പതിക്കാട് പട്ടികജാതി കമ്മ്യൂണിറ്റി ഹാളും പരിസരവും പഞ്ചായത്തിന്റെ കുപ്പത്തൊട്ടിയാക്കുവാൻ അനുവദിക്കില്ല : കെ പി എം എസ് 

കല്ലേറ്റുംകര : ആളൂർ പഞ്ചായത്തിലെ പതിനാറാം വാർഡിൽ കനാൽ പാലത്തിന് സമീപം താഴെക്കാട് പതിക്കാട് പട്ടികജാതി കമ്മ്യൂണിറ്റി ഹാളും പരിസരവും ആളൂർ പഞ്ചായത്തിന്റെ കുപ്പത്തൊട്ടിയാക്കുവാനുള്ള പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിൽനിന്ന് പിന്മാറണമെന്ന് കെ പി എം എസ് ആളൂർ യൂണിയൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

മാള ബ്ലോക്ക് പഞ്ചായത്തിന്റെയും ആളൂർ ഗ്രാമ പഞ്ചായത്തിന്റെയും പട്ടികജാതി ഫണ്ട് വിനിയോഗിച്ച് വിലയ്ക്കു വാങ്ങിയ അര ഏക്കറോളം വരുന്ന ഭൂമിയിൽ പത്ത് സെൻ്റു സ്ഥലത്താണ് പതിക്കാട് പട്ടികജാതി കമ്മ്യൂണിറ്റി ഹാൾ പണി തീർത്തത്.

അവശേഷിക്കുന്ന ഭൂമിയിൽ പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുമെന്നും പഞ്ചായത്ത് അധികാരികൾ അന്ന് ഉറപ്പ് നൽകിയിരുന്നു.

2015ൽ ആവശ്യമായ മറ്റു സൗകര്യങ്ങളോടു കൂടി പൊതു ആവശ്യങ്ങൾക്കായി ഹാൾ തുറന്ന് കൊടുക്കുകയുണ്ടായി.

തുടർന്ന് പ്രദേശത്തെ വലിയൊരു ശതമാനം വരുന്ന പട്ടികജാതി കുടുംബങ്ങളിലെ വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നടത്തിവരുന്നത് ഈ കമ്മ്യൂണിറ്റി ഹാളിലാണ്.

കഴിഞ്ഞ രണ്ടു വർഷമായി പ്ലാസ്റ്റിക് നിരോധനത്തെ തുടർന്ന് ആളൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകളും, കുപ്പികളും, മറ്റു പ്ലാസ്റ്റിക് ഉല്പന്നങ്ങളും നിക്ഷേപിച്ചിരുന്നത് ഇവിടെയാണ്.

ഈ നടപടിയെ ചോദ്യം ചെയ്തപ്പോൾ പഞ്ചായത്ത് അധികാരികൾ പറഞ്ഞത് അതൊരു താൽക്കാലിക സംവിധാനം മാത്രമാണെന്നാണ്.

രണ്ട് ദിവസം മുൻപ് പ്രദേശത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ ജെ സി ബിയുമായി വന്ന് മണ്ണ് മാന്തുന്നത് കണ്ടപ്പോഴാണ് ജനങ്ങൾ ഇതിനു പിന്നിലെ ചതി മനസ്സിലാക്കിയത്.

ഇപ്പോൾ കമ്മ്യൂണിറ്റി ഹാളിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതിന്റെ ഭാഗമായി ജെ സി ബി ഉപയോഗിച്ച് പാചകപ്പുരയോട് ചേർന്ന് മാലിന്യങ്ങൾ കൂമ്പാരമാക്കി ഇട്ടിരിക്കുകയാണ്.

നിരവധി സാധാരണ കുടുംബങ്ങൾ ജീവിക്കുന്ന ഈ പ്രദേശത്ത് പഞ്ചായത്തിന്റെ തലതിരിഞ്ഞ വികസന നയങ്ങൾ ദൂരവ്യാപകമാകുന്ന പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യുമെന്ന് യോഗം വിലയിരുത്തി.

ഈ മേഖലയെ മറ്റൊരു ലാലൂരാക്കുവാനോ പഞ്ചായത്തിന്റെ കുപ്പത്തൊട്ടിയാക്കുവാനോ അനുവദിക്കില്ലെന്ന് കേരള പുലയർ മഹാസഭ ആളൂർ യൂണിയൻ കമ്മിറ്റി യോഗം പ്രഖ്യാപിച്ചു.

ഇതിനെതിരെ വിവിധ അധികാര കേന്ദ്രങ്ങൾക്ക് പരാതി കൊടുക്കും.

തുടർന്നും പഞ്ചായത്ത് ഈ നടപടിയിൽ നിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ ശക്തമായ ബഹുജന പ്രതിഷേധം വളർത്തി കൊണ്ടുവരുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡണ്ട് ടി കെ ഷാജി അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം പി എൻ സുരൻ, യൂണിയൻ സെക്രട്ടറി വി കെ സുമേഷ്, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ടി വി സിലീഷ്, പി സി കരുണൻ, പി എൻ വേലായുധൻ, വിവേക്, അമ്മിണി ചന്ദ്രൻ, വിജയ ഷൺമുഖൻ, വി കെ ബാബു തുടങ്ങിയവർ സംസാരിച്ചു.