മോട്ടോർ സൈക്കിളിന് നിർമ്മാണത്തിലെ തകരാർ ; ഹോണ്ട കമ്പനി നഷ്ടപരിഹാരം നൽകണം : ഉപഭോക്തൃ കോടതി

തൃശൂർ : മോട്ടോർ സൈക്കിളിന് നിർമ്മാണത്തിലെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി.

കൊടകരയിലുള്ള കാവിൽ വീട്ടിൽ പ്രത്യുഷ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഗുരുവായൂർ റോഡിലെ ജോൺസ് ഹോണ്ട ഉടമ, ഹരിയാനയിലെ ഹോണ്ട മോട്ടോർ സൈക്കിൾസ് ആൻ്റ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ തൃശൂർ ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്.

ഹർജി പരിഗണിക്കുന്നതിനിടെ പ്രത്യുഷ് മരണമടയുകയും മാതാപിതാക്കളായ ലോഹിതാക്ഷനും ലതാ ലോഹിതാക്ഷനും ഹർജിയിൽ കക്ഷി ചേരുകയും ചെയ്തിരുന്നു.

വാഹനത്തിന് ഓടിക്കൊണ്ടിരിക്കുമ്പോൾ ഇടതു വശത്തേക്ക് ഒരു വലിച്ചിലുണ്ടായിരുന്നു.

പരാതിപ്പെട്ടിട്ടും തകരാർ പരിഹരിക്കപ്പെടുകയുണ്ടായില്ല.

തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

കോടതി നിയോഗിച്ച കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

റിപ്പോർട്ട് പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു, മെമ്പർമാരായ ഡോ കെ രാധാകൃഷ്ണൻ നായർ, എസ് ശ്രീജ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി മോട്ടോർ സൈക്കിൾ ഇടത് വശത്തേക്ക് വലിയുന്ന തകരാർ പരിഹരിച്ചു നല്കണമെന്നും, നഷ്ടപരിഹാരമായി 10,000 രൂപ നല്കണമെന്നും, കോടതി ചിലവിലേക്ക് 2000 രൂപ നല്കണമെന്നുമാണ് വിധിച്ചത്.

ഹർജിക്കാർക്ക് വേണ്ടി അഡ്വ എ ഡി ബെന്നി ഹാജരായി.