രാജി ഭീഷണിയിൽ ആടിയുലഞ്ഞ നഗരസഭാ ഭരണത്തിന് ഒടുവിൽ രാജിയിലൂടെ തന്നെ പരിഹാരമായി


ഇരിങ്ങാലക്കുട : സമീപകാലത്ത് നഗരസഭ ഭരണം കയ്യാളുന്ന കോൺഗ്രസിനുളളിൽ നഗരസഭാ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിന് പരിഹാരമായി. കോൺഗ്രസ് എ ഗ്രൂപ്പിൽ ഇതേ ചൊല്ലിയുണ്ടായിരുന്ന തർക്കത്തിൽ സ്ഥാന കൈമാറ്റം നടന്നില്ലെങ്കിൽ രാജി വെക്കുമെന്ന് എ ഗ്രൂപ്പിലെ തന്നെ കൗൺസിലർമാർ ഭീഷണി മുഴക്കിയിരുന്നു. നിലവിൽ എൽ.ഡി.എഫി നും യു.ഡി.എഫി നും തുല്യ അംഗങ്ങളുള്ള നഗരസഭയിൽ കോൺഗ്രസ്സ് കൗൺസിലർമാർ രാജിവെച്ചിരുന്നുവെങ്കിൽ ഭരണം നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.തുടർന്ന് പാർട്ടി നേതൃത്വം ഇടപ്പെട്ട് നിലവിലെ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ വി.സി വർഗ്ഗീസിനേയും, എം.ആർ ഷാജുവിനെയും അനുനയിപ്പിച്ച് രാജിവെപ്പിക്കുകയായിരുന്നു.രണ്ട് വർഷം പൂർത്തീകരിച്ച ഇവർക്കു പകരമായി കുരിയൻ ജോസഫും, ബിജു ലാസ്സറും തൽസ്ഥാനങ്ങളിൽ ചുമതലയേൽക്കും. ഇന്ന് നടന്ന കൗൺസിൽ യോഗത്തിനൊടുവിൽ തികച്ചും നാടകീയമായിട്ടായിരുന്നു ഇരുവരുടെയും രാജി.