പുൽവാമ ദുരന്തം: അമർജവാനിൽ പുഷ്പചക്രം സമർപ്പിച്ച് സെൻ്റ് ജോസഫ്സിലെ എൻ സി സി യൂണിറ്റ്

ഇരിങ്ങാലക്കുട : രാജ്യം പുൽവാമ ദുരന്തത്തിൻ്റെ ഓർമ്മയിൽ ബ്ലാക്ക് ഡേ ആചരിക്കുമ്പോൾ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലെ എൻ സി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ കലാലയത്തിലെ അമർജവാനിൽ പുഷ്പചക്രം സമർപ്പിച്ച് പ്രാർത്ഥന നടത്തി.

ഐ.എസ്.ആർ.ഒ. സയൻ്റിസ്റ്റും ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻ്റേഷൻ ജേതാവുമായ ഡോ. പി. വി. രാധാദേവി റീത്ത് സമർപ്പിച്ചു.

ഹോളി ഫാമിലി കോൺഗ്രിഗേഷൻ മദർ സുപ്പീരിയറും മുൻ പ്രിൻസിപ്പലുമായ ഡോ. സിസ്റ്റർ ആനി കുര്യാക്കോസ്, വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ എലൈസ എന്നിവർ പുഷ്പാർച്ചന നടത്തി.

അമർജവാനിൽ പ്രത്യേകം ഓർമ്മയായി നിലകൊള്ളുന്ന പുൽവാമ ദുരന്തത്തിലെ രക്തസാക്ഷികളായ ഹെഡ് കോൺസ്റ്റബിൾമാർ പി. കെ. ഷാഹു, ഹേമരാജ് മീണ, കോൺസ്റ്റബിൾ രമേഷ് യാദവ് എന്നിവരുടെ പേരിലുള്ള മരങ്ങൾ ഇവിടെ പടർന്നു പന്തലിക്കുന്നുണ്ട്.

ക്യാപ്റ്റൻ ലിറ്റി ചാക്കോ, അണ്ടർ ഓഫീസർമാരായ അന്ന കുര്യൻ, ആഗ്നസ് വിത്സൻ എന്നിവർ നേതൃത്വം നൽകി.

വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം : ഇരിങ്ങാലക്കുടയിൽ നാളെ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

തൃശ്ശൂരിൽ നിന്നും കൊടുങ്ങല്ലൂർക്ക് പോകുന്ന വാഹനങ്ങൾ മാപ്രാണം ബ്ലോക്ക് റോഡ് വഴി വലത്തോട്ട് തിരിഞ്ഞ് സിവിൽ സ്റ്റേഷൻ വഴി ബസ്സ് സ്റ്റാൻ്റിൽ എത്തി മുൻസിപ്പൽ ടൗൺ ഹാൾ വഴി ചേലൂർ എത്തി ഇടത്തോട്ട് തിരിഞ്ഞ് എടക്കുളം – വെള്ളാങ്ങല്ലൂർ വഴി പോകേണ്ടതാണ്.

കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വെള്ളാങ്ങല്ലൂർ സെൻ്ററിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരിപ്പാലം, എടക്കുളം വഴി ചേലൂർ എത്തി വലത്തോട്ട് തിരിഞ്ഞ് ടൗൺ ഹാൾ റോഡ് വഴി ബസ് സ്റ്റാൻഡ്, എ കെ പി, സിവിൽ സ്റ്റേഷൻ, ചെമ്മണ്ട, പുത്തൻതോട് വഴി പോകേണ്ടതാണ്.

തൃശ്ശൂരിൽ നിന്നും ചാലക്കുടി, എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാപ്രാണം സെൻ്ററിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നന്തിക്കര വഴി പോകേണ്ടതാണ്.

ചാലക്കുടി, ആളൂർ ഭാഗത്തുനിന്നും ഇരിങ്ങാലക്കുടയ്ക്ക് വരുന്നവർ പുല്ലൂർ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അവിട്ടത്തൂർ വഴി പോകേണ്ടതാണ്. തിരിച്ചും ഈ റൂട്ടിൽ തന്നെ പോകേണ്ടതാണ്.

ചാലക്കുടി ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വല്ലക്കുന്ന് സെൻ്ററിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മുരിയാട് വഴി പോകേണ്ടതാണ്.

കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും ചാലക്കുടി, ആളൂർ, പുല്ലൂർ ഭാഗത്തേക്ക് പോകുന്നവർ വെള്ളാങ്ങല്ലൂർ സെൻ്ററിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ്.

പശ്ചിമഘട്ടത്തിൽ നിന്ന് രണ്ട് പുതിയ ഇനം തുമ്പികളെ കണ്ടെത്തി ക്രൈസ്റ്റ് കോളെജിലെ ഗവേഷകർ

ഇരിങ്ങാലക്കുട : കേരളത്തിലെയും മഹാരാഷ്ട്രയിലെയും വനാതിർത്തി ഗ്രാമങ്ങളിൽ നിന്ന് പുതിയ രണ്ടിനം കടുവാത്തുമ്പികളെ കണ്ടെത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ഗവേഷകർ.

കറുത്ത ശരീരത്തിൽ മഞ്ഞ വരകളുള്ള സാമാന്യം വലിയ കല്ലൻത്തുമ്പികളാണ് കടുവാത്തുമ്പി കുടുംബത്തിൽ ഉള്ളത്. ഇതിലെ നീളൻ പിൻകാലുകളുള്ള മീറോഗോമ്ഫസ് (Merogomphus) എന്ന ജനുസ്സിൽ നിന്നാണ് പുതിയ തുമ്പികളെ കണ്ടെത്തിയത്.

പുതിയ തുമ്പികളുടെ ചെറുവാലുകൾ, ജനനേന്ദ്രിയം, ശരീരത്തിലെ പാടുകൾ എന്നിവ മറ്റ് തുമ്പികളിൽ നിന്നും വ്യത്യസ്തമാണെന്ന് ഗവേഷകർ കണ്ടെത്തി. ജനിതക പഠനവും ഇവ പുതിയ ജീവജാതികളാണെന്നത് ശരിവെച്ചു.

ആര്യനാട് പഞ്ചായത്തിലെ മഞ്ചാടിനിന്നവിള എന്ന ഗ്രാമത്തിൽ നിന്നാണ് ഈ വിഭാഗത്തിലെ വലിപ്പം കുറവുള്ള ചെറു ചോലക്കടുവയെ (Merogomphus aryanadensis) കണ്ടെത്തിയത്. കാലവർഷത്തിന്റെ പാരമ്യത്തിൽ മാത്രം കാണപ്പെടുന്ന ഈ തുമ്പിയെ ആദ്യം കാണുന്നത് 2020-ൽ ആണ്. എന്നാൽ ഈ പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്നത് കൊണ്ട് തുടർപഠനങ്ങൾ വൈകുകയായിരുന്നു.

തീരത്ത് ഓട തിങ്ങിവളരുന്ന നീർച്ചാലുകളാണ് ഈ തുമ്പിയുടെ വാസസ്ഥലം. ജൈവവൈവിധ്യത്താൽ സമ്പന്നമായ ആര്യനാടിന്റെ പേരാണ് തുമ്പിയുടെ ശാസ്ത്രനാമത്തിൽ ചേർത്തിരിക്കുന്നത്.

മഹാരാഷ്ട്രയിൽ സിന്ധുദുർഗ് ജില്ലയിലെ ഹാദ്പിട് എന്ന ഗ്രാമത്തിൽ നിന്നുമാണ് ഇരുളൻ ചോലക്കടുവയെ (Merogomphus flavoreductus) കണ്ടെത്തിയത്. ജനുസ്സിലെ മറ്റ് തുമ്പികളെ അപേക്ഷിച്ച് ഈ തുമ്പിക്ക് ശരീരത്തിൽ മഞ്ഞ പാടുകൾ കുറവാണ്. പശ്ചിമഘട്ടത്തിൽ തന്നെ കാണുന്ന മലബാർ പുള്ളിവാലൻ ചോലക്കടുവയുമായി (Merogomphus tamaracherriensis) ഏറെ സാമ്യമുള്ളതിനാലാണ് ഈ തുമ്പി ഇത്രയും കാലം തിരിച്ചറിയപ്പെടാതെ പോയത്. ഇതിനെ മഹാരാഷ്ട്ര മുതൽ കേരളത്തിന്റെ വടക്കൻ ജില്ലകൾ വരെ കാണാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ പരിസ്ഥിതിശാസ്ത്ര വിഭാഗത്തിലെ ഗവേഷകരായ വിവേക് ചന്ദ്രൻ, ഡോ. സുബിൻ കെ. ജോസ്, പൗര ശാസ്ത്രജ്ഞനും ഫോട്ടോഗ്രാഫറുമായ റെജി ചന്ദ്രൻ, ബംഗളൂരു നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലെ ഗവേഷകരായ ഡോ. ദത്തപ്രസാദ് സാവന്ത്, ഡോ. കൃഷ്ണമേഖ് കുണ്ടെ, പൂനെ എം ഐ ടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിലെ പങ്കജ് കൊപാർഡേ എന്നിവരാണ് ഗവേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

ഗവേഷണഫലങ്ങൾ അന്താരാഷ്ട്ര ജേർണലായ സൂടാക്സയിൽ പ്രസിദ്ധീകരിച്ചു.

തൻ്റെ വാർഡിൽ ലഹരി കച്ചവടവും ഉപയോഗവും അവസാനിപ്പിച്ചില്ലെങ്കിൽ പണി വരുമെന്ന മുന്നറിയിപ്പുമായി കൗൺസിലർ

ഇരിങ്ങാലക്കുട : നഗരസഭ 39-ാം വാർഡ് കൗൺസിലർ ഷാജുട്ടൻ്റെ വ്യത്യസ്തമായ വാട്ട്സ്അപ്പ് പോസ്റ്റാണ് നാട്ടിൽ ഇപ്പോഴത്തെ ചർച്ചാ വിഷയം.

“39-ാം വാർഡിൽ വന്ന് ലഹരിക്കച്ചവടം, ലഹരി ഉപയോഗം എന്നിവ നടത്തുന്ന യുവാക്കൾ ഈ പരിപാടി ഇന്നു മുതൽ അവസാനിപ്പിക്കണം. അല്ലെങ്കിൽ പണി വരും” – ഇതാണ് ഷാജുട്ടൻ്റെ വാട്ട്സ്അപ്പ് പോസ്റ്റ്.

നാട്ടിലെ യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കേരളത്തിൽ ഒരുപക്ഷേ ആദ്യമായായിരിക്കും ഒരു വാർഡ് മെമ്പർ ഇത്തരത്തിൽ ലഹരിക്കെതിരെ ഭീഷണി മുഴക്കുന്നത്.

പൊറത്തിശ്ശേരി കല്ലട ഭഗവതി ക്ഷേത്രത്തിന് പുറകു വശത്തും തൊട്ടടുത്ത പാടശേഖരങ്ങളിലുമായി നിരവധി യുവാക്കളാണ് ലഹരി ഉപയോഗത്തിനും കച്ചവടത്തിനുമായി എത്തുന്നതെന്ന് ഷാജുട്ടൻ പറഞ്ഞു. ഇവർക്കുള്ള മുന്നറിയിപ്പാണ് തൻ്റെ വാട്ട്സ്അപ്പ് പോസ്റ്റെന്നും ഷാജുട്ടൻ വ്യക്തമാക്കി.

വാനപ്രസ്ഥാശ്രമത്തിൽ 15ന് വിദ്യാഗോപാല മന്ത്രാർച്ചന

ഇരിങ്ങാലക്കുട : സേവാഭാരതിയുടെ നേതൃത്വത്തിൽ വാനപ്രസ്ഥാശ്രമത്തിൽ ഫെബ്രുവരി 15ന് രാവിലെ 7 മണിക്ക് വിദ്യാഗോപാല മന്ത്രാർച്ചന നടക്കും.

ആചാര്യൻ കാവനാട് രാമൻ തിരുമേനി മുഖ്യകാർമികത്വം വഹിക്കും.

തുടർന്ന് “പരീക്ഷാഭയം മാറി എങ്ങനെ പരീക്ഷ എഴുതാം” എന്ന വിഷയത്തിൽ പ്രഭാഷകയും പ്രശസ്ത മനഃശാസ്ത്ര വിദഗ്ധയുമായ സിനി രാജേഷ് നയിക്കുന്ന ക്ലാസ് നടക്കും.

കൂടുതൽ വിവരങ്ങൾക്ക് 9539448673, 996125645 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

നിര്യാതയായി

സിസ്റ്റർ ക്രിസ്റ്റഫർ ആലപ്പാട്ട്

ഇരിങ്ങാലക്കുട : ആലപ്പാട്ട് ഔസേപ്പ് മകൾ സിസ്റ്റർ ക്രിസ്റ്റഫർ ആലപ്പാട്ട് (90) നിര്യാതയായി.

കടലൂർ സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. പ്രിൻസിപ്പലാണ്.

സംസ്കാരം ശനിയാഴ്ച (ഫെബ്രുവരി 15) രാവിലെ 10 മണിക്ക് കടലൂർ സെന്റ് മേരീസ് ഹോമിൽ.

സഹോദരങ്ങൾ : പരേതരായ ദേവസ്സി ആലപ്പാട്ട്, മേരി ആൻ്റണി കോലങ്കണ്ണി, ജോസ് ആലപ്പാട്ട്

ഓപ്പറേഷൻ കാപ്പ തുടരുന്നു : ഇരിങ്ങാലക്കുട സ്വദേശികളായ കുപ്രസിദ്ധ ഗുണ്ടകളെ നാടുകടത്തി

ഇരിങ്ങാലക്കുട : ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ ഇരിങ്ങാലക്കുട ഡോക്ടർപടിയിലെ ചെമ്പരത്ത് വീട്ടിൽ സലോഷ് (28), കോമ്പാറ ചെറുപറമ്പിൽ വീട്ടിൽ മിഥുൻ (26) എന്നിവരെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തി.

സലോഷ് 2022ൽ ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ മോട്ടോർ സൈക്കിൾ തടഞ്ഞുനിർത്തി വധഭീഷണി മുഴക്കിയ കേസിലും, 2023ൽ കാറും കാറിലുണ്ടായിരുന്ന വെളിച്ചെണ്ണയും അപഹരിച്ച് കാറുടമസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിലും, 2022ൽ മറ്റൊരു വധശ്രമ കേസിലും പ്രതിയാണ്.

മിഥുൻ 2022, 2024, 2023 വർഷങ്ങളിൽ വധശ്രമ കേസുകളിലും, 2021ൽ തേഞ്ഞിപ്പാലം സ്റ്റേഷൻ പരിധിയിൽ കവർച്ചക്കേസിലും ഉൾപ്പെടെ 4 കേസുകളിൽ പ്രതിയാണ്.

ഇതുവരെ ഓപ്പറേഷൻ കാപ്പ വഴി 18 പേരെ കാപ്പ പ്രകാരം നാടു കടത്തി, 11 പേരെ ജയിലിൽ അടച്ചു.

കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ വ്യാപാരികൾ ധർണ നടത്തി

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കോണത്തുകുന്ന് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി.

വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കുക, ഹരിതകർമ്മ സേനയുടെ ഫീസ് മാലിന്യങ്ങളുടെ തോതനുസരിച്ച് ക്രമീകരിക്കുക, ലൈസൻസ് പുതുക്കുന്നതിന് അനാവശ്യമായ നിബന്ധനകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.

കോണത്തുകുന്ന് യൂണിറ്റ് പ്രസിഡന്റ് കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി കെ. ഐ. നജാഹ് ധർണ ഉദ്ഘാടനം ചെയ്തു.

അരവിന്ദാക്ഷൻ, മനോജ് കുന്നപ്പിള്ളി, സലാഹുദ്ദീൻ, ഹബീബ്, ഷിഹാബ്, സുബൈർ എന്നിവർ ആശംസകൾ നേർന്നു.

യൂണിറ്റ് പ്രസിഡന്റ് ബഷീർ സ്വാഗതവും യൂത്ത് വിംഗ് പ്രസിഡന്റ് അഷ്‌ഫാക്ക് നന്ദിയും പറഞ്ഞു.

അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ സ്കൂൾ വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വാർഷികം ആഘോഷിച്ചു.

വാർഷികാഘോഷം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു.

വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ് മെജോ പോൾ ആമുഖ പ്രഭാഷണം നടത്തി.

സ്റ്റാഫ് സെക്രട്ടറി കെ.എസ്. ഗിരിജ റിപ്പോർട്ട് അവതരിപ്പിച്ചു.

സ്കൂളിൽ നിന്നും വിരമിക്കുന്ന ഹയർ സെക്കൻഡറി വിഭാഗം സുവോളജി അധ്യാപകൻ കെ. ജസ്റ്റിൻ ജോണിന്റെ ഛായാചിത്രം വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ അനാച്ഛാദനം ചെയ്തു.

വാർഡ് മെമ്പർ ബിബിൻ തുടിയത്ത്, സ്കൂൾ മാനേജർ എ. അജിത് കുമാർ, പി.ടി.എ. പ്രസിഡന്റ് മിനി രാമചന്ദ്രൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം കൃഷ്ണൻ നമ്പൂതിരി, റിട്ട. സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറിയും മുൻ മാനേജരുമായ എ.സി. സുരേഷ്, എം.പി.ടി.എ. പ്രസിഡന്റ് രമ്യ ജോഷി, ഒ. എസ്. എ. പ്രതിനിധി കെ. എസ്. സജു, ഹയർ സെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി പി.ജി. ഉല്ലാസ്, പി.ടി.എ. വൈസ് പ്രസിഡന്റ് ജോസഫ് അക്കരക്കാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ് സ്വാഗതവും സ്കൂൾ ചെയർമാൻ പി.എ. യദു കൃഷ്ണൻ നന്ദിയും പറഞ്ഞു.

“സമേതം” : യുറീക്ക – ശാസ്ത്രകേരളം വിജ്ഞാനോത്സവം 15ന്

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 15ന് രാവിലെ 9.30 മുതൽ 4.30 വരെ ഇരിങ്ങാലക്കുട ഉപജില്ലാതല “സമേതം” യുറീക്ക – ശാസ്ത്രകേരളം വിജ്ഞാനോത്സവം സംഘടിപ്പിക്കും.

പൊതുവിദ്യാഭ്യാസ വകുപ്പും, തൃശ്ശൂർ ജില്ലാ പഞ്ചായത്തും, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലയും സംയുക്തമായാണ് വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്.