ജനറൽ ആശുപത്രിയിലെ സർജ്ജറി, അനസ്‌തേഷ്യ തസ്തികകൾ നഷ്ടമാകുന്നു


ഇരിങ്ങാലക്കുട : ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ് ഇൻ സർജറി, കൺസൾട്ടന്റ് ഇൻ അനസ്‌തേഷ്യ തസ്തികകൾ നഷ്ടമാകുന്നു. ഈ തസ്തികകൾ ഇല്ലാതാക്കിയതായി ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽനിന്ന്‌ ആശുപത്രി അധികൃതർക്ക് കത്ത് ലഭിച്ചിട്ടുണ്ട്. എത്രയും പെെട്ടന്ന് ഈ തസ്തികകൾ മാറ്റാൻ ശുപാർശ നൽകാനും ആശുപത്രി അധികൃതരോട് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.
വർഷങ്ങളായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നിലനിന്നിരുന്ന സർജ്ജറി സംബന്ധമായ സീനിയർ സർജൻ തസ്തികയും സീനിയർ അനസ്‌തേഷ്യ തസ്തികയുമാണ് നഷ്ടമാകുന്നത്.
നിലവിൽ സർജ്ജന് പുറമെ ഡെപ്യൂട്ടേഷനിലുള്ള ജൂനിയർ സർജ്ജനാണ് ഇവിടെയുള്ളത്. അദ്ദേഹം മാറിപ്പോകാനുള്ള സാധ്യതയേറെയാണെന്ന് പറയുന്നു. അങ്ങനെ വന്നാൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് സർജ്ജനില്ലാത്ത അവസ്ഥ വരുമെന്നാണ് പറയുന്നത്. ഇത് സാധാരണക്കാരായ നൂറുകണക്കിന് രോഗികളെ ബാധിക്കും. കാറളം, പൂമംഗലം, പെരിഞ്ഞനം, പടിയൂർ, വെള്ളാങ്ങല്ലൂർ, വേളൂക്കര, മുരിയാട്, ആളൂർ തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലേയും ഇരിങ്ങാലക്കുട നഗരസഭയിലേയും സാധാരണക്കാരായ രോഗികളുടെ ഏക ആശ്രയകേന്ദ്രമാണ് ഇരിങ്ങാലക്കുട ജനറൽ ആശുപത്രി.
ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ഇരിങ്ങാലക്കുട ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. സർജ്ജൻ തസ്തിക ഇല്ലാതായാൽ ഈ പ്രദേശത്തെ സർജറി സംബന്ധമായ ഗുരുതര രോഗികൾക്ക് ചികിത്സ ലഭിക്കാതെ വരും. അതുപോലെ കൺസൾട്ടന്റ് ഇൻ അനസ്‌തേഷ്യ എന്ന സീനിയർ തസ്തികയും ആശുപത്രിയിൽനിന്ന്‌ മാറ്റപ്പെടുകയാണ്.
ഇവിടെ എത്തുന്ന രോഗികൾക്ക് ഏറ്റവും അടുത്തുള്ള റഫറൽ ആശുപത്രിയായ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് ഏകദേശം 50 കിലോമീറ്ററിലധികം ദൂരമുണ്ട്. ഈ തസ്തികകൾ ഇല്ലാതായാൽ ആശുപത്രിയേയും ഈ മേഖലയിലെ രോഗികളേയും അത് സാരമായി ബാധിക്കും.
അതിനാൽ നഗരസഭയും സ്ഥലം എം.എൽ.എ. അടക്കമുള്ളവരും അടിയന്തരമായി ഇടപെട്ട് തസ്തികകൾ നിലനിർത്താൻ നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടെ ആവശ്യം.