തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂൾ വാർഷികം

ഇരിങ്ങാലക്കുട : തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂൾ വാർഷികം പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. 

വികാരി പ്രൊവിൻഷ്യൽ സിപിഒ ഡി പോൾ അധ്യക്ഷത വഹിച്ചു. 

കോർപ്പറേറ്റ് മാനേജർ

സി ലെസ്‌ലി, സെൻ്റ് ജോസഫ് പള്ളി വികാരി ഫാ സെബി കൂട്ടാലപറമ്പിൽ, എഇഒ

എം സി നിഷ, പ്രധാനാധ്യാപിക

സി ജെർമെയ്ൻ, പഞ്ചായത്ത് അംഗങ്ങളായ റോസ്മി ജയേഷ്, തോമസ് തൊകലത്ത്, പി ടി എ പ്രസിഡൻ്റ് അജോ ജോൺ, സ്കൂൾ ലീഡർ മിഥുൻ, മദർ സുപ്പീരിയർ സി ഷീൻ, സി നിമിഷ,

സി ഫെമി എന്നിവർ പ്രസംഗിച്ചു.

ഓപ്പറേഷൻ കാപ്പ തുടരുന്നു : കുപ്രസിദ്ധ മയക്കുമരുന്ന് ഗുണ്ട ഷമീർ അറസ്റ്റിൽ 

ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് ഗുണ്ട കരുവന്നൂർ സ്വദേശി നെടുപുരക്കൽ വീട്ടിൽ ഷമീറിനെ കാപ്പ ചുമത്തി ജയിലിലടച്ചു. 

2010ൽ ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലും, 2012, 2014 വർഷങ്ങളിൽ ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിലും വിൽപ്പനക്കായി കഞ്ചാവ്  കൈവശം സൂക്ഷിച്ച കേസ്സുകളിലും, 2023ൽ വലപ്പാട് സ്റ്റേഷൻ പരിധിയിൽ 13 ഗ്രാം എം ഡി എം എ യും, 2024ൽ മണ്ണുത്തി സ്റ്റേഷൻ പരിധിയിൽ 95 ഗ്രാം എം ഡി എം എയും വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച കേസ്സിലും ഉൾപ്പെടെ 9 ഓളം കേസ്സുകളിൽ പ്രതിയാണ്. 

മണ്ണുത്തി കേസ്സിൽ ജാമ്യത്തിൽ ഇറങ്ങുവാനിരിക്കെയാണ് കാപ്പ ചുമത്തിയത്. 

ഓപ്പറേഷൻ കാപ്പ വഴി 26 ഗുണ്ടകളെ കാപ്പ ചുമത്തി.  16 പേരെ കാപ്പ പ്രകാരം നാടു കടത്തി.  10 പേരെ ജയിലിലടച്ചു. 

കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

ഉപ്പുംതുരുത്തിയിൽ പാലം വേണം : കേരള കോൺഗ്രസ്

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിനെയും എടത്തിരുത്തി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഉപ്പുംതുരുത്തിയിൽ പാലം നിർമിക്കണമെന്ന് കേരള കോൺഗ്രസ് പടിയൂർ നോർത്ത് മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. 

യു ഡി എഫ് സർക്കാരിന്റെ കാലത്ത് പ്രാരംഭ നടപടികൾ ആരംഭിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായിരുന്നില്ല. 

നേരത്തെ ഇവിടെ പഞ്ചായത്ത് വക കടത്ത് ഉണ്ടായിരുന്നെങ്കിലും അത് നിലച്ചതോടെ ഇവിടുത്തുകാരുടെ യാത്ര ദുരിതമായിരിക്കുകയാണ്.  പാലം നിർമാണവുമായി ബന്ധപ്പെട്ട് സമര പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. 

യോഗം ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. 

ഷമീർ മങ്കാട്ടിൽ ഉപ്പുംതുരുത്തി അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, ജില്ലാ സെക്രട്ടറി സേതുമാധവൻ,  മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ഓളാട്ടുപുറം, ഷക്കീർ ഉപ്പുംതുരുത്തി, ആന്റോ ഐനിക്കൽ എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി അഷ്‌ക്കർ മുഹമ്മദ് (പ്രസിഡന്റ്), നിഷാൽ (വൈസ് പ്രസിഡന്റ്)  സൈമ മങ്കാട്ടിൽ (സെക്രട്ടറി), സീനത്ത് ഷമീർ,  മഞ്ജു അനിൽ (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ഇടതുപക്ഷ ദുർഭരണത്തിനെതിരെ കോൺഗ്രസിൻ്റെ ധർണ്ണ

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ഇടതുപക്ഷ ദുർഭരണത്തിനെതിരെയും വികസന മുരടിപ്പിനെതിരെയും വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

കോൺഗ്രസ്‌ മെമ്പർമാരോടുള്ള രാഷ്ട്രീയ അവഗണന അവസാനിപ്പിക്കുക, ജലനിധി നടത്തിപ്പിലെ അഴിമതി അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. 

പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വക്കേറ്റ് ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ എ എ മുസമ്മിൽ അധ്യക്ഷത വഹിച്ചു. 

മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കമാൽ കാട്ടകത്ത് ആമുഖപ്രഭാഷണം നടത്തി. 

ബ്ലോക്ക്‌ വൈസ് പ്രസിഡന്റുമാരായ ഇ വി സജീവ്, ധർമജൻ വില്ലേടത്ത്, എ ചന്ദ്രൻ, നസീമ നാസർ, പീപ്പിൾ സഹകരണ ബാങ്ക് പ്രസിഡന്റ്‌ എ ആർ രാമദാസ്, കെ എൻ സജീവൻ, ജോപ്പി, സാബു കണ്ടത്തിൽ, കെ ഐ നജാഹ്, ഷംസു വെളുത്തേരി, സലിം അറക്കൽ, കെ കൃഷ്ണകുമാർ, സതീശൻ, മല്ലിക ആനന്ദൻ, മഞ്ജു ജോർജ്, മഹേഷ്‌ ആലുങ്കൽ എന്നിവർ പ്രസംഗിച്ചു.

നൗഷാദ് ചിലങ്ക, രാജീവ്‌ വള്ളിവട്ടം, സുനിൽ, കബീർ കാരുമാത്ര, സക്കീർ ഹുസൈൻ, ഇ കെ ജോബി, മുഹമ്മദാലി മാതിരപ്പിള്ളി എന്നിവർ നേതൃത്വം നൽകി.

വി മോഹൻദാസ് സ്വാഗതവും, പഞ്ചായത്ത്‌ മെമ്പർ ബഷീർ മയ്യക്കാരൻ നന്ദിയും പറഞ്ഞു.

ആനക്കാരന്റെ കഥാകാരന് ആനക്കാരുടെ സ്വീകരണം

ഇരിങ്ങാലക്കുട : ”വെൺചാമരം” എന്ന നോവലിലൂടെ മഹാദേവൻ എന്ന് പേരുള്ള ആനയുടെയും ശിവൻകുട്ടി എന്ന ആനക്കാരന്റെയും സംഭവബഹുലമായ ജീവിതത്തെ അവിസ്മരണീയമാക്കിയ എഴുത്തുകാരൻ വൈശാഖി നന്ദകുമാറിന് ഒരുകൂട്ടം ആനക്കാർ ചേർന്നൊരുക്കിയ സ്വീകരണം ശ്രദ്ധേയമായി.

കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് കുഞ്ഞിലിക്കാട്ടിൽ ബിനോയ് പുരുഷോത്തമന്റെ വസതിക്കു മുന്നിൽ സംഘടിപ്പിച്ച ചടങ്ങിൽ മുതിർന്ന ആനക്കാരായ പ്രേമനും ജയേഷും കൂടി നന്ദകുമാറിനെ പൊന്നാട ചാർത്തി ആദരിച്ചു.

പ്രശസ്ത മൃദംഗ കലാകാരൻ സുധാമൻ, ബിനോയ് കുഞ്ഞിലിക്കാട്ടിൽ, സഗീഷ്, അനീഷ്, ഷൈജു ഷോഗൺ, മുരളീധരൻ, ശിവൻ, ജിത ബിനോയ്, ബാബുരാജ് പൊറത്തിശ്ശേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കലാസാഹിത്യ സംഘടനയായ സെവൻസ് സ്റ്റാർസ് മീഡിയ തോപ്പിൽ ഭാസിയുടെ പേരിൽ നൽകുന്ന “സാഹിത്യ പുരസ്കാരം” നേടിയ കൃതിയാണ് വെൺചാമരം.

സംസ്ഥാന ബജറ്റ്‌ : ഇരിങ്ങാലക്കുടയിൽ ഇന്നസെന്റ് – പി ജയചന്ദ്രൻ സ്മാരകം ഉൾപ്പെടെ 51.52 കോടി രൂപയുടെ പദ്ധതികൾ

ഇരിങ്ങാലക്കുട : ഇന്നസെന്റ് – പി ജയചന്ദ്രൻ സ്മാരകം ഉൾപ്പെടെ 51.52 കോടി രൂപയുടെ പദ്ധതികളുമായി ഇരിങ്ങാലക്കുടയ്ക്ക് വൻ വികസനക്കുതിപ്പേകാൻ സംസ്ഥാന ബജറ്റ്.

ഇരിങ്ങാലക്കുട എജ്യൂക്കേഷണൽ ഹബ്ബ്, ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് നവീകരണം, പച്ചക്കുട സമഗ്ര കാർഷികവികസന പദ്ധതി തുടങ്ങിയ നിർദ്ദേശങ്ങൾക്കെല്ലാം ഇടം നൽകിയ ജനകീയ ബജറ്റിന് ധനമന്ത്രി കെ എൻ ബാലഗോപാലിന്‌ അഭിനന്ദനങ്ങൾ അർപ്പിച്ച് മന്ത്രി ഡോ ആർ ബിന്ദു.

ഇന്നസെന്റ് – പി ജയചന്ദ്രൻ സ്മാരകത്തിന് 5 കോടി രൂപ, ഇരിങ്ങാലക്കുട എജ്യുക്കേഷണൽ ഹബ്ബിന് 6 കോടി രൂപ, ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് നവീകരണത്തിന് 5 കോടി രൂപ, മണ്ഡലത്തിലെ തനത് സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചക്കുടയ്ക്ക് 1 കോടി രൂപ എന്നിങ്ങനെയാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്.

കൂടാതെ ഭിന്നശേഷി പുനരധിവാസ രംഗത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംസ്ഥാന സർക്കാരിന്റെ അഭിമാന സ്ഥാപനമായ കല്ലേറ്റുംകരയിലെ നിപ്മറിന് 18 കോടി രൂപയും കേരള ഫീഡ്സിന് 16.02 കോടി രൂപയും ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിന് 50 ലക്ഷം രൂപയും അനുവദിക്കപ്പെട്ടതായി മന്ത്രി അറിയിച്ചു.

ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് നവീകരണം, കൊമ്പിടി ജംഗ്ഷൻ വികസനം, മുനയം റെഗുലേറ്റർ കം ബ്രിഡ്ജ്,
പുല്ലൂർ – ഊരകം – കല്ലംകുന്ന് റോഡ്, കെ എൽ ഡി സി കനാൽ – ഷണ്മുഖം കനാൽ സംയോജനം,
എടക്കുളത്ത് ഷണ്മുഖം കനാലിന് പാലം (മരപ്പാലം) നിർമ്മാണം, പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ പുതിയ കെട്ടിടം നിർമ്മാണം, കൊരുമ്പിശ്ശേരി അഗ്രോ പാർക്ക് നിർമ്മാണം, ആളൂർ കമ്യൂണിറ്റി ഹാൾ, പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനത്ത് മിനി ഇൻഡോർ സ്റ്റേഡിയം, കാറളം ആലുക്കകടവ് പാലം, കൂടൽമാണിക്യം പടിഞ്ഞാറേ നട മുതൽ പൂച്ചക്കുളം വരെയുള്ള റോഡ് നവീകരണം, താണിശ്ശേരി കെഎൽഡിസി കനാലിൽ ബോട്ടിംഗ്, സമീപത്ത് ഓപ്പൺ ജിം, താണിശ്ശേരി ശാന്തി പാലം വീതി കൂട്ടി പുന:ർനിർമ്മാണം,
താണിശ്ശേരി കെ എൽ ഡി സി ബണ്ട് പുനരുദ്ധാരണം എന്നിവയാണ് ബജറ്റിൽ ഇടം നേടിയ മറ്റ് പ്രവർത്തികൾ.

എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പടിയൂര്‍ ബ്രാഞ്ച് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പടിയൂര്‍ ബ്രാഞ്ച് ഓഫീസ് കെട്ടിടം മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് ഇ വി ബാബുരാജന്‍ അധ്യക്ഷത വഹിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് നല്‍കിയ ധനസഹായം മന്ത്രി ഏറ്റുവാങ്ങി.

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് അശോകന്‍, ബാങ്ക് വൈസ് പ്രസിഡന്റ് സിന്ധു പ്രദീപ്, ടി ആര്‍ ഭുവനേശ്വരന്‍, കെ സി ബിജു, വാണികുമാര്‍ കോപ്പുള്ളി പറമ്പില്‍, വി എ മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

നിര്യാതനായി

അന്തോണി

ഇരിങ്ങാലക്കുട : ചേലൂർ തേമാലിതറ അച്ചങ്ങാടൻ ദേവസി മകൻ അന്തോണി (അന്തപ്പൻ – 83) നിര്യാതനായി.

സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് 4 മണിക്ക്
ചേലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ : ത്രേസ്യ

മക്കൾ : സാജൻ (കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റ്), ആന്റിസൻ (മസ്കറ്റ്), സാജി റോയ്, റോബിൻ (മസ്കറ്റ് )

മരുമക്കൾ : ബ്രിജിത്ത്, ജിസ്സി, റോയ് (മസ്കറ്റ്), മിറാന്റാ

മാപ്രാണം – നന്തിക്കര റോഡ് നിർമ്മാണം 10ന് ആരംഭിക്കും : 3 ദിവസത്തേക്ക് പൂർണ്ണ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട : മാപ്രാണം നന്തിക്കര റോഡിൽ നെടുമ്പാൾ മുതൽ നന്തിക്കര വരെയുള്ള റോഡ് ടാറിംഗ് ചെയ്യുന്നതിൻ്റെ ഭാഗമായി
ഫെബ്രുവരി 10 മുതൽ വാഹന ഗതാഗതം 3 ദിവസത്തേക്ക് പൂർണ്ണമായും നിയന്ത്രിക്കും.

ഇരിങ്ങാലക്കുട വഴി വരുന്ന വാഹനങ്ങൾ നെടുമ്പാൾ ജംഗ്ഷനിൽ നിന്നും ഇടതുവശത്തേക്ക് തിരിഞ്ഞ് പള്ളം – കുറുമാലി വഴി ഹൈവേയിലേക്കും തിരിച്ചുള്ള വാഹനങ്ങൾ കുറുമാലി – പള്ളം – രാപ്പാൾ – നെടുമ്പാൾ ജംഗ്ഷൻ വഴി ഇരിങ്ങാലക്കുടയ്ക്കും പോകേണ്ടതാണെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

എടതിരിഞ്ഞിയിലെ ഭൂമിയുടെ ഉയർന്ന ഫെയർ വാല്യൂ : പ്രതിഷേധവുമായി കോൺഗ്രസ്

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ അന്യായമായ ഫെയർ വാല്യൂ പുനർനിർണ്ണയം ചെയ്യണമെന്നാവശ്യപ്പെട്ട് പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കാത്തുരുത്തി സെൻ്ററിൽ പ്രതിഷേധ വിശദീകരണ യോഗം നടത്തി.

മണ്ഡലം പ്രസിഡന്റ് എ ഐ സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.

സങ്കീർണമായ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നതുവരെ ശക്തമായ ബഹുജന സമരങ്ങളുമായി മണ്ഡലം കമ്മിറ്റി മുന്നോട്ടു പോകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ഡി സി സി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി പറഞ്ഞു.

കാട്ടൂർ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് സിദ്ദിഖ് കറപ്പംവീട്ടിൽ മുഖ്യാതിഥിയായി.

ബ്ലോക്ക് ജനറൽ സെക്രട്ടറി കെ കെ ഷൗക്കത്തലി, മണ്ഡലം വൈസ് പ്രസിഡന്റ് ഒ എൻ ഹരിദാസ്, ബ്ലോക്ക് മുൻ സെക്രട്ടറി സി എം ഉണ്ണികൃഷ്ണൻ, വി കെ നൗഷാദ്, കെ ആർ ഔസേപ്പ്, ഇ എൻ ശ്രീനാഥ്, പി ടി ജോസ്, ബാലൻ വലിയപറമ്പിൽ, എം വി കുമാരൻ, ഷെറിൻ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.