പെയിൻ്റ് ഡീലേഴ്സ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്ത നജാഹിന് സ്വീകരണം നൽകി

ഇരിങ്ങാലക്കുട : ആൾ കേരള പെയിൻ്റ്
ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന
പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കെ ഐ നജാഹിന് കോണത്തുകുന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സ്വീകരണം നൽകി. പ്രസിഡന്റ് കെ കൃഷ്ണകുമാർ നജാഹിനെ പൊന്നാട അണിയിച്ചു.

കെ അരവിന്ദാക്ഷൻ, എം എസ് കാശി വിശ്വനാഥൻ, സാബു കണ്ടത്തിൽ, സലാഹുദ്ദീൻ, മനോജ്, സുബൈർ, മുരുകൻ എന്നിവർ ആശംസകൾ നേർന്നു.

വള്ളിവട്ടം സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഫെബ്രുവരി 19ന്

ഇരിങ്ങാലക്കുട : വള്ളിവട്ടം ഗവ യു പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഫെബ്രുവരി 19ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

ഡിസംബർ 29ന് നിശ്ചയിച്ചിരുന്ന പരിപാടി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വേർപാട് മൂലം മാറ്റി വെക്കുകയാണുണ്ടായത്.

ഫെബ്രുവരി 19ന് വൈകീട്ട് 4 മണിക്ക് വർണ്ണാഭമായ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും.

സമാപന സമ്മേളനം ബെന്നി ബെഹനാൻ എം പി ഉദ്ഘാടനം ചെയ്യും.

അഡ്വ വി ആർ സുനിൽ കുമാർ എം എൽ എ അധ്യക്ഷത വഹിക്കും.

യോഗത്തിൽ ഗുരുവന്ദനം, വിശിഷ്ട വ്യക്തികളെ ആദരിക്കൽ, തുടങ്ങിയ ചടങ്ങുകൾ ഉണ്ടായിരിക്കും.

സമ്മേളനാനന്തരം ട്രാക്ക്സ് ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറുമെന്ന് സംഘാടക സമിതി ചെയർമാൻ നിഷ ഷാജി, ജനറൽ കൺവീനർ ബീന, കൺവീനർ കമാൽ കാട്ടകത്ത് എന്നിവർ അറിയിച്ചു.

രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് രക്തസാക്ഷി ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

ടൗൺ മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത് അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, നഗരസഭ കൗൺസിലർ ഒ എസ് അവിനാശ്, മുൻ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലൻ, നിയോജക മണ്ഡലം ഭാരവാഹികളായ വിനു ആന്റണി, ഡേവിസ് ഷാജു, ഗോപീകൃഷ്ണൻ, മണ്ഡലം വൈസ് പ്രസിഡന്റ് അസ്‌കർ സുലൈമാൻ, ശ്രീജിത്ത് എസ് പിള്ള, സന്തോഷ് ആലുക്ക, മനു വി രാജു തുടങ്ങിയവർ പങ്കെടുത്തു.

കുപ്രസിദ്ധ കുറ്റവാളി ഡ്യൂക്ക് പ്രവീൺ പിടിയിൽ

ഇരിങ്ങാലക്കുട : കാട്ടൂർ പൊലീസ് സ്റ്റേഷനിൽ തല്ല് കേസ്സിൽ ജാമ്യത്തിൽ ഇറങ്ങി പിന്നീട് കോടതിയിൽ ഹാജരാകാതെ ഒളിവിൽ നടന്നിരുന്ന കുപ്രസിദ്ധ കുറ്റവാളി ഡ്യൂക്ക് പ്രവീൺ എന്നറിയപ്പെടുന്ന പൊറത്തിശ്ശേരി മുതിരപറമ്പിൽ വീട്ടിൽ പ്രവീൺ (28) പിടിയിലായി.

പ്രവീണിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

പ്രവീൺ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി അടിപിടി കേസിലും 2017ൽ കൊരട്ടി സ്റ്റേഷനിൽ കമ്പിവടി കൊണ്ട് തലക്കടിച്ച് മോഷണം നടത്തിയ കേസിലും, 2018ൽ മാള സ്റ്റേഷനിൽ വടിവാൾ ഉപയോഗിച്ച് ആക്രമിച്ച കേസിലും, ഇരിങ്ങാലക്കുട സ്റ്റേഷനിൽ വീട് കയറി ആക്രമിച്ച കേസും, 2021ൽ ഇരിങ്ങാലക്കുട സ്റ്റേഷനിൽ കിഡ്നാപ്പിം​ഗ് കേസിലും, 2022ൽ വിയ്യൂർ സ്റ്റേഷനിൽ കഞ്ചാവ് കേസിലും ഉൾപ്പെടെ 15 ഓളം കേസിലെ പ്രതിയാണ്.

2021ലും 2023ലും കാപ്പ നിയമപ്രകാരം തടവ് ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.

ഇരിങ്ങാലക്കുട നഗരസഭയിൽ ഡ്രോൺ സർവേ തുടങ്ങി

ഇരിങ്ങാലക്കുട : അമൃത് 2.0 പദ്ധതിയുടെ ഉപപദ്ധതിയായി നഗരങ്ങളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിൽ ഡ്രോൺ ഉപയോഗിച്ചുള്ള സർവേ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തി ലഭിക്കുന്ന ഡാറ്റ ഉപയോഗിക്കാൻ കഴിയും എന്നതാണ് ഈ സർവേയുടെ പ്രത്യേകത.

ഏകദേശം 30 ദിവസം വരെ നടക്കുന്ന സർവേ നടത്തുന്നത് ഡൽഹി ആസ്ഥാനമായുള്ള സപ്തർഷി കൺസൾട്ടൻ്റാണ്.

ദേശീയതലത്തിൽ ഇതിൻ്റെ മേൽനോട്ട ചുമതല സർവേ ഓഫ് ഇന്ത്യയ്ക്കാണ്.

ജില്ലാതലത്തിൽ ജില്ലാ ടൗൺ പ്ലാനിങ് വിഭാഗത്തിനാണ് ഇതിൻ്റെ മേൽനോട്ടം. ഏകദേശം 71 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം വരുന്ന പ്രദേശത്താണ് സർവേ നടത്തുന്നത്.

ഡ്രോൺ സർവ്വേയുടെ ഉദ്ഘാടനം മുൻസിപ്പൽ മൈതാനിയിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവ്വഹിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

ജില്ല ഡെപ്യൂട്ടി ടൗൺ പ്ലാനർ മനോജ് പദ്ധതി വിശദീകരണം നടത്തി.

നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക് സ്വാഗതവും പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ നന്ദിയും പറഞ്ഞു.

പടിയൂരിൽ പൊലീസ് പട്രോളിങ്ങും എക്സൈസ് നിരീക്ഷണവും ശക്തമാക്കണം : എ ഐ വൈ എഫ്

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സംഘം ചേർന്നും അല്ലാതെയും ലഹരി മാഫിയ സംഘങ്ങൾ ശക്തിയാർജ്ജിക്കുന്നതായി എ ഐ വൈ എഫ് മേഖലാ കമ്മിറ്റി.

അതുകൊണ്ടു തന്നെ ഈ പ്രദേശങ്ങളിൽ പൊലീസ് പട്രോളിങ്ങും എക്സൈസ് നിരീക്ഷണവും ശക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

പൊതു ഇടങ്ങളിലും ആളൊഴിഞ്ഞ പാടശേഖരങ്ങളിലും മറ്റും ഇത്തരം സംഘങ്ങൾ രാത്രികാലങ്ങളിൽ വിലസി നടക്കുന്നതിനാൽ പൊതുജനത്തിന് സ്വൈര്യമായി ജീവിക്കാൻ കഴിയാത്ത അവസ്ഥയിലേക്കാണ് പോകുന്നതെന്ന് എ ഐ വൈ എഫ് ചൂണ്ടിക്കാട്ടി.

ഇത്തരം ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം പൊലീസ്, എക്സൈസ് സംവിധാനത്തിന്റെ ജാഗ്രതക്കുറവായി കാണുന്നുവെന്നും മേഖലാ കമ്മിറ്റി ആരോപിച്ചു.

പ്രാദേശിക ഉത്സവകാലങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന് മേഖല കമ്മിറ്റി പ്രസിഡന്റ് എ ബി ഫിറോസ്, സെക്രട്ടറി മിഥുൻ പോട്ടക്കാരൻ എന്നിവർ ഒരു സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പി ജെ ആന്റണി കേരള സിറ്റിസൺ ഫോറം സംസ്ഥാന പ്രസിഡന്റ്

ഇരിങ്ങാലക്കുട : മുതിർന്ന മാധ്യമ പ്രവർത്തകനും വാഗ്മിയുമായ പി ജെ ആന്റണിയെ കേരള സിറ്റിസൺ ഫോറം സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുത്തു.

ഇരിങ്ങാലക്കുടയിൽ നടന്ന കേരള സിറ്റിസൺ ഫോറത്തിന്റെ നേതൃയോഗത്തിലാണ് പി ജെ ആന്റണിയെ പ്രസിഡൻ്റായി തെരഞ്ഞെടുത്തത്.

എ സി സുരേഷ് (വൈസ് പ്രസിഡന്റ്), മാർട്ടിൻ പി പോൾ (സെക്രട്ടറി), ഫാ ജോർജ് മാത്യു (ജനറൽ സെക്രട്ടറി), ജോഷി ജോർജ് (ട്രഷറർ) എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

യോഗത്തിൽ എ സി സുരേഷ് അധ്യക്ഷത വഹിച്ചു.

കളിക്കാനും ചിരിക്കാനും ചിന്തിക്കാനും ലിറ്റിൽ ഫ്ലവർ സ്കൂളിൽ ഏദൻ പാർക്കൊരുങ്ങി

ഇരിങ്ങാലക്കുട : കുട്ടികളുടെ മാനസിക ഉല്ലാസത്തിനൊപ്പം വിജ്ഞാനവും വർദ്ധിപ്പിക്കുന്ന രീതിയിൽ രൂപകല്പന ചെയ്ത ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിലെ നവീകരിച്ച ഏദൻ പാർക്കിന്റെ ഉദ്ഘാടനം കെഎസ്ഇ ജനറൽ മാനേജർ അനിൽ നിർവഹിച്ചു.

പിടിഎ പ്രസിഡന്റ് തോംസൺ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു.

ഉദയ എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ മരിയറ്റ് ആശംസകൾ അർപ്പിച്ചു.

മുൻ എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ടെസ്‌ലിൻ, കെ എസ് ഇ സെക്രട്ടറി ശ്രീവിദ്യ എന്നിവർ പ്രസംഗിച്ചു.

ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനറ്റ് സ്വാഗതവും ഐ കെ ആലീസ് നന്ദിയും പറഞ്ഞു.

പൊഞ്ഞനത്തമ്മ ആറാട്ടിനായി സംഗമേശൻ്റെകുലീപിനി തീർത്ഥക്കുളത്തിലെത്തി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കുലീപിനി തീർത്ഥക്കുളത്തിൽ കാട്ടൂർ പൊഞ്ഞനം ഭഗവതിയുടെ ആറാട്ട് നടന്നു.

കുംഭമാസത്തിൽ ഉത്രം ആറാട്ടായി വരുന്ന വിധത്തിൽ കൊടികയറി നടക്കുന്ന എട്ടു ദിവസത്തെ ഉത്സവത്തിൽ നാലാം ദിവസമാണ് കൂടൽമാണിക്യം ക്ഷേത്രത്തിലെ കുലീപിനി തീർത്ഥക്കുളത്തിൽ ആറാട്ട് നടത്തുന്നത്.

മറ്റു ദിവസങ്ങളിലെല്ലാം പൊഞ്ഞനം ക്ഷേത്രക്കുളത്തിൽ തന്നെ ആറാട്ട് നടക്കും.

രാവിലെ 7 മണിയോടെ ആനപ്പുറത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവതി കൂടൽമാണിക്യം ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്നാണ് ആറാട്ട് നടന്നത്.

ആറാട്ടിനു ശേഷം കിഴക്കേ നടപ്പുരയിൽ മേളം കൊട്ടി അവസാനിച്ച് അമ്പലം ചുറ്റി ഒരു പ്രദക്ഷിണവും നടത്തിയാണ് പൊഞ്ഞനം ഭഗവതി തിരിച്ചെഴുന്നള്ളിയത്.

കൂടൽമാണിക്യം ക്ഷേത്രത്തിലെ ആറാട്ട് പോലും ഇവിടെ നടത്താത്ത സന്ദർഭത്തിലാണ് പൊന്നനത്തമ്മയുടെ ആറാട്ട് കുലീപിനി തീർത്ഥ കുളത്തിൽ നടക്കുന്നത് എന്ന സവിശേഷതയുമുണ്ട് ഈ ചടങ്ങിന്.

ആറാട്ടിന് തന്ത്രി മണക്കാട് പരമേശ്വരൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകി.

കൊച്ചിൻ ദേവസ്വം ബോർഡ് സ്പെഷ്യൽ കമ്മീഷണർ എസ് ആർ ഉദയകുമാർ, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, ദേവസ്വം ബോർഡ് സെക്രട്ടറി സി ബിന്ദു, പൊഞ്ഞനം ക്ഷേത്രം പ്രസിഡന്റ് തിലകൻ തെയ്യശ്ശേരി, സെക്രട്ടറി കെ സതീഷ്, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, ഭരണസമിതി അംഗങ്ങളായ അഡ്വ കെ ജി അജയകുമാർ, കെ ബിന്ദു തുടങ്ങിയവരും നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

പണ്ഡിറ്റ് ദീനദയാൽ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ദീനദയാൽ ഉപാധ്യായ ബലിദാന ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു.

മുൻ പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, നേതാക്കളായ രമേഷ് അയ്യർ, രാജൻ കുഴുപ്പുള്ളി, ലിഷോൺ ജോസ്, മനു മഹാദേവ് എന്നിവർ പ്രസംഗിച്ചു.