ചക്രവാതചുഴി, ന്യൂനമർദ്ദം : സംസ്​ഥാനത്ത്​ 29 വരെ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം : ശ്രീലങ്കൻ തീരത്ത്​ ചക്രവാതചുഴിയും ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദസാധ്യതയും രൂപംകൊണ്ടതോടെ സംസ്ഥാനത്ത്​ നവംബർ 29 വരെ ശക്തമായ മഴക്കും കാറ്റിനും സാധ്യത.

ന്യൂനമർദം ശക്തി പ്രാപിച്ചു പടിഞ്ഞാറ്​, വടക്ക് പടിഞ്ഞാറ്​ ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

വെള്ളിയാഴ്​ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചു.

27ന്​ കണ്ണൂർ, കാസർകോട്​ ഒഴി​കെ 12 ജില്ലകളിലും, 28ന്​ കാസർകോട്​ ഒഴികെ 13 ജില്ലകളിലും, 29ന്​ എറണാകുളം മുതൽ വടക്കോട്ടുള്ള ഒമ്പത്​ ജില്ലകളിലും മഞ്ഞ അലർട്ട്​ ബാധകമാക്കി. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക്​​ സാധ്യതയുണ്ട്​. മലയോര മേഖലകളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ട്​.

നവംബർ 29 വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്​.

ശനിയാഴ്​ച കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ്​ മുന്നറിയിപ്പ്​. കേരള-ലക്ഷദ്വീപ്-മാലദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിലും ചിലയവസരങ്ങളിൽ 60 കിലോമീറ്റർ വേഗത്തിലും കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾക്കും സാധ്യതയുണ്ട്. അപകടം ശ്രദ്ധയിൽപെട്ടാൽ ഉടൻ വൈദ്യുതി ബോർഡിൻ്റെ 1912 എന്ന കൺട്രോൾ റൂമിലോ, 1077 എന്ന നമ്പറിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം.