സർവകലാശാല കായികരംഗത്ത് ക്രൈസ്റ്റ് കോളേജിൻറെ ആധിപത്യം,ഓവറോൾ ചാമ്പ്യൻഷിപ്പും പുരുഷവിഭാഗം ചാമ്പ്യൻഷിപ്പും ക്രൈസ്റ്റ് കോളേജിന്

 

ഇരിങ്ങാലക്കുട: മികച്ച കായിക പ്രതിഭകളെയും കായികമേഖലയിൽ മികവ് പുലർത്തുന്ന കോളേജുകളെയും ആദരിക്കുന്നതിന് കാലിക്കറ്റ് സർവകലാശലയിൽ നടത്തിയ ചടങ്ങിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് വ്യക്തമായ ആധിപത്യം. ഓവറോൾ ചാമ്പ്യൻഷിപ്പും പുരുഷവിഭാഗം ചാമ്പ്യൻഷിപ്പും വനിതാ വിഭാഗം ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് ലഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.കെ.ടി.ജലീലിൽ നിന്ന് ക്രൈസ്റ്റ് കോളേജിനു വേണ്ടി പ്രിൻസിപ്പൽ ഡോ.മാത്യുപോൾ ഊക്കൻ, കായികവിഭാഗം മേധാവി പ്രൊഫ.ബിൻറു.ടി.കല്യാൺ, പി.ആർ.ഒ.പ്രൊഫ.സെബാസ്റ്റ്യൻ ജോസഫ്, ഫാദർ സിബി ഫ്രാൻസിസ്, കായികവിഭാഗം മുൻ മേധാവി ഡോ.ജേക്കബ് ജോർജ്, കായിക വിഭാഗം അദ്ധ്യാപകന്മാരായ ഡോ.എൻ അനിൽ കുമാർ, ശ്രീ.ശ്രീജിത്ത് രാജ്, കെ.എം.സെബാസ്റ്റ്യൻ എന്നിവരും നിരവധി കായികവിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

സുവർണ ജൂബിലി ആഘോഷിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കോളേജ് 447 പോയിൻറ് നേടിക്കൊണ്ട് അഗ്രഗേറ്റ് ചാമ്പ്യൻഷിപ്പും മികച്ച കോളേജ് എന്ന അവാർഡും നേടുന്നത്. അതിൽ വനിതാ വിഭാഗത്തിൽ കാലങ്ങളായി ചാമ്പ്യൻമാരായ വനിതാ കോളേജുകളെ പിന്നിലാക്കി ക്രൈസ്റ്റ് കോളേജ് മുൻനിരയിലെത്തി. പുരുഷ വിഭാഗത്തിൽ 293 പോയിൻറുകളോടെ ഒന്നാമതും വനിതാ വിഭാഗത്തിൽ 154 പോയിൻറുകൾ നേടിക്കൊണ്ട് മൂന്നാം സ്ഥാനത്തും എത്തി.

അന്തർദേശീയ കായിക താരങ്ങളായ പി.യു.ചിത്രയും ജെ.രജനയുമടക്കമുളള മികച്ച താരങ്ങളാണ് ക്രൈസ്റ്റ് കോളേജിൽ നിന്ന് കാലിക്കറ്റ് സർവകലാശാലയെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുത്തത്. കേരളത്തെ പ്രതിനിധീകരിച്ച് ദേശീയതലത്തിൽ 70 പേരും കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് 82പേരും വിവിധ കായികമത്സരങ്ങളിൽ പങ്കെടുത്തിരുന്നു. അന്തർദേശീയതലത്തിൽ 3മെഡലുകളും ദേശീയതലത്തിൽ 24 മെഡലുകളും അഖിലേന്ത്യാ യൂണിവേഴ്സിറ്റി തലത്തിൽ 22 മെഡലുകളുമടക്കം 49 മെഡലുകളാണ് ക്രൈസ്റ്റിലെ കായികതാരങ്ങൾ നേടിയത്.

യൂണിവേഴ്സിറ്റി തലത്തിൽ 25 ചാമ്പ്യൻഷിപ്പുകളാണ് ക്രൈസ്റ്റ് കരസ്ഥമാക്കിയത്.അതിൽ 7 ഒന്നാം സ്ഥാനവും 9രണ്ടാം സ്ഥാനവും 9മൂന്നാം സ്ഥാനവും നേടി. 49 ടീമുകളാണ് ക്രൈസ്റ്റ് ഈ വർഷം അണിയിച്ചൊരുക്കിയത്.

52 ട്രോഫികളാണ് വിവിധ മത്സരങ്ങളിൽ നിന്ന് ക്രൈസ്റ്റ് കരസ്ഥമാക്കിയത്.കേരള സംസ്ഥാന കോളേജ് ഗെയിംസിൽ 19 പോയിൻറുകൾ നേടിക്കൊണ്ട് രണ്ടാം സ്ഥാനം നേടുകയുണ്ടായി.

ഈ വർഷം സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കേരള ടീമിൽ ക്രൈസ്റ്റിൻറെ 3 കുട്ടികൾ ഉണ്ടായിരുന്നു.

എന്നാൽ വനിതാവിഭാഗം ചാമ്പ്യൻമാരെ നിശ്ചയിക്കുന്നതിൽ അപാകതയുണ്ടെന്ന് കാട്ടി ക്രൈസ്റ്റ് കോളേജ് നൽകിയ പരാതി സമയം വൈകി എന്ന കാരണം കാണിച്ച് നിരസിച്ചതായി പി.ആർ.ഒ.സെബാസ്റ്റ്യൻ ജോസഫ് അറിയിച്ചു.