റേഷൻ കടകളിൽ ഇനി ആവലാതി പറയില്ല ; പരാതികൾ ഇനി ഡ്രോപ്പ് ബോക്സിൽ നിറയും

പരാതികളും നിർദേശങ്ങളും അധികൃതരെ അറിയിക്കാൻ റേഷൻ കടകളിൽ ഡ്രോപ് ബോക്സ് സ്ഥാപിക്കാൻ തീരുമാനം.

കാർഡുമായി ബന്ധപ്പെട്ട അപേക്ഷകൾ, എ ആർ ഡി യുമായി ബന്ധപ്പെട്ട പരാതികൾ, റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ അധികൃതരെ അറിയിക്കാനാകും.

ബോക്സിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട റേഷനിങ് ഇൻസ്പെക്ടർമാർക്കായിരിക്കും. ഓരോ ആഴ്ചയുടെയും അവസാന പ്രവൃത്തിദിവസം റേഷനിങ് ഇൻസ്പെക്ടർമാർ റേഷൻ ഡിപ്പോകളിൽ സൂക്ഷിച്ചിട്ടുള്ള ബോക്സ് തുറന്ന് റേഷൻകാർഡിനെ സംബന്ധിച്ച അപേക്ഷകൾ താലൂക്ക് സപ്ലൈ ഓഫീസിലും റേഷൻ സാധനങ്ങളുടെ ഗുണനിലവാരം, അളവ്, വില, എ ആർ ഡി യുമായി ബന്ധപ്പെട്ട പരാതികൾ, നിവേദനങ്ങൾ, പരാതികൾ, നിർദേശങ്ങൾ എന്നിവ എ ആർ ഡി തലത്തിൽ രൂപവത്കരിച്ചിട്ടുള്ള വിജിലൻസ് കമ്മിറ്റിക്കും കൈമാറും. അതേസമയം, ഈ നീക്കത്തെ റേഷൻ കട ഉടമകൾ എതിർക്കുന്നുമുണ്ട്.

2017ൽ റേഷൻകാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷൻകാർഡ് മാനേജ്മെന്റ് സിസ്റ്റത്തിൽ വിവരങ്ങൾ ഉൾപ്പെടുത്തിയപ്പോൾ സംഭവിച്ച തെറ്റുകൾ തിരുത്താൻ കാർഡുടമകൾക്ക് അവസരം നൽകും.

ഇതിനായി തെളിമ എന്ന പേരിൽ പദ്ധതി നടപ്പാക്കും. കാർഡിലെ അംഗങ്ങളുടെ പേര്, വയസ്സ്, മേൽവിലാസം, കാർഡുടമയുമായുള്ള ബന്ധം, എൽ പി ജി – വൈദ്യുതി കണക്ഷനുകളുടെ വിശദാംശങ്ങൾ എന്നിവയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ വരുത്തുന്നതിനും പിശകുകൾ തിരുത്തുന്നതിനും എല്ലാ വർഷവും നവംബർ 15 മുതൽ ഡിസംബർ 15 വരെ പ്രചാരണ പരിപാടികൾ നടത്തും.

അടുത്ത ഏപ്രിൽ മാസത്തോടെ എല്ലാ റേഷൻ കാർഡുകളും സ്മാർട്ട് റേഷൻ കാർഡുകളാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സ്മാർട്ട് റേഷൻ കാർഡിലേക്ക് പോകുമ്പോൾ കാർഡിലെ വിവരങ്ങൾ പൂർണമായും ശരിയാണെന്ന് ഉറപ്പുവരുത്തുവാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.