ്സെടുത്തു.

വലമുറുക്കി തൃശൂർ റൂറൽ ജില്ലാ പൊലീസ് ; 4 മണിക്കൂറിൽ പിടിയിലായത് 17 പിടികിട്ടാപ്പുള്ളികൾ

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലെ സാമൂഹ്യ വിരുദ്ധർ, ഗുണ്ടകൾ, പിടികിട്ടാ പുള്ളികൾ, വാറണ്ടു പ്രതികൾ എന്നിവരെ പിടികൂടുന്നതിനും ലഹരിവസ്തുക്കൾ കണ്ടുപിടിക്കുന്നതിനുമായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ നിർദ്ദേശാനുസരണം നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ പിടിയിലായത് നൂറിൽ പരം പ്രതികൾ.

മുന്നൂറോളം സാമൂഹ്യ വിരുദ്ധരെയും ഗുണ്ടകളെയും പരിശോധിച്ചതിൽ 20 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

പിടികിട്ടാപ്പുള്ളികളായ 17 പേരെയും, വാറണ്ട് പ്രതികളായ 113 പേരെയും അറസ്റ്റ് ചെയ്തു.

85 ഓളം പേരെ കരുതൽ തടങ്കലിലാക്കി.

നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതിന് അഞ്ചു കേസുകളും, നിയമ വിരുദ്ധമായി പുകയില ഉൽപ്പന്നങ്ങൾ വില്‍പ്പന നടത്തിയതിനും ഉപയോഗിച്ചതിനുമായി ഏഴു കേസുകളും, മദ്യപിച്ച് വാഹനമോടിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.

മുരിയാട് പഞ്ചായത്ത് ഓഫീസിൽ സൗരോർജ്ജ സംവിധാനമൊരുങ്ങി

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിൻ്റെ മൂന്നാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് ഓഫീസിൽ സോളാർ പവർ സംവിധാനം നിലവിൽ വന്നു.

7 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയാവുന്ന സോളാർ സംവിധാനമാണ് സ്ഥാപിച്ചത്.

ഏകദേശം 6.5 ലക്ഷം രൂപയോളം ചെലവ് വരുന്ന പദ്ധതിയാണിത്.

പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള സോളാർ സംവിധാനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സരിത സുരേഷ്, കെ യു വിജയൻ, ഭരണ സമിതി അംഗങ്ങളായ തോമസ് തൊകലത്ത്, എ എസ് സുനിൽകുമാർ, നിജി വത്സൻ, കെ വൃന്ദകുമാരി, ശ്രീജിത്ത് പട്ടത്ത്, ജിനി സതീശൻ, നിഖിത അനൂപ്, സേവ്യർ ആളൂക്കാരൻ, മനീഷ മനീഷ്, മണി സജയൻ, റോസ്മി ജയേഷ്, നിത അർജ്ജുനൻ, തുടങ്ങിയവർ പ്രസംഗിച്ചു.

പഞ്ചായത്ത് സെക്രട്ടറി കെ പി ജസീന്ത സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി പി ബി ജോഷി നന്ദിയും പറഞ്ഞു.

കടുപ്പശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രം ബാലാലയ പ്രതിഷ്ഠാദിന മഹോത്സവം 2നും 3നും

ഇരിങ്ങാലക്കുട : കടുപ്പശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ബാലാലയ പ്രതിഷ്ഠാദിന മഹോത്സവം ഫെബ്രുവരി 2, 3 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഫെബ്രുവരി 3ന് രാവിലെ 8 മണിക്ക് കടുപ്പശ്ശേരി സെൻ്ററിൽ നിന്നും ആരംഭിക്കുന്ന എഴുന്നള്ളിപ്പിനെ തുടർന്ന് 9.30ന് ആചാരാനുഷ്ഠാനങ്ങളോടുകൂടി ക്ഷേത്രം തന്ത്രി എക്കോട്ട് ഇല്ലത്ത് സൂര്യനാരായണൻ നമ്പൂതിരി പുന:പ്രതിഷ്ഠാ ചടങ്ങ് നിർവ്വഹിക്കും.

ഉച്ചയ്ക്ക് 12 മണിക്ക് പ്രസാദഊട്ട് ഉണ്ടായിരിക്കും.

വൈകീട്ട് 6.30ന് ആരംഭിക്കുന്ന സമാപന പൊതുസമ്മേളനത്തിൽ മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ മണികണ്ഠൻ മുഖ്യാതിഥിയാകും.

തുടർന്ന് കച്ചേരിപ്പടി ശ്രീദുർഗ്ഗ തിരുവാതിരസംഘം അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും ശ്രീഭദ്ര കടുപ്പശ്ശേരി, മൈഥിലി കടുപ്പശ്ശേരി എന്നിവർ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും അരങ്ങേറും.

പ്രസിഡന്റ് ജിജ്ഞാസ് മോഹൻ കിഴുവാട്ടിൽ, സെക്രട്ടറി രാജൻ ഇഞ്ചിപ്പുല്ലുവളപ്പിൽ, ക്ഷേത്രം തന്ത്രി എക്കോട്ട് ഇല്ലത്ത് സൂര്യനാരായണൻ നമ്പൂതിരി, രക്ഷാധികാരികളായ രാമചന്ദ്രൻ തവളക്കുളങ്ങര, ഹരി നക്കര എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ശ്രമദാൻ റോഡ് റെസിഡൻ്റ്സ് അസോസിയേഷൻ വാർഷികം നാളെ

ഇരിങ്ങാലക്കുട : ശ്രമദാൻ റോഡ് റെസിഡൻ്റ്സ് അസോസിയേഷന്റെ 3-ാം വാർഷികാഘോഷം ഫെബ്രുവരി 2ന് വൈകീട്ട് 6 മണിക്ക് ഡോളേഴ്സ് ചർച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.

പ്രസിഡന്റ് തറമ്മൽ അപ്പുക്കുട്ടൻ നായർ അധ്യക്ഷത വഹിക്കും.

വൈസ് പ്രസിഡന്റ് ടി ശ്രീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും.

ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ സാനിറ്റേഷൻ കോംപ്ലക്സിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിൻ്റെ മൂന്നാം നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ സാനിറ്റേഷൻ കോംപ്ലക്സിന് തറക്കല്ലിട്ടു.

നിർമ്മാണോദ്ഘാടനം മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതിദേവി നിർവഹിച്ചു.

വാർഡ് മെമ്പർ കെ വൃന്ദകുമാരി അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ ശ്രീജിത് പട്ടത്ത്, പി ടി എ പ്രസിഡൻ്റ് ടി എസ് മനോജ് കുമാർ, പ്രധാനാധ്യാപകൻ ടി അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

മാനേജർ പ്രതിനിധി എ എൻ വാസുദേവൻ സ്വാഗതവും മാതൃസംഗമം പ്രസിഡൻ്റും പഞ്ചായത്ത് മെമ്പറുമായ നിജി വത്സൻ നന്ദിയും പറഞ്ഞു.

പഞ്ചായത്ത്‌ എഞ്ചിനീയർ, ഓവർസിയർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യവിൽപ്പന നടത്തിയ ചിരട്ടക്കുന്ന് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി

ഇരിങ്ങാലക്കുട : ചിരട്ടക്കുന്ന് സെൻ്ററിൽ ആക്ടീവ സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യവിൽപ്പന നടത്തിയ വള്ളിവട്ടം ചിരട്ടക്കുന്ന് സ്വദേശി തെക്കേ വീട്ടിൽ ബാലൻ മകൻ ഉണ്ണികൃഷ്ണനെ (49) എക്സൈസ് സംഘം പിടികൂടി.

14 കുപ്പികളിലായി 7 ലിറ്റർ മദ്യവും, മദ്യ വിൽപ്പനയ്ക്ക് ഉപയോഗിച്ച സ്കൂട്ടറും, മദ്യം വിറ്റ് ലഭിച്ച 1560 രൂപയുമായി ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറും സംഘവുമാണ് ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഇ പി ദിബോസ്, എ സന്തോഷ്, സി കെ ചന്ദ്രൻ, സി വി ശിവൻ, (ഗ്രേഡ്) പ്രിവൻ്റീവ് ഓഫീസർ വി വി ബിന്ദുരാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രഞ്ജു വിനോദ്, ഡ്രൈവർ കെ കെ സുധീർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.