വിദ്യാർത്ഥിനികൾ സ്വരുക്കൂട്ടി – നിർധന കുടുംബത്തിന് വീടൊരുങ്ങി


ഇരിഞ്ഞാലക്കുട :  സെന്റ് ജോസഫ്സ് കോളജിലെ എൻ എസ് എസ് യൂണിറ്റുകളും പൂമംഗലം പഞ്ചായത്തും സംയുക്തമായി നിർധനരും നിരാലംബരുമായ ഒരു കുടുംബത്തിന് പണിതു തുടങ്ങിയ വീട് പൂർത്തിയായി.

പരേതയായ അനില സന്തോഷിന്റെ അമ്മയ് യ്ക്കും രണ്ടു പെൺമക്കൾക്കുമാണ് വീട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഭയം പദ്ധതിയോട് ചേർന്ന് സെന്റ് ജോസഫ്സ് കോളജിലെ നാഷണൽ സർവ്വീസ് സ്കീം ഈ വർഷം പണിതു നൽകുന്ന മൂന്നാമത്തെ വീടാണിത്.

വിദ്യാർത്ഥിനികൾ കൃഷി ചെയ്തും തട്ടുകട നടത്തിയും പോക്കറ്റ് മണിയിൽ നിന്നു മിച്ചം വച്ചും ഉണ്ടാക്കിയ വീടുകളാണിവ. സ്നേഹത്തണൽ എന്നു പേരിട്ട് അവർ നടത്തുന്ന പ്രൊജക്ടിന്റെ ഭാഗമാണ് ഈ വീടുകൾ. കഴിഞ്ഞ വർഷവും അവർ വീടു പണിതു നൽകിയിട്ടുണ്ട്. പൂമംഗലം പഞ്ചായത്തിലെ മറ്റൊരു വീടിന്റെ വൈദ്യുതീകരണവും അവർ ഏറ്റെടുത്തിട്ടുണ്ട്.
പ്രോഗ്രാം ഓഫീസർമാരായ അഞ്ജു ആന്റണി, ബീന സി.എ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ കർമപരിപാടികൾ ഒരുക്കുന്നത്. കോളജ് പ്രിൻസിപ്പൽ സി ക്രിസ്റ്റി പൂർണ പിന്തുണയുമായി കൂടെയുണ്ട്.