ഡോ. സി. രാവുണ്ണിക്ക് ഫെബ്രുവരി 22ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശാഭിമാനി സാഹിത്യ പുരസ്കാരം ലഭിച്ച കവി ഡോ. സി. രാവുണ്ണിക്ക് 22ന് 4.30ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകും.

ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ നടക്കുന്ന സ്വീകരണ സമ്മേളനം മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് ‘’കവിതയും രാഷ്ട്രീയവും’’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.

യൂണിറ്റ് പരിധിയിലെ സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾക്കുള്ള ആദരവും അവരുടെ കലാ അവതരണവും ഉണ്ടായിരിക്കും.

വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിൽ മുഖ്യാതിഥിയാകും.

ഖാദർ പട്ടേപ്പാടം, ഡോ. കെ. പി. ജോർജ് എന്നിവർ പങ്കെടുക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് കെ. ജി. സുബ്രഹ്മണ്യൻ സെക്രട്ടറി കെ. എച്ച്. ഷെറിൻ അഹമ്മദ് എന്നിവർ അറിയിച്ചു.

വാര്യർ സമാജം സംസ്ഥാന സമ്മേളനം : സ്വാഗതസംഘം രൂപീകരിച്ചു

ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം 47-ാത് സംസ്ഥാന സമ്മേളനം മെയ് 24, 25 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കും.

സമാജം ഹാളിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് പി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ, ട്രഷറർ വി.വി. ഗിരീശൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ശങ്കരവാര്യർ, സംസ്ഥാന സെക്രട്ടറി എ.സി. സുരേഷ്, ഗീത ആർ. വാര്യർ, ദേവരാജൻ കുറ്റുമുക്ക് എന്നിവർ പ്രസംഗിച്ചു.

പി.കെ. മോഹൻദാസ് (ചെയർമാൻ), കെ. ഉണ്ണികൃഷ്ണ വാര്യർ (വർക്കിംഗ് ചെയർമാൻ), വി. വി. മുരളീധരവാര്യർ (ജനറൽ കൺവീനർ), വി. വി. സതീശൻ (കൺവീനർ), വി. വി. ഗിരീശൻ (ട്രഷറർ), എ.സി. സുരേഷ് (കോർഡിനേറ്റർ) എന്നിവർ ഉൾപ്പെട്ട സംഘാടക സമിതി രൂപീകരിച്ചു.

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി

ഇരിങ്ങാലക്കുട : പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട ആനന്ദപുരം എടയാറ്റുമുറി സ്വദേശി ഞാറ്റുവെട്ടി വീട്ടില്‍ അപ്പുട്ടി എന്നറിയപ്പെടുന്ന അനുരാജിനെ (27) കാപ്പ ചുമത്തി തടങ്കലിലാക്കി.

2023ൽ കാട്ടൂർ സ്റ്റേഷൻ പരിധിയിലും 2017, 2022 വർഷങ്ങളിൽ പുതുക്കാട് സ്റ്റേഷൻ പരിധിയിലും മയക്കുമരുന്ന് കടത്തിയ കേസിലും 2022ൽ പുതുക്കാട് സ്റ്റേഷൻ പരിധിയിൽ ഒരു അടിപടി കേസിലും 2021ൽ കൊടകര സ്റ്റേഷൻ പരിധിയിൽ ഒരു അടിപിടി കേസിലും 2024ൽ പുതുക്കാട് സ്റ്റേഷൻ പരിധിയിൽ ചാൾസ് ബഞ്ചമിൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലും അടക്കം 16 ഓളം കേസിലെ പ്രതിയാണ് അനുരാജ്.

പുതുക്കാട് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങാനിരിക്കെയാണ് കാപ്പ ചുമത്തിയത്.

“ഓപ്പറേഷന്‍ കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

വിശ്വനാഥപുരം ക്ഷേത്രം കാവടി പൂര മഹോത്സവം : ഇക്കൊല്ലവും സംഭാര വിതരണം നടത്തി സേവാഭാരതി

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടിപൂര മഹോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സേവാഭാരതി ഇക്കൊല്ലവും സംഭാര വിതരണം നടത്തി.

എസ്. എൻ. ബി. എസ്. സമാജം പ്രസിഡൻ്റ് എൻ. ബി. കിഷോർ സംഭാരവിതരണം ഉദ്ഘാടനം ചെയ്തു.

സേവാഭാരതി രക്ഷാധികാരി ഭാസ്കരൻ അധ്യക്ഷത വഹിച്ചു.

സേവാഭാരതി അന്നദാന സമിതി പ്രസിഡൻ്റ് രവീന്ദ്രൻ കാക്കര സ്വാഗതവും വൈസ് പ്രസിഡന്റ്‌ ദാസൻ വെട്ടത്ത്‌ നന്ദിയും പറഞ്ഞു.

പൊരിവെയിലില്‍ സംഭാരം വിതരണം ചെയ്ത് ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് ദാഹമകറ്റാന്‍ സംഭാര വിതരണവുമായി ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട.

പൊരിവെയിലില്‍ ഉരുകുന്നവര്‍ക്ക് ആശ്വാസവുമായാണ് ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട സംഭാര വിതരണം ഒരുക്കിയത്.

ചന്തക്കുന്ന് ജംഗ്ഷനില്‍ സംഘടിപ്പിച്ച സംഭാര വിതരണത്തിന്റെ ഉദ്ഘാടനം മാകെയര്‍ ഇരിങ്ങാലക്കുട അസി. ജനറല്‍ മാനേജര്‍ ഐ. ജെറോം വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷാജു പാറേക്കാടന് നല്‍കി നിര്‍വഹിച്ചു.

ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി നിതീഷ് കാട്ടില്‍, ട്രഷറര്‍ ടി. ആര്‍. ബിബിന്‍, ഷാജന്‍ ചക്കാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

സൈഗണ്‍ തയ്യില്‍, എം.എസ് ഷിബിന്‍, ഷിബു ബദറുദ്ദീന്‍, നവീന്‍ ബേബി പള്ളിപ്പാട്ട്, കെ. എച്ച്. മയൂഫ്, എം.വി. സെന്റില്‍, കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മാപ്രാണം – നന്തിക്കര റോഡിലെ ടാറിംഗ് പ്രവർത്തികൾ ഞായറാഴ്ച പുനരാരംഭിക്കും : ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടാകും

ഇരിങ്ങാലക്കുട : മാപ്രാണം – നന്തിക്കര റോഡിലെ ബി. എം. ബി. സി. നിലവാരത്തിൽ നടത്തുന്ന ടാറിംഗ് പ്രവർത്തികൾ ഞായറാഴ്ച പുനരാരംഭിക്കും.

ടാറിംഗ് പ്രവർത്തികൾ പൂർത്തിയാകുന്നത് വരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പിഡബ്ല്യുഡി അറിയിച്ചു.

വാനപ്രസ്ഥാശ്രമത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന നടത്തി

ഇരിങ്ങാലക്കുട : സേവാഭാരതി വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിൽ വിദ്യാർഥികൾക്കായി വിദ്യാഗോപാല മന്ത്രാർച്ചന സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട സേവാഭാരതി ദത്തെടുത്ത പിന്നോക്ക ബസ്തിയിൽ നിന്നടക്കം ഏകദേശം എഴുപതോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

പ്രശസ്ത ഭാഗവതാചാര്യനും ആധ്യാത്മിക പ്രഭാഷകനുമായ കാവനാട് രാമൻ നമ്പൂതിരിയാണ് വിദ്യാഗോപാല മന്ത്രാർച്ചന നടത്തിയത്.

തിരുമേനി ചൊല്ലിക്കൊടുത്ത മന്ത്രങ്ങൾ എല്ലാ കുട്ടികളും ഏറ്റു ചൊല്ലുകയും പൂജ മംഗളാരതിയോടുകൂടി സമാപിക്കുകയും ചെയ്തു.

പൂജക്ക് ശേഷം പ്രശസ്ത മനശാസ്ത്ര വിദഗ്ധയും പ്രഭാഷകയുമായ സിനി രാജേഷ് “പരീക്ഷാഭയം കൂടാതെ പരീക്ഷ എങ്ങനെ നേരിടാം” എന്ന വിഷയത്തെ അധികരിച്ച് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.

ഇരിങ്ങാലക്കുട സേവാഭാരതി സെക്രട്ടറി
വി. സായ് റാം, വൈസ് പ്രസിഡൻ്റ് ഗോപിനാഥൻ പീടികപ്പറമ്പിൽ, സേവാഭാരതി വിദ്യാഭ്യാസ സമിതി കോർഡിനേറ്റർ കവിത ലീലാധരൻ, വിദ്യാഭ്യാസ സമിതി പ്രസിഡൻ്റ് രമാദേവി കേശവദാസ്, സെക്രട്ടറി ഷൈലജ ഗോപിനാഥൻ, വിദ്യാഭ്യാസ സമിതി വിദ്യാർഥി പ്രമുഖ് ഭാവന ഹരികുമാർ, സേവാഭാരതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രകാശൻ കൈമപറമ്പിൽ, ജഗദീശ് പണിക്കവീട്ടിൽ, രാജിലക്ഷ്മി സുരേഷ് ബാബു, ഒ.എൻ. സുരേഷ്, കെ. രാധാകൃഷ്ണൻ, സേവാഭാരതി പ്രവർത്തകരായ സൗമ്യ സംഗീത്, മിനി സുരേഷ്, കല കൃഷ്ണകുമാർ, ഗീത മേനോൻ, ടിൻ്റു സുഭാഷ്, ദാസൻ വെട്ടത്ത്, മിനി ഗോപീകൃഷ്ണൻ, വിദ്യ മുല്ലോത്ത്, നീതു അജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

ഘണ്ടാകർണ്ണ ക്ഷേത്രത്തിൽ കളമെഴുത്ത് പാട്ട് ആരംഭിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ  പൈങ്ങോട് ഘണ്ടാകർണ്ണ ക്ഷേത്രത്തിൽ കളമെഴുത്ത് പാട്ട് ആരംഭിച്ചു.

ക്ഷേത്രത്തിലെ ദീപാരാധനക്കു ശേഷം അവകാശി ക്ഷേത്ര മണ്ഡപത്തിൽ വിവിധ വർണ്ണപ്പൊടികൾ കൊണ്ട് ഘണ്ടാകർണ്ണൻ്റെയും ഭദ്രകാളിയുടേയും കോലം വരയ്ക്കും.

അത്താഴപൂജക്ക് ശേഷം പൂജാരി മണ്ഡപത്തിൽ പൂജ നടത്തും. ഈ സമയത്ത് ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് വേല സമുദായത്തിൽപ്പെട്ടവർ ചെണ്ട മേളത്തിന്റെ താളത്തിനൊത്ത് ഭദ്ര കാളിയെ കുറിച്ചും ഘണ്ടാകർണ്ണനെ കുറിച്ചും ക്ഷേത്രം ഇവിടെ നിർമ്മിക്കുന്നതിന് കാരണഭൂതനായ ചെറുപറമ്പത്ത് വീട്ടിലെ കാരണവരെ കുറിച്ചും സ്തുതി ഗീതങ്ങൾ പാടും.

പത്താം ദിവസമായ ഫെബ്രുവരി 23നാണ് കൂട്ടി എഴുന്നള്ളിപ്പ്.

മനക്കലപ്പടി പുതിയകാവ് ക്ഷേത്രം, അരിപ്പാലം പതിയാംകുളങ്ങര ദേവീ ക്ഷേത്രം, ഘണ്ടാകർണ്ണ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ ദേവീ ദേവന്മാർ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്തുള്ള ആൽത്തറയ്ക്ക് സമീപം സംഗമിക്കും. തുടർന്ന് പാഞ്ചാരി മേളം ഉണ്ടാകും.
 

മതിലകത്ത് ഉമ്മയെ ക്രൂരമായി ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

ഇരിങ്ങാലക്കുട : തറവാട്ട് വീട്ടിലേക്ക് പോകേണ്ടെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിൽ ഉമ്മയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ.

മതിലകം മുള്ളൻ ബസാർ കറുപ്പംവീട്ടിൽ അസ്ലാം (19) ആണ് അറസ്റ്റിലായത്.

മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച വൈകുന്നേരം 3 മണിയോടെയാണ് സംഭവം നടന്നത്.

ഈ സമയം ഇയാൾ ലഹരിയിൽ ആയിരുന്നെന്ന് പോലീസ് പറഞ്ഞു.

”വാഗ്മിത”യ്ക്ക് തിരിതെളിഞ്ഞു

ഇരിങ്ങാലക്കുട : വാചികാഭിനയത്തിന് പ്രാധാന്യം നൽകി വർഷാവർഷം ഇരിങ്ങാലക്കുട ഡോ. കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ‘വാഗ്മിത’യ്ക്ക് തിരിതെളിഞ്ഞു.

രൈവതക പർവ്വതത്തിൽ ഏകാഹോത്സവത്തിനു ശേഷം വ്യാജ സന്യാസധാരിയായ അർജ്ജുനൻ, കൃഷ്ണാഗമനം പ്രതീക്ഷിച്ച് ഇരിക്കുന്ന ഭാഗം മുതൽക്കാണ് ഈ വർഷത്തെ ‘വാഗ്മിത’യുടെ ഒന്നാം ദിവസം ആരംഭിച്ചത്.

അർജ്ജുനൻ്റെ അടുത്തേക്ക് യാദവരോടൊപ്പമുള്ള ബലരാമൻ്റെ പ്രവേശം, സന്യാസ വേഷധാരിയായ അർജ്ജുനനുമായുള്ള ദർശനം, ശ്രീകൃഷ്ണാഗമനം, തുടർന്ന് ചാതുർമാസ്യാചരണത്തിലേക്കുള്ള ക്ഷണം എന്നീ ഭാഗങ്ങളാണ് പ്രബന്ധക്കൂത്തിൽ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ രംഗത്ത് അവതരിപ്പിച്ചത്.

തുടർ ദിവസങ്ങളിൽ നാരായണ ഭട്ടതിരിപ്പാട് രചിച്ച സുഭദ്രാഹരണം കഥയുടെ തുടർച്ചയായ ഭാഗങ്ങളാണ് അരങ്ങേറുക.

മിഴാവിൽ കലാമണ്ഡലം എ. എൻ. ഹരിഹരനും താളത്തിൽ ഗുരുകുലം അതുല്ല്യയും അകമ്പടിയേകി.