ഇടതു സർക്കാരിന്റെ നികുതിക്കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രതിഷേധ മാർച്ചും ധർണയും നടത്തി

ഇരിങ്ങാലക്കുട : ഇടതുപക്ഷ സർക്കാരിന്റെ നികുതിക്കൊള്ള അവസാനിപ്പിക്കുക, കൂട്ടിയ ഭൂനികുതികൾ കുറയ്ക്കുക, ഇലക്ട്രിക് കാറുകൾക്ക് കൂട്ടിയ നികുതി ഇല്ലാതാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ്‌ അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു.

മുൻ ബ്ലോക്ക് പ്രസിഡന്റ്‌ ടി. വി. ചാർളി ഉദ്ഘാടനം ചെയ്തു.

ജോസഫ് ചാക്കോ, വിജയൻ എളയേടത്ത്, ബീവി അബ്ദുൾകരീം, ഭരതൻ പൊന്തേങ്കണ്ടത്ത്, യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ്‌ സനൽ കല്ലൂക്കാരൻ, മണ്ഡലം ഭാരവാഹികളായ സിജു യോഹന്നാൻ, തോമസ് കോട്ടോളി, എ. സി. സുരേഷ്, കുര്യൻ ജോസഫ്, കൗൺസിലർമാരായ ജെയ്സൺ പാറേക്കാടൻ, ജസ്റ്റിൻ ജോൺ, മിനി ജോസ് ചാക്കോള, ഒ.എസ്. അവിനാഷ്, സത്യൻ തേനാഴിക്കുളം, സന്തോഷ്‌ ആലുക്ക, ഷെല്ലി മുട്ടത്ത്, വിനു ആന്റണി, നിതിൻ ടോണി എന്നിവർ നേതൃത്വം നൽകി.

ബൂത്ത്‌ പ്രസിഡന്റുമാർ, ബ്ലോക്ക്‌ മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

വിമല സെൻട്രൽ സ്കൂളിൽ റോബോട്ടിക് എക്സ്പോ നടത്തി

ഇരിങ്ങാലക്കുട : താണിശ്ശേരി വിമല സെൻട്രൽ സ്കൂളിൽ റോബോട്ടിക് എക്സ്പോ സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി ഉദ്ഘാടനം നിർവഹിച്ചു.

സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫിലോമിന അധ്യക്ഷത വഹിച്ചു.

ടിംഗർ ടോഡ്സ് സി.എ.ഒ. അലൻ എബ്രഹാം ആധുനിക കാലഘട്ടത്തിൽ എ.ഐ.യുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.

ഹാർട്ട് റേറ്റ് ഡിറ്റക്ഷൻ സിസ്റ്റം, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, എയർ ക്വാളിറ്റി ഇൻഡക്സ് മീറ്റർ, ഗ്യാസ് ലീക്കേജ് ഡിറ്റക്ഷൻ സിസ്റ്റം, ടെമ്പറേച്ചർ സെൻസിംഗ് ഇൻകുബേറ്റർ തുടങ്ങിയ ആധുനിക രീതിയിലുള്ള ഉപകരണങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള കടുത്ത അവഗണന : കൂട്ടായ പ്രക്ഷോഭം അനിവാര്യമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ

കല്ലേറ്റുംകര : അനേക വർഷങ്ങളുടെ പഴക്കമുള്ളതും പ്രതിവർഷം 16 ലക്ഷത്തോളം യാത്രക്കാരും 6 കോടിയോളം രൂപ വരുമാനവുമുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ കടുത്ത അവഗണനയിലാണെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ പ്രസ്താവിച്ചു.

ഇത്രയും അവഗണന നേരിടുന്ന സ്റ്റേഷൻ കേരളത്തിൽ വേറെ ഇല്ലെന്നും റെയിൽവേയുടെയും കേന്ദ്രസർക്കാരിന്റെയും
കണ്ണ് തുറപ്പിക്കാൻ കൂട്ടായ പ്രക്ഷോഭം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

റെയിൽവേയുടെ അവഗണനക്കെതിരെ കേരള കോൺഗ്രസ്‌ ആളൂർ മണ്ഡലം കമ്മിറ്റി റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ സ്റ്റോപ്പുകൾ അനുവദിക്കുന്നില്ലെന്നു മാത്രമല്ല നിലവിലുണ്ടായിരുന്ന 5 ട്രെയിനുകളുടെ സ്റ്റോപ്പുകൾ നിർത്തലാക്കുകയും ചെയ്തു. ഈ റെയിൽവേ സ്റ്റേഷനിൽ വിശ്രമമുറി, ബാത്ത്റൂം, കാന്റീൻ, ഇരിപ്പിടങ്ങൾ, മേൽക്കൂര, ലൈറ്റുകൾ, വാഹനങ്ങൾ സുരക്ഷിതമായി പാർക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ ഒന്നും തന്നെയില്ല.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള ഈ കടുത്ത അവഗണനക്കെതിരെ തുടർ സമരങ്ങൾക്ക് പാർട്ടി രൂപം നൽകുമെന്നും
തോമസ് ഉണ്ണിയാടൻ മുന്നറിയിപ്പു നൽകി.

പാർട്ടി ആളൂർ മണ്ഡലം പ്രസിഡന്റ്‌ ഡെന്നിസ് കണ്ണംകുന്നി അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ, ജില്ലാ ജനറൽ സെക്രട്ടറി സേതുമാധവൻ, ജോസ് അരിക്കാട്ട്, ജോബി മംഗലൻ, എൻ. കെ. കൊച്ചുവാറു, നൈജു ജോസഫ്, ഷീല ഡേവിസ്, നെൽസൺ മാവേലി, ഷോളി അരിക്കാട്ട്, ബാബു വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

പ്രഥമ ശ്രീകണ്ഠേശ്വരം ശിവരാത്രി പുരസ്കാരം ഡോ സദനം കൃഷ്ണൻകുട്ടിക്ക്

ഇരിങ്ങാലക്കുട : കലാരംഗത്തെ അതുല്യ പ്രതിഭകൾക്കായി ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്ര ഭരണ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ശിവരാത്രി പുരസ്കാരത്തിന് പ്രശസ്ത കഥകളി ആചാര്യനായ ഡോ സദനം കൃഷ്ണൻകുട്ടി അർഹനായി.

10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ശിവരാത്രി ദിനമായ ഫെബ്രുവരി 26ന് വൈകീട്ട് 6.50ന് ക്ഷേത്രാങ്കണത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് ക്ഷേത്രം തന്ത്രി നകരമണ്ണ് നാരായണൻ നമ്പൂതിരിപ്പാട് പുരസ്കാരം സമർപ്പിക്കുമെന്ന് ക്ഷേത്ര ഭരണ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ഷുഹൈബ്- ശരത് ലാൽ – കൃപേഷ് രക്തസാക്ഷി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് – ശരത് ലാൽ – കൃപേഷ് രക്തസാക്ഷി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ആൽത്തറ പരിസരത്തു നടന്ന അനുസ്മരണ സദസ്സ് കെ. പി. സി. സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ. ജെ. ജെനീഷ് രക്തസാക്ഷി അനുസ്മരണ പ്രഭാഷണം നടത്തി.

നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് അബ്‌ദുൾ ഹഖ്, ബാബു തോമസ്, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി സിദ്ദിഖ്, മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റുമാരായ ജോമോൻ മണാത്ത്, ശരത്ത് ദാസ്, സഞ്ജയ് ബാബു, എ എസ് സനൽ, നിയോജക മണ്ഡലം ഭാരവാഹികളായ എബിൻ ജോൺ, വിനു ആന്റണി, അജയ് മേനോൻ, അഡ്വ. ഗോകുൽ തുടങ്ങിയവർ പ്രസംഗിച്ചു.

അന്യായമായ നികുതി കൊള്ളയ്ക്കും, ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കുമെതിരെ പുല്ലൂരിൽ കോൺഗ്രസ്സിൻ്റെ പ്രതിഷേധ മാർച്ചും ധർണയും

ഇരിങ്ങാലക്കുട : അന്യായമായ നികുതി കൊള്ളക്കും, ബഡ്ജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കുമെതിരെ മുരിയാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
പുല്ലൂർ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ
മാർച്ചും ധർണയും നടത്തി.

കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി
എം. പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് സാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ തോമസ് തത്തംപിള്ളി, ശ്രീജിത്ത് പട്ടത്ത്, സെക്രട്ടറിമാരായ എം.എൻ.രമേശ്, വിബിൻ വെള്ളയത്ത്, ലിജോ മഞ്ഞളി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മോളി ജേക്കബ്ബ്, മണ്ഡലം പ്രസിഡണ്ട് തുഷം സൈമൺ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എബിൻ ജോൺ, പഞ്ചായത്ത് അംഗങ്ങളായ സേവ്യർ ആളൂക്കാരൻ, നിത അർജ്ജുനൻ, കെ.കെ. വിശ്വനാഥൻ, അനിൽ പള്ളിപ്പുറം എന്നിവർ പ്രസംഗിച്ചു.

ടി.ഡി. ആന്റണി, റിജോൺ ജോൺസൺ, ജിന്റോ ഇല്ലിക്കൽ, സി.പി. ലോറൻസ്, പ്രേമൻ കൂട്ടാല, അനീഷ് കൊളത്താപ്പിള്ളി, സുധാകരൻ കൊച്ചുകുളം, വി.ജെ.ക്രിസ്റ്റഫർ, റോയ് മാത്യു, ട്രിലിവർ കോക്കാട്ട്, ഷാരി വീനസ്, അഞ്ജു സുധീർ, ഗ്രേസി പോൾ എന്നിവർ നേതൃത്വം നൽകി.

വാലപ്പൻ ട്രസ്റ്റ് മുൻസിപ്പൽ ചെയർമാന് സ്വീകരണം നൽകി

ഇരിങ്ങാലക്കുട : ചാലക്കുടി വി. ആർ. പുരം എവർഗ്രീൻ ഹാളിൽ ചേർന്ന കുടുംബ യോഗത്തിൽ വാലപ്പൻ ട്രസ്റ്റ് മുനിസിപ്പൽ ചെയർമാനായ ഷിബു വാലപ്പന് സ്വീകരണം നൽകി.

പ്രസിഡന്റ്‌ ഷാജു വാലപ്പൻ അധ്യക്ഷത വഹിച്ചു.

പ്രസിഡന്റ്‌ ഷാജു വാലപ്പൻ, മുതിർന്ന അംഗങ്ങളായ മാത്യുണ്ണി വാലപ്പൻ, വാലപ്പൻ അന്തോണി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.

സെക്രട്ടറി ബേബി വാലപ്പൻ സ്വാഗതവും തോമസ് വാലപ്പൻ നന്ദിയും പറഞ്ഞു.

മുനിസിപ്പൽ വൈസ് ചെയർമാൻ ആലീസ് ഷിബു, ഫ്രാൻസിസ് വാലപ്പൻ, സൂരജ് വാലപ്പൻ, ബ്രിന്ദ ബൈജു എന്നിവർ നേതൃത്വം നൽകി.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് ആരംഭിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് (എം.ടി.യു.) ആരംഭിച്ചു.

വീടുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന കക്കൂസ് മാലിന്യങ്ങൾ തോടുകളിലും കുളങ്ങളിലും പാടശേഖരങ്ങളിലുമെല്ലാം തള്ളുന്നത് ഒഴിവാക്കുക എന്നതാണ് 50 ലക്ഷം രൂപ ചെലവിൽ ആരംഭിച്ച ഈ മൊബൈൽ യൂണിറ്റുകളുടെ ലക്ഷ്യം.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ 5 പഞ്ചായത്തുകളെ ചേർത്ത് ഈ സംവിധാനം നടപ്പിലാക്കുന്നത്.

ഇതിനായി ഒരു ഡ്രൈവറെയും ഓപ്പറേറ്ററെയും നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം ആസ്ഥാനമായുള്ള ഭൗമ എൻവിരോ ടെക് എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് മാസത്തിൽ 1.77 ലക്ഷം രൂപ കമ്പനിക്ക് നൽകണം.

പഞ്ചായത്തുകളിലെ സങ്കേതങ്ങളിൽ സൗജന്യമായി ടാങ്കുകൾ വൃത്തിയാക്കി നൽകണമെന്ന ആവശ്യപ്രകാരം അർഹരായ ആളുകൾക്ക് സൗജന്യ സേവനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ടാങ്ക് തുറന്ന് യന്ത്രമിറക്കി ആറു തവണയായി നാലു തരത്തിൽ വെള്ളം ശുദ്ധീകരിച്ച് ക്ലോറിനറ്റ് ചെയ്താണ് മാലിന്യം നീക്കം ചെയ്യുന്നത്. ശാസ്ത്രീയമായി ചെയ്യുന്നതിനാൽ ടാങ്ക് വൃത്തിയാക്കുമ്പോൾ യാതൊരുതരത്തിലുള്ള ദുർഗന്ധമോ രോഗകാരികളായ അണുക്കളുടെ വ്യാപനമോ ഉണ്ടാകില്ലെന്ന് അധികൃതർ പറഞ്ഞു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 6000 ലിറ്റർ വരെയുള്ള ടാങ്കുകൾ 4000 രൂപയ്ക്കാണ് വൃത്തിയാക്കി നൽകുന്നത്. അതിനു മുകളിൽ ഉള്ള ടാങ്കുകൾക്ക് തുകയിൽ വ്യത്യാസമുണ്ടാകും. സേവനം ലഭ്യമാകുന്നതിനായി ബ്ലോക്ക് പഞ്ചായത്തിൽ പണമടച്ച് ബുക്ക് ചെയ്താൽ മതിയാകുമെന്ന് അധികൃതർ അറിയിച്ചു.

കലാലയരത്ന പുരസ്കാരം സമ്മാനിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച വിദ്യാർഥിക്ക് നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം കോഴിക്കോട് ദേവഗിരി കോളെജിലെ എം ശിവാനിക്ക് തൃശൂർ സബ് കളക്ടർ അഖിൽ വി. മേനോൻ ഐ.എ.എസ് സമ്മാനിച്ചു.

ക്രൈസ്റ്റ് കോളെജിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

മലയാള വിഭാഗം അധ്യക്ഷൻ ഫാ. ടെജി കെ. തോമസ് സ്വാഗതം പറഞ്ഞു.

മുൻ പ്രിൻസിപ്പൽ ഫാ. ജോസ് ചുങ്കൻ, മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, മുൻ പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ, എച്ച്. ആർ. മാനേജർ പ്രൊഫ. യു. ഷീബ വർഗീസ് എന്നിവർ പ്രസംഗിച്ചു.

കെ.കെ.ടി.എം. കോളെജിൽ ലോക തണ്ണീർത്തട സംരക്ഷണ ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : പുല്ലൂറ്റ് ഗവ. കെ. കെ. ടി. എം. കോളെജിലെ ഭൂമിത്രസേന ക്ലബ്ബ്, സുവോളജി, ബോട്ടണി വിഭാഗങ്ങൾ, നേച്ചർ ക്ലബ്ബ് എന്നിവർ സംയുക്തമായി ലോക തണ്ണീർത്തട ദിനാഘോഷം സംഘടിപ്പിച്ചു.

കോളെജിന്റെ അധീനതയിലുള്ള ചാപ്പാറ കണ്ടൽ വനത്തിൽ കണ്ടലുകളുടെ പരിസ്ഥിതിയിലുളള പ്രാധാന്യത്തെ കുറിച്ചുള്ള ഫീൽഡ് ട്രെയിനിംഗ് ആയാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി.കെ. ബിന്ദു ശർമ്മിള ഉദ്ഘാടനം ചെയ്തു.

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഐ. ബി. മനോജ് കുമാർ പരിശീലന ക്ലാസ് നയിച്ചു.

കണ്ടലുകൾ ജൈവവൈവിധ്യ സംരക്ഷണത്തിന് അനിവാര്യമാണെന്നും തീരപ്രദേശങ്ങളുടെ സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിരോധത്തിനും ഇവ അതിപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിത്രസേന കോർഡിനേറ്റർ കെ. സി. സൗമ്യ, നേച്ചർ ക്ലബ് കോർഡിനേറ്റർ ആർ. രാഗ, അധ്യാപകരായ എൻ. കെ. പ്രസാദ്, റെമീന കെ. ജമാൽ എന്നിവർ നേതൃത്വം നൽകി.

വിവിധ വിഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർഥികളും അധ്യാപകരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.