കോഴിക്കോടും ആലപ്പുഴയിലും തിരുവനന്തപുരത്തും കടല്‍ക്ഷോഭം രൂക്ഷം; നിരവധി വീടുകള്‍ തകര്‍ന്നു

കൊച്ചി : ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും കടല്‍ക്ഷോഭം രൂക്ഷമായി. ഈ ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ആലപ്പുഴ ആലപ്പാടും സ്രായിക്കാടുമാണ് കടല്‍ക്ഷോഭം. ഇവിടെ മൂന്നു വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

കടല്‍ക്ഷോഭത്തിന്റെ പശ്ചാത്തലത്തിലും തീരാമഴയിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് സര്‍ക്കാര്‍ നേരത്തെതന്നെ കര്‍ശന നിര്‍ദ്ദേശേം നല്‍കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ചാവക്കാടും കടല്‍ക്ഷോഭമുണ്ട്.

ചാവക്കാട്, പൊങ്ങല്ലൂര്‍ ഭാഗത്തും കടല്‍ക്ഷോഭം രൂക്ഷമായി നിരവധി വീടുകളില്‍ വെള്ളം കയറി. ഒരു വീട് ഭാഗികമായി തകര്‍ന്നു. പൊന്നാനി വെളിയങ്കോടും കടല്‍ക്ഷോഭം ശക്തമാണ്.ഇവിടെ നാല്‍പതോളം വീടുകളിലേക്കു വെള്ളം കയറി. ഇവിടെ ദുരിതമനുഭവിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടി തുടങ്ങി.

കോഴിക്കോട് ചാലിയത്തും കൊയിലാണ്ടി, കാപ്പാട്, തോപ്പയില്‍ ഭാഗങ്ങളിലും കടല്‍ക്ഷോഭം ശക്തമാണ്. ചാലിയത്ത് നാല്‍പതോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

കോഴിക്കോട് വേറെ പത്ത് വീടുകളിലും വെള്ളം കയറി. ജില്ലയില്‍ പലയിടത്തും കടല്‍ക്ഷോഭം രൂക്ഷമാണ്. തോപ്പയില്‍, കൊയിലാണ്ടി, ഗോതീശ്വരം ഭാഗങ്ങളിലും ഏറ്റവും ശക്തമാണ് കടല്‍ക്ഷോഭം.
കൂടുതല്‍ വീടുകളുടെ മുറ്റത്തേക്ക് വെള്ളം കയറിയതോടെ തോപ്പയില്‍ എല്‍.പി സ്‌കൂള്‍, മദ്രസ്സഹാള്‍ എന്നിവിടങ്ങളിലേക്കാണ് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയത്.

കൊവിഡ് പരിശോധനക്ക് ശേഷമായിരുന്നു ആളുകളെ മാറ്റി താമസിപ്പിച്ചത്.
പരിശോധനയില്‍ കൊവിഡ് പോസറ്റീവായ 31 പേരെ എഫ്.എല്‍.ടിസിയിലേക്കും മാറ്റി. കടലാക്രമണത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാകലക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊയിലാണ്ടി ഏഴു കുടിക്കല്‍ ബീച്ചില്‍ 45 കിലോമീറ്ററോളം നീളത്തില്‍ റോഡ് കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു.
തിരുവനന്തപുരം പൊഴിയൂരില്‍ കടലാക്രമണം ശക്തമായ പ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.