സി വി ശ്രീരാമൻ അനുസ്മരണവും കഥാവിചാരവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പ്രശസ്ത സാഹിത്യകാരനും സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായിരുന്ന സി വി ശ്രീരാമൻ്റെ 92-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കലാസദനം – സർഗ്ഗസംഗമം ഗ്രൂപ്പ് സംഘടിപ്പിച്ച അനുസ്മരണ സദസ്സും കഥാവിചാരവും സാഹിത്യകാരൻ രാധാകൃഷ്ണൻ വെട്ടത്ത് ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ടി കെ ബാലൻ ഹാളിൽ നടന്ന ചടങ്ങിൽ കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

കെ എൻ സുരേഷ്കുമാർ, കെ ദിനേശ് രാജ, എൻ സി വാസു, ഇ പി വിജയൻ, ലിഷോയ് പൊഞ്ഞനം എന്നിവർ പ്രസംഗിച്ചു.

ശിവദാസൻ ചെമ്മണ്ട, മുരളി നടയ്ക്കൽ എന്നിവർ കഥകൾ അവതരിപ്പിച്ചു.

ലാപ്ടോപ്പ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു.

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിൽ 5,00,000 രൂപ വകയിരുത്തിയാണ് പ്രൊഫണൽ കോഴ്സ് വിദ്യാർഥികൾക്കായി 14 ലാപ്ടോപ്പുകൾ വിതരണം ചെയ്തത്.

പ്രസിഡന്റ് നിഷ ഷാജി
വിതരണോദ്ഘാടനം നിർവ്വഹിച്ചു.

വൈസ് പ്രസിഡന്റ്
ഫസ്ന റിജാസ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി റിഷി, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സിന്ധു ബാബു സ്വാഗതവും നിർവ്വഹണ ഉദ്യോഗസ്ഥൻ സുജൻ പൂപ്പത്തി നന്ദിയും പറഞ്ഞു.

അഭിരുചികളുടെ മികവുത്സവമായി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിലെ ടാലന്റ് ഫെസ്റ്റ്

ഇരിങ്ങാലക്കുട : അഭിരുചികളുടെ മികവുത്സവമായി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിലെ ടാലന്റ് ഫെസ്റ്റ്.

ചെസ്സ്, അബാക്കസ്, ഡാൻസ്, മ്യൂസിക്, കരാട്ടെ, ഡ്രോയിങ്, ക്രാഫ്റ്റ് എന്നിവയിൽ കുട്ടികളുടെ കഴിവുകൾ മികവുറ്റത്താകുന്നതിനുള്ള പരിശീലന പരിപാടികൾക്കാണ് ഇതോടെ തുടക്കം കുറിച്ചിരുന്നത്.

കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി ഓരോന്നിലും പ്രാവീണ്യം നേടിയ അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നൽകി നടത്തിയ ഫെസ്റ്റ് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റിനറ്റ് ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് തോംസൺ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു.

ടാലന്റ് ലാബ് പരിശീലകരായ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.

ഐ കെ ആലീസ് നന്ദി പറഞ്ഞു.

സ്വന്തം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ : സ്വന്തം അമ്മയെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അഴീക്കോട് മരപ്പാലം അഴിവേലിക്കകത്ത് വീട്ടിൽ മുഹമ്മദി(26)നെ അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മരപ്പാലത്ത് അലുമിനിയം ഫേബ്രിക്കേഷൻ ജോലി ചെയ്തിരുന്ന മുഹമ്മദ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണ്.

ലഹരി ഉപയോഗം തടഞ്ഞതിന്റെ വിരോധത്തിലാണ് ഉമ്മ സീനത്തിനെ കത്തികൊണ്ട് കഴുത്ത് അറുത്ത് ആഴത്തിൽ മുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

പരിക്ക് പറ്റിയ സീനത്തിനെ പിടിച്ചു മാറ്റാൻ ചെന്ന അയൽവാസിയായ കബീറിനെതിരെ വധഭീഷണിയും മുഴക്കി.

വല്ലക്കുന്ന് ചിറയിൽ ആളൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട : മുരിയാട് റോഡിലെ വല്ലക്കുന്ന് ചിറയിൽ ആളൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

ആളൂർ കോക്കാട്ട് വീട്ടിൽ കോളിൻസി(51) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുതിർന്ന സി പി എം നേതാവും മുൻ ആളൂർ പഞ്ചായത്ത് പ്രസിഡൻ്റുമായ പോൾ കോക്കാട്ടിൻ്റെയും മുൻ ജില്ലാ പഞ്ചായത്തംഗം കാതറിൻ പോളിൻ്റെയും മകനാണ്.

ഞായറാഴ്ച രാത്രി വീട്ടിൽ നിന്നും പെട്രോൾ അടിക്കാൻ സ്കൂട്ടറിൽ പുറപ്പെട്ട കോളിൻസ് തിരിച്ചെത്താത്തതിനെ തുടർന്ന് ആളൂർ പോലീസിൽ വിവരം അറിയിച്ചിരുന്നു. ഇതിനിടയിൽ ഇന്ന് രാവിലെയാണ് ചിറയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

സ്കൂട്ടറും ചിറയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ആളൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു

മഹാത്മാഗാന്ധി ലൈബ്രറിയിൽ എം ടി – ജയചന്ദ്രൻ അനുസ്മരണം 11ന്

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 11 (ചൊവ്വാഴ്ച്ച) രാവിലെ 10 മണിക്ക് എം ടി വാസുദേവൻ നായർ, പി ജയചന്ദ്രൻ എന്നിവരുടെ അനുസ്മരണവും 136-ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും സംഘടിപ്പിക്കും.

ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം തങ്കം ടീച്ചർ ഉദ്ഘാടനം നിർവഹിക്കും.

ലൈബ്രറി പ്രസിഡന്റ് പി സി ആശ അധ്യക്ഷത വഹിക്കും.

ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഖാദർ പട്ടേപ്പാടം അനുസ്മരണ പ്രഭാഷണം നടത്തും.

തുടർന്ന് പി ജയചന്ദ്രന്റെ ഗാനങ്ങളുമായി ടി ജി പ്രസന്നന്റെ നേതൃത്വത്തിൽ ശിവരഞ്ജിനി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.

നിര്യാതനായി

പ്രഭാകര മേനോൻ

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജംഗ്ഷന് പടിഞ്ഞാറു വശം മായപ്രഭയിൽ മൂർക്കനാട് വടക്കത്ത് പ്രഭാകര മേനോൻ (90) നിര്യാതനായി.

സംസ്കാരം ചൊവ്വാഴ്ച്ച (ഫെബ്രുവരി 11) രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.

ഭാര്യ : പയ്യാക്കൽ ശ്യാമ (വാവ)

മക്കൾ : മധു, മായ

മരുമകൻ : പ്രകാശ് മുല്ലപ്പിളളി

തീരദേശത്ത് മാരക സിന്തറ്റിക് ലഹരിയുമായി യുവാക്കൾ പൊലീസ് പിടിയിൽ

ഇരിങ്ങാലക്കുട : തീരദേശത്ത് മാരക സിന്തറ്റിക് ലഹരിയുമായി എത്തിയ യുവാക്കൾ പൊലീസ് പിടിയിൽ.

കയ്പമംഗലം ചളിങ്ങാട് മതിലകത്ത് വീട്ടിൽ ഫരീദ് (25), ചെന്ത്രാപ്പിന്നി ഈസ്റ്റ് പുതിയായിക്കാരൻ വീട്ടിൽ സാബിത്ത് (21) എന്നിവരെയാണ് സഞ്ചരിച്ചിരുന്ന വാഹനം സഹിതം അറസ്റ്റ് ചെയ്തത്.

ഇവരുടെ പക്കൽ നിന്നും 13 ഗ്രാം എം ഡി എം എ കണ്ടെടുത്തു.

രഹസ്യവിവരത്തെ തുടർന്ന് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം വാഹനം കണ്ട് തിരിച്ചറിഞ്ഞ് പരിശോധിച്ചതിൽ വാഹനത്തിൻ്റെ റിയർ വ്യൂ മിററിൻ്റെ ഉള്ളിൽ കടലാസിൽ പൊതിഞ്ഞു സീപ് ലോക്ക് കവറിൽ സൂക്ഷിച്ചിരുന്ന നിലയിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.

പ്രതികളിൽ ഒരാളായ സാബിത്തിന് മുമ്പ് മയക്കുമരുന്ന് ഉപയോഗിച്ചതിന് കയ്പമംഗലം പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.

ബാംഗളൂർ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ബിസിനസ്സിൻ്റെ മറവിൽ വാങ്ങിക്കുവാൻ എന്ന വ്യാജേനയാണ് ഇവർ എം ഡി എം എ വാങ്ങിക്കുന്നതെന്നും അറിവായിട്ടുണ്ട്.

ഇവർ ആർക്കൊക്കെയാണ് ലഹരിമരുന്ന് വിൽപ്പന നടത്തിയതെന്നും, എവിടെ നിന്നാണ് ലഹരി മരുന്ന് കിട്ടിയതെന്നും, ലഹരി മരുന്ന് വാങ്ങുന്നതിന് പ്രതികൾക്ക് ആരൊക്കെയാണ് സാമ്പത്തിക സഹായം ചെയ്യുന്നതെന്നും പൊലിസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ചേലൂർ കാവിലമ്മക്ക് താലപ്പൊലി നാളിൽചൂടാൻ ഇനി സ്വന്തം പട്ടുകുട

ഇരിങ്ങാലക്കുട : ഫെബ്രുവരി 13ന് ( കുംഭം 1) താലപ്പൊലി ആഘോഷിക്കുന്ന ചേലൂർക്കാവ് ക്ഷേത്രത്തിൽ ശ്രീ കുരുമ്പ ഭഗവതിക്ക് താലപ്പൊലി എഴുന്നള്ളിപ്പിന് ചൂടാൻ ഇനി സ്വന്തമായി പട്ടുകുട…

ചേലൂർ സ്വദേശിയും ദേവീഭക്തനുമായ
രതീഷ് നാഴികത്തുപറമ്പിലാണ് ഭഗവതിക്ക് പട്ടുകുട വഴിപാടായി സമർപ്പിക്കുന്നത്. ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറാണ് രതീഷ്.

ഫെബ്രുവരി 12ന് വൈകീട്ട് ക്ഷേത്ര നടയിൽ വെച്ച് പട്ടുകുട ഭഗവതിക്ക് സമർപ്പിക്കും. ഈ പട്ടുകൂട ചൂടിയാവും ഭഗവതി താലപ്പൊലി ദിനത്തിൽ പുറത്തേക്ക് എഴുന്നെള്ളുക.

നിര്യാതനായി

രവീന്ദ്രൻ

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് 15-ാം വാർഡ് പുല്ലൂർ അമ്പലനട ശിവക്ഷേത്രത്തിനു സമീപം പരേതനായ തളിയക്കാട്ടുപറമ്പിൽ നാരായണൻ മകൻ രവീന്ദ്രൻ (63) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : വിജയ

മക്കൾ : വിനു, വിഷ്ണു

മരുമക്കൾ : ദൃശ്യ, അതുല്യ