മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും, പതിമൂന്നാം വാർഡ് (തുറവൻകാട്) മെമ്പറുമായ കൊച്ചുകുളം വീട്ടിൽ ഷീല ജയരാജ് വാഹനാപകടത്തിൽ നിര്യാതയായി 

ഇന്നു രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും, പതിമൂന്നാം വാർഡ് (തുറവൻകാട്) മെമ്പറുമായ കൊച്ചുകുളം വീട്ടിൽ ഷീല ജയരാജ് കൊല്ലപ്പെട്ടു.

49 വയസ്സായിരുന്നു.

രാവിലെ പതിനൊന്നു മണിയോടെ വെള്ളിലാംകുന്നിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

ഷീല ജയരാജിൻ്റെ കൂടെ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രതി ഗോപിയും ഉണ്ടായിരുന്നു.

ഇവർ ഇരുവരും ആനന്ദപുരത്തുള്ള ആയുർവ്വേദ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്.

ഷീല അപകടസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.

സി പി ഐ പാർട്ടി നേതാവായിരുന്ന ഷീല ജയരാജ് മുരിയാട് സർവ്വീസ് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം കൂടിയാണ്.

രതി ഗോപിയെ പരിക്കുകളോടെ കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജയേഷ്, രാജേഷ് എന്നിവർ ഷീലയുടെ മക്കളാണ്.