മോഷണ കേസിൽ അസ്സം സ്വദേശി പിടിയിൽ

 

കൊരട്ടി: അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച അസ്സാം നിഗം സ്വദേശിയായ ഷക്കീർ അലി ( 35 ) എന്നയാളെ ചാലക്കുടി ഡി.വൈ.എസ്.പി സി.ആർ സന്തോഷ്, കൊരട്ടി എസ്.എച്ച്.ഒ ബി.കെ അരുൺ എന്നിവർ അറസ്റ്റു ചെയ്തു.

ഇക്കഴിഞ്ഞ മാസം 23 ന് രാത്രി 12.00 മണിയോടെ കൊരട്ടി കമ്യൂണിറ്റി ഹാളിനു സമീപം ജെ കെ എൻജിനിയറിങ്ങ് സ്ഥാപനത്തിലെ ജീവനക്കാർ താമസിച്ചു വരുന്ന വീട്ടിലേക്ക് പ്രതികൾ അതിക്രമിച്ചു കയറി ഹാളിൽ ചാർജ്ജ് ചെയ്യാനായി വച്ചിരുന്ന 10 ഓളം മൊബൈൽ ഫോണും 10000 രൂപയും മോഷ്ടിക്കുകയായിരുന്നു.

ജെ കെ കമ്പനി മാനേജറായ കോനൂർ സ്വദേശി കണ്ണംപിള്ളി വീട്ടിൽ ജോജി തോമസിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകമായിരുന്നു.

അസ്സം സ്വദേശികളായ പ്രതികൾ പെരുമ്പാവൂരിൽ താമസിച്ച് എറണാകുളം, തൃശ്ശൂർ, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ രാത്രി മോഷണം നടത്തുന്ന രീതിയാണ് പ്രതികൾക്കുള്ളത്.

മോഷണം ചെയ്ത ഫോണുകളിൽ പലതും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ചാലക്കുടി ഡി വൈ എസ് പി സി ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഈ കേസിലെ മറ്റ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാവുമെന്നും എസ് എച്ച് ഒ പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.