കടകള്‍ക്ക് മുന്നില്‍ സാമൂഹ്യഅകലം പാലിച്ചില്ലെങ്കില്‍ ഉടമകള്‍ക്കെതിരെയും നടപടി : ഡിജിപി

തിരുവനന്തപുരം : കടകൾക്ക് മുന്നിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടയുടമകൾക്കും സാധനം വാങ്ങാനെത്തുന്നവർക്കും നേരെ കർശന നടപടിയെന്ന് ഡിജിപി. ഇതുസംബന്ധിച്ച് ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.

അവശ്യസർവ്വീസ് വിഭാഗത്തിൽ പെടുന്നവർക്ക് യാത്ര ചെയ്യാൻ തിരിച്ചരിയൽ കാർഡ് നിർബന്ധമായും കയ്യിൽ കരുതണം. മറ്റുള്ളവർ സത്യവാങ്മൂലം കരുതേണ്ടത് നിർബന്ധമാണെന്നും ഡിജിപി അറിയിച്ചു.

പുതിയ ജോലിയിൽ പ്രവേശിക്കൽ, പരീക്ഷ, ചികിത്സ, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂവെന്നും ഇതിന് സത്യവാങ്മൂലം നിര്‍ബന്ധമാണെന്നും അദ്ദേഹം അറിയിച്ചു.

തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍, സ്ഥാപനനടത്തിപ്പുകാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്. പ്രാദേശികതലത്തിലെ ആവശ്യങ്ങള്‍ പരിഗണിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ ആവശ്യമായ നിയന്ത്രണങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഏര്‍പ്പെടുത്താവുന്നതാണ് എന്നും ഡിജിപി അറിയിച്ചു. ജില്ല വിട്ടുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.