അയൽവാസിയെ ചാരായക്കേസിൽ കുടുക്കാൻ ശ്രമം ; രണ്ടാം പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

കൊരട്ടി: അയൽവാസിയുടെ വീടിനുപുറകിൽ ചാരായം കുഴിച്ചിട്ട് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച കേസിൽ പാലപ്പിള്ളി സ്വദേശി ജിഷ്ണു രാമകൃഷ്ണൻ (26) എന്നയാളെ കൊരട്ടി ഇൻസ്പെക്ടർ എസ് എച്ച് ഓ ബി കെ അരുണും സംഘവും അറസ്റ്റു ചെയ്തു.

ഇക്കഴിഞ്ഞ ഏപ്രിൽ മാസം എട്ടാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഈ കേസിൽ ഒന്നാം പ്രതി പാലപ്പിള്ളി സ്വദേശി പള്ളത്ത് വീട്ടിൽ രാജേഷ് (41) എന്നയാളെ ജൂലൈ 31 തിയ്യതി അറസ്റ്റു ചെയ്ത് റിമാന്റ് ചെയ്തിരുന്നു.

പാലപ്പിള്ളിയിൽ പലചരക്കു കട ഉടമസ്ഥനായ ഒന്നാം പ്രതി രാജേഷ്, പൊതു റോഡ് കൈയ്യേറി വീട്ടിലേക്കുള്ള വഴിയിൽ ചെറിയ പാലം കോൺക്രീറ്റ് ചെയ്തത് അയൽവാസിയും കെ എസ് ഇ ബി ജീവനക്കാരനുമായ പാലപ്പിള്ളി കോപ്പിവീട്ടിൽ സതീഷ് ചോദ്യം ചെയ്യുകയും, ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

തുടർന്ന് പൊതുസ്ഥലം കൈയ്യേറി ഒന്നാം പ്രതി പണിത കോൺക്രീറ്റ് സ്ലാബ് പൊളിച്ചു മാറ്റേണ്ടി വന്നതിലുള്ള വൈരാഗ്യമാണ് ഈ സംഭവത്തിന് കാരണമായത്.

ഒന്നാം പ്രതിക്കെതിരെ പഞ്ചായത്ത് അധികാരികൾക്ക് പരാതി നൽകിയതിനാൽ അയൽവാസിയായ കെ എസ് ഇ ബി ജീവനക്കാരനായ സതീഷിനെ പ്രതി തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

തുടർന്നാണ് ഒന്നാം പ്രതി രാജേഷും, സുഹൃത്തായ ജിഷ്ണുവും ചേർന്ന് 5 ലിറ്റർ ചാരായം പ്രതികളുടെ വീട്ടിൽ സ്വന്തമായി നിർമ്മിച്ച് അയൽവാസിയായ സതീഷിന്റെ പണി നടന്നു കൊണ്ടിരിക്കുന്ന പുതിയ വീടിനു പുറകിൽ 5 കുപ്പികളിലാക്കി കുഴിച്ചിടുകയും, രണ്ടാം പ്രതി ജിഷ്ണു കൊരട്ടി പോലീസിനെ ഫോണിൽ വിളിച്ച് സതീഷ് വീടുതാമസത്തിന് ചാരായം നിർമ്മിച്ച് പറമ്പിൽ കോഴിക്കൂടിനു സമീപം കുഴിച്ചിട്ടിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായം കണ്ടെത്തുകയു ണ്ടായി.

എന്നാൽ രഹസ്യ ഫോൺ സന്ദേശത്തിൽ സംശയം തോന്നിയ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പോലീസിലേക്ക് വന്ന ഫോൺ പരാതിയിൽ അസ്വാഭാവികത തോന്നിയ പോലീസ് ഈ സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിനും, യഥാർത്ഥ പ്രതിയെ പിടികൂടുന്നതിനും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

യഥാർത്ഥ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയ രാജേഷും ജിഷ്ണുവും ഒളിവിൽ കഴിഞ്ഞു വരവേ, ജൂൺ 31 തിയ്യതി രാജേഷിനെ പോലീസ് പിടികൂടിയതറിഞ്ഞ് രണ്ടാം പ്രതി മംഗലാപുരത്തേക്ക് ഒളിവിൽ പോവുകയായിരുന്നു.

രഹസ്യമായി വെള്ളിക്കുളങ്ങരയിലെ ഭാര്യ വീട്ടിൽ രഹസ്യ സന്ദർശനം നടത്തി ഒളിത്താവളത്തിലേക്ക് പോകുന്നതിനിടെ രണ്ടാം പ്രതിയെ പോലീസ് തന്ത്രപരമായി പിടിക്കൂടുകയാണ് ചെയ്തത്.

ഒന്നാം പ്രതി രാജേഷിന്റെ ആവശ്യ പ്രകാരമാണ് പോലീസിനെ ഫോൺ വിളിച്ച് തെറ്റിധരിപ്പിച്ചതെന്ന് രണ്ടാം പ്രതി പോലീസിനോട് പറഞ്ഞു.

അവസരോചിതമായ പോലീസ് ഇടപെടൽ മൂലം കെ എസ് ഇ ബി ജീവനക്കാരനായ നിരപരാധി കേസിൽ പെടാതിരിക്കുകയും, യഥാർത്ഥ കുറ്റവാളിയെ പോലീസ് അറസ്റ്റു ചെയ്യുകയുമാണ് ഉണ്ടായത്.

ഇക്കഴിഞ്ഞ മെയ് മാസം ലോക്ക്ഡൗൺ കാലത്ത് മുരിങ്ങൂരിലെ പൂട്ടികിടന്ന വർക്ക്ഷോപ്പിനുള്ളിൽ വച്ച് ചാരായം നിർമ്മിച്ചു കൊണ്ടിരിക്കെ ഒന്നാം പ്രതി രാജേഷിനെ പോലീസ് പിടികൂടിയതിനെ തുടർന്ന് റിമാന്റു ചെയ്യുകയും ഉണ്ടായിട്ടുണ്ട്.

വ്യാജചാരായം നിർമ്മിച്ചതിനും, അയൽവാസിയെ കള്ള കേസിൽ കുടുക്കാൻ ശ്രമിച്ചതിനും, പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനുമുള്ള കുറ്റമാണ് പ്രതിക്കെതിരെ ചുമുത്തുന്നതെന്ന് പോലീസ് പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘത്തിൽ എ എസ് ഐ എം വി സെബി, സീനിയർ സി പി ഒമാരായ സജീഷ് കുമാർ, വി ആർ രഞ്ജിത്ത്, ജിബിൻ വർഗ്ഗീസ്, സജി വയലാർ എന്നിവരാണ് ഉണ്ടായിരുന്നത്.