ഡൽഹിയിലെ ഉജ്ജ്വല വിജയം : ഇരിങ്ങാലക്കുടയിൽ ബി ജെ പി യുടെ വിജയാഹ്ലാദം

ഇരിങ്ങാലക്കുട : ഉജ്ജ്വലമായ ഡൽഹി വിജയത്തിൽ ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു.

പാർട്ടി മണ്ഡലം ഓഫീസിന് മുൻപിൽ നിന്നും ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻ്റ് വഴി ഠാണാ ജംഗ്ഷൻ ചുറ്റി തിരിച്ച് ആൽത്തറയ്ക്കൽ സമാപിച്ചു.

പടക്കം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും മധുരം വിതരണം ചെയ്തും പ്രവർത്തകർ ഇരിങ്ങാലക്കുടയിൽ വിജയാഹ്ലാദം പങ്കു വച്ചു.

മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്, സ്റ്റേറ്റ് കൗൺസിൽ അംഗം കെ സി വേണുമാസ്റ്റർ, മുൻ മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, നേതാക്കളായ ഷൈജു കുറ്റിക്കാട്ട്, കവിത ബിജു, വി സി രമേഷ്, രാമചന്ദ്രൻ കോവിൽപറമ്പിൽ, സുനിൽ തളിയപറമ്പിൽ, ജോജൻ കൊല്ലാട്ടിൽ, രാജൻ കുഴുപ്പുള്ളി, സന്തോഷ് ബോബൻ, അജീഷ് പൈക്കാട്ട്, അമ്പിളി ജയൻ, രാഗി മാരാത്ത്, ടി ഡി സത്യദേവ്, ശ്യാംജി, ഇ കെ അമർദാസ്, സന്തോഷ് കാര്യാടൻ, സരിത സുഭാഷ്, സിന്ധു സോമൻ എന്നിവർ നേതൃത്വം നൽകി.

ഭാരതീയ വിദ്യാഭവനിൽ ”കളമരങ്ങ്” കലാശില്പശാല 10ന്

ഇരിങ്ങാലക്കുട : അന്യം നിന്നു പോകുന്ന നാടൻകലകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, ഭാരതീയ വിദ്യാഭവന്റെയും ഇൻഫോസിസ് ഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കല പ്രോത്സാഹന യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ശില്പശാലയ്ക്ക് ഭാരതീയ വിദ്യാഭവൻ വേദിയാകും.

കളമെഴുത്ത്, ഓട്ടൻതുള്ളൽ എന്നീ കലാരൂപങ്ങളെ ആസ്പദമാക്കിയുള്ള ശില്പശാല ഫെബ്രുവരി 10 തിങ്കളാഴ്ച രാവിലെ 9.30ന് ആരംഭിക്കും.

നമ്മുടെ അനുഷ്ഠാന, ക്ഷേത്ര, നാടൻ കലാരൂപങ്ങളെക്കുറിച്ച് പുതുതലമുറയിൽ അവബോധം സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായി ശില്പശാലയിൽ വിവിധ കലാരൂപങ്ങൾ ആസ്വദിക്കാൻ അവസരം ഒരുക്കും.

ശില്പശാല പ്രസിദ്ധ കളമെഴുത്ത് കലാകാരനും കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ കടന്നമണ്ണ രാമകൃഷ്ണൻ, കേരള കലാമണ്ഡലം ഓട്ടൻതുള്ളൽ വിഭാഗം മേധാവിയും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ കലാമണ്ഡലം മോഹനകൃഷ്ണൻ എന്നിവർ നയിക്കും.

നിര്യാതനായി

വൈദ്യനാഥൻ

ഇരിങ്ങാലക്കുട : കണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിനു സമീപം “ശ്രീ ഗണേഷി”ൽ താമസിക്കുന്ന വൈദ്യനാഥൻ (സ്വാമി – 74) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : ഭഗവതി

മക്കൾ : ഗണേഷ് (ശ്രീകണ്ഠേശ്വരം ക്ഷേത്രം സ്റ്റാഫ്), ഹരീഷ് (മൃദംഗം ആർട്ടിസ്റ്റ്)

ഫർണിച്ചർ കടയിൽ സാധനങ്ങൾ ഇറക്കുന്നവരെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

വലപ്പാട് : ഫെബ്രുവരി 7ന് തൃപ്രയാർ കിഴക്കേ ടിപ്പു സുൽത്താൻ റോഡിലുളള ഫർണിച്ചർ കടയിൽ പെരിങ്ങോട്ടുകര സ്വദേശിയായ സായ് രാജും പണിക്കാരും ചേർന്ന് സാധനങ്ങൾ ഇറക്കിയതിലുളള വിരോധത്തിൽ സായ് രാജിൻ്റെ കൂടെയുണ്ടായിരുന്ന പണിക്കാരനായ സബിയെ അടിക്കുകയും ചോദ്യം ചെയ്ത സായ്രാജിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് ഗുരുതരമായ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ.

നാട്ടിക സ്വദേശി ആറുകെട്ട് വീട്ടിൽ ഷിബു (39), തൃപ്രയാർ സ്വദേശി കളിച്ചത്തിൽ വീട്ടിൽ രതീഷ് (43), വലപ്പാട് സ്വദേശി ചീരായി വീട്ടിൽ ഉണ്ണികൃഷ്ണൻ (40), നാട്ടിക നമ്പട്ടി വീട്ടിൽ രാധാകൃഷ്ണൻ (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇതിൽ ഷിബുവിന്റെ പേരിൽ വലപ്പാട് സ്റ്റേഷനിൽ 2009ൽ 2 അടിപിടി കേസും 2002ൽ ഒരു അടിപിടി കേസും 2010ൽ ഒരു വധശ്രമ കേസും ഉണ്ട്.

എൻ എസ് എസ് ജന്മനക്ഷത്ര കാണിയ്ക്ക സമാഹരണം

ഇരിങ്ങാലക്കുട : നായർ സർവീസ് സൊസൈറ്റിയുടെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണമായ ജന്മനക്ഷത്ര കാണിക്ക സമർപ്പണത്തിൻ്റെ മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം കൊടുങ്ങല്ലൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് സി രാജശേഖരൻ നിർവ്വഹിച്ചു.

താലൂക്കിലെ വിവിധ കരയോഗങ്ങളുടെ പ്രതിനിധികൾ ജന്മനക്ഷത്ര കാണിയ്ക്ക സമർപ്പിച്ചു.

താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ ഡി ശങ്കരൻകുട്ടി ഏറ്റുവാങ്ങി.

പ്രതിനിധി സഭാംഗം കെ ബി ശ്രീധരൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ആർ ബാലകൃഷ്ണൻ, രവി കണ്ണൂർ, സി വിജയൻ, ശ്രീദേവീ മേനോൻ, മായ എന്നിവർ സംബന്ധിച്ചു.

യൂണിയൻ സെക്രട്ടറി എസ് കൃഷ്ണകുമാർ സ്വാഗതവും, മേഖലാ പ്രതിനിധി സി രാജഗോപാൽ നന്ദിയും പറഞ്ഞു.

ഓരോ സമുദായ അംഗവും തൻ്റെ കുടുബാംഗങ്ങളുടെ ജന്മദിനത്തോടനുബന്ധിച്ച് എൻ എസ് എസ്സിന് നൽകുന്ന സമർപ്പണമാണ് ജന്മനക്ഷത്ര കാണിയ്ക്ക.

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം സംഗമേശ്വര ആയുർവേദ ഗ്രാമത്തിന്റെ നേതൃത്വത്തിൽ ആയുർവേദ ചികിത്സാലയത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.

ദേവസ്വം ഭരണസമിതി അംഗം അഡ്വ അജയ്കുമാർ അധ്യക്ഷത വഹിച്ചു.

ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ആയുർവേദ ചികിത്സാ കേന്ദ്രം ഡയറക്ടർ ഡോ കേസരി മേനോൻ, പ്രൊഫ ഡോ എം പി പ്രവീൺ, ഡോ രാധാമണി, ഡോ കെ ലക്ഷ്മി, ഡോ ഭോനാ ബാലകൃഷ്ണൻ, ഡോ നീരജ ശ്യാം, ഡോ കെ എൽ വിഷ്ണു എന്നിവർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു ചികിത്സകൾ നിശ്ചയിച്ചു.

ക്യാമ്പിൽ പങ്കെടുത്ത നൂറോളം രോഗികൾക്ക് സൗജന്യ ആയുർവേദ ഔഷധങ്ങൾ വിതരണം ചെയ്തു.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ഒഡീസി നൃത്ത ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേന്ദ്ര സാംസ്കാരിക വകുപ്പും സ്പിക് മാക്കെയും സംയുക്തമായി നടത്തുന്ന കലാ പൈതൃക പ്രചാരണയജ്ഞത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ഒഡീസി ശില്പശാല സംഘടിപ്പിച്ചു.

പ്രസിദ്ധ ഒഡീസി നർത്തകി മധുലിത മൊഹപാത്ര ശില്പശാല നയിച്ചു.

ബസിഷ്ഠ നായക്, സൗഭാഗ്യ നാരായൺ ചൗധരി, ജഗബന്ധു നായിക് എന്നീ സംഗീതകലാകാരന്മാരും പങ്കുചേർന്നു.

ഉദ്ഘാടന സമ്മേളനത്തിൽ സ്പിക്മാക്കെ തൃശൂർ കോഡിനേറ്റർ ഉണ്ണി വാര്യർ, സ്കൂൾ ചെയർമാൻ അപ്പുക്കുട്ടൻ നായർ, വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം പി എൻ മേനോൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, പി ടി എ പ്രസിഡന്റ്‌ ഡോ ജീന ബൈജു തുടങ്ങിയവർ പങ്കെടുത്തു.

മധുലിത മൊഹപാത്ര ഒഡീസി എന്ന കലാരൂപത്തെക്കുറിച്ച് വിശദീകരിക്കുകയും നൃത്താവതരണം നടത്തുകയും ചെയ്തു.

വിദ്യാർഥികൾക്ക് മധുലിത മൊഹപാത്രയോടൊപ്പം നൃത്തം ചെയ്യാൻ അവസരം ലഭിച്ചു.

അധ്യാപികമാരായ വിദ്യ സ്വാഗതവും സീമ നന്ദിയും പറഞ്ഞു.

സീനിയോറിറ്റി നഷ്ടപ്പെടാതെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം

ഇരിങ്ങാലക്കുട : എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് നിരവധി അപേക്ഷകൾ സർക്കാരിൽ ലഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 1995 ജനുവരി 1 മുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് ഏപ്രിൽ 30 വരെ സമയം അനുവദിച്ചതായി ഗവർണറുടെ ഉത്തരവിൻ പ്രകാരം സെക്രട്ടറി ഡോ കെ വാസുകി ഐ എ എസ് അറിയിച്ചു.

കോർട്ട് ഫീസ് കുത്തനെ വർധിപ്പിക്കാനുള്ള ബജറ്റ് നിർദ്ദേശം അപലപനീയം : ഇന്ത്യൻ ലോയേഴ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : സംസ്ഥാന ബജറ്റിൽ വിഭവ സമാഹരണം നാലാം ഭാഗത്തിൽ ഉൾപ്പെടുത്തി കോർട്ട് ഫീസ് അനിയന്ത്രിതമായി വർദ്ധിപ്പിക്കുവാനുള്ള കടുത്ത നിർദ്ദേശങ്ങൾ അപലപനീയമെന്ന് ഇന്ത്യൻ ലോയേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റ് യോഗം അഭിപ്രായപ്പെട്ടു.

സർക്കാരിന്റെ ഈ നടപടി ഒട്ടും യാഥാർത്ഥ്യ ബോധത്തോടെയുള്ളതല്ലെന്നും, നിയമരംഗത്ത് ലീഗൽ സർവീസസ് അതോറിറ്റിയുടെയും, ഡിഫൻസ് കൗൺസിൽ നിയമനത്തിലൂടെ വരുന്ന അധികചെലവും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

നിലവിലുള്ള കോർട്ട് ഫീസ് അഞ്ചിരട്ടിയും അതിനു മേലെയും വർദ്ധിപ്പിക്കുന്ന തരത്തിലുള്ള നിർദ്ദേശങ്ങളാണ് ബജറ്റിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

റിട്ട ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അപ്പാടെ സ്വീകരിച്ചു കൊണ്ട് അഭിഭാഷകരിലും കക്ഷികളിലും അമിതഭാരം ഏൽപ്പിക്കുന്ന ബഡ്ജറ്റിനെതിരെ യൂണിറ്റ് പ്രതിഷേധിച്ചു.

ഇതിനെതിരെ ഫെബ്രുവരി 12ന് രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് അഡ്വ കെ ജി അജയ്കുമാറും, സെക്രട്ടറി അഡ്വ ജയരാജും അറിയിച്ചു.

നിര്യാതയായി

പദ്മിനി പൊതുവാളസ്യാർ

ഇരിങ്ങാലക്കുട : അവിട്ടത്തൂർ പൊതുവാൾ മഠത്തിൽ പദ്മിനി പൊതുവാളസ്യാർ (റിട്ട അധ്യാപിക, എൽ ബി എസ് എം എച്ച് എസ്, അവിട്ടത്തൂർ) നിര്യാതയായി.

സംസ്കാരം ശനിയാഴ്ച (ഫെബ്രുവരി 8) ഉച്ചയ്ക്ക് 2 മണിക്ക് അവിട്ടത്തൂരിലുള്ള വീട്ടുവളപ്പിൽ.

കെ പി രാഘവപൊതുവാളാണ് ഭർത്താവ്.

മക്കൾ : അജിത, അനിൽ

മരുമക്കൾ : മുരളി ഹരിതം, കവിത

സഹോദരങ്ങൾ : പരേതരായ ആനന്ദവല്ലി പൊതുവാളസ്യാർ, വിശാലാക്ഷി പൊതുവാളസ്യാർ, നന്ദകുമാർ പൊതുവാൾ