ലണ്ടനില്‍ മല്യയ്ക്ക് സുഖ ജീവിതത്തിന് കോടതിയുടെ ‘ഇളവ്’ ; പ്രതിവാര ജീവിത ചിലവിന്റെ പരിധി 16 ലക്ഷമാക്കി ഉയര്‍ത്തി


മല്യയുടെ പ്രതിവാര ജീവിത ചിലവിനുള്ള പരിധി അയ്യായിരം പൗണ്ടില്‍ (നാലര ലക്ഷം രൂപ) നിന്ന് 18325 പൗണ്ട് (16 ലക്ഷം രൂപ) യായി ഉയര്‍ത്തി.

കോടികള്‍ വായ്പയെടുത്ത് ഇന്ത്യയില്‍ നിന്ന് മുങ്ങിയ വ്യവസായി വിജയ് മല്യയ്ക്ക് സുഖ ജീവിതം തുടരാന്‍ ലണ്ടന്‍ കോടതിയുടെ ‘ അനുവാദം’ മല്യയുടെ പ്രതിവാര ജീവിത ചിലവിനുള്ള പരിധി അയ്യായിരം പൗണ്ടില്‍ (നാലര ലക്ഷം രൂപ) നിന്ന് 18325 പൗണ്ട് (16 ലക്ഷം രൂപ) യായി ഉയര്‍ത്തി. വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത വകയില്‍ സിംഗപ്പൂരിലെ വിമാന കമ്പനിയ്ക്ക് മല്യ 567 കോടി രൂപ നല്‍കണമെന്ന വിധിക്ക് പിന്നാലെയാണ് ജീവിത ചെലവു പരിധി ഉയര്‍ത്തി ഉത്തരവ്.

എന്നാല്‍ മല്യയുടെ 150 കോടി ഡോളറിന്റെ ആഗോള ആസ്തികള്‍ മരവിപ്പിച്ച നടപടി റദ്ദാക്കിയിട്ടില്ല. ഇക്കാര്യത്തിലുള്ള മല്യയുടെ അപേക്ഷയില്‍ ഏപ്രില്‍ 16 ന് വാദം തുടങ്ങും. സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ബ്രിട്ടീഷുകാര്‍ക്ക് കിട്ടുന്ന ശരാശി വാര്‍ഷിക ശമ്പളത്തിന് തുല്യമായ തുകയാണ് മല്യ ഒരാഴ്ച ചിലവാക്കുക. ആഡംബര ജീവിതം ശീലിച്ച ഒരാള്‍ പെട്ടെന്നൊരു ദിവസം തുച്ഛമായ തുകയ്ക്ക് ജീവിത ചിലവ് കഴിക്കണമെന്ന് കോടതി ആവശ്യപ്പെടാനാകില്ലെന്ന് കാട്ടി ലണ്ടനിലെ ഇന്ത്യന്‍ അഭിഭാഷകന്‍ സരോഷ് സായ് വാല വിധിയെ ന്യായീകരിച്ചു.