പുതുച്ചേരിയിൽ മുഖ്യമന്ത്രി നാരായണ സ്വാമി വിശ്വാസവോട്ടിൽ പരാജയപ്പെട്ടു


ചെന്നൈ : പുതുച്ചേരി നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ വി നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായില്ല.

ഇതോടെ സ്പീക്കർ നിയമസഭ അനിശ്ചിതകാലത്തേക്കു പിരിച്ചുവിട്ടു.

എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്കിനെ തുടർന്ന് പ്രതിസന്ധിയിലായതിനു പിന്നാലെയാണ് ഇന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയത്. നിലവിൽ കോണ്‍ഗ്രസിന് സ്പീക്കര്‍ ഉള്‍പ്പെടെ 12 അംഗങ്ങൾ മാത്രമെയുള്ളൂ. പ്രതിപക്ഷത്ത് 14 പേരും. ഞായറാഴ്ചയും രണ്ട് എംഎല്‍എമാര്‍ കോൺഗ്രസ് വിട്ടിരുന്നു.

വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. പിന്നീടദ്ദേഹം ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി.

ഭൂരിപക്ഷം നഷ്ടമായതോടെ ദക്ഷിണേന്ത്യയിൽ അവശേഷിച്ച ഏക കോൺഗ്രസ് സർക്കാരാണ് നിലംപൊത്തിയത്.

മുന്‍ ലഫ ഗവര്‍ണര്‍ കിരണ്‍ ബേദിയും കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി സഭയില്‍ ആരോപിച്ചു. ജനങ്ങള്‍ തിരസ്‌കരിച്ച പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരുമിച്ചു ചേര്‍ന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കോണ്‍ഗ്രസ് എംഎല്‍എ കെ ലക്ഷ്മീനാരായണന്‍, ഡിഎംകെ എംഎല്‍എ കെ വെങ്കടേശന്‍ എന്നിവരാണ് ഞായറാഴ്ച സ്പീക്കറുടെ വസതിയില്‍ എത്തി രാജി നല്‍കിയത്. ഇതോടെ ഒരുമാസത്തിനിടെ രാജിവച്ച ഭരണകക്ഷി എംഎല്‍എമാരുടെ എണ്ണം ആറായി.

ഇവര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നാണു ബിജെപി സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നത്.പുതുച്ചേരിയിലെ ഭരണകക്ഷിയായ കോൺഗ്രസിൽ നിന്നുള്ള ഒരു എംഎൽഎ കൂടി രാജിവെച്ചതോടെ പുതുച്ചേരിയിലെ വി നാരായണസ്വാമി സർക്കാർ കൂടുതൽ പ്രതിസന്ധിയിലായി. രാജ്ഭവൻ നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ ലക്ഷ്മിനാരായണൻ നിയമസഭാ സ്പീക്കർ വി പി ശിവകോലുന്ദുവിന് രാജി നൽകി.

തിങ്കളാഴ്ച അഞ്ചു മണിക്കകം വിശ്വാസ വോട്ട് തേടണമെന്ന് പുതിയതായി ചുമതലയേറ്റ ഗവർണർ തമിഴ്സൈ സൗന്ദര്‍രാജൻ നിർദേശം നൽകിയിരുന്നു. കോൺഗ്രസ് സർക്കാർ കാലാവധി പൂർത്തിയാക്കാൻ ഒരു മാസം മാത്രം ശേഷിക്കയാണ് വിശ്വാസവോട്ട് തേടിയത്.

ഒരംഗത്തെ കോൺഗ്രസ് പുറത്താക്കിയിരുന്നു. ഇതോടെ 33 അംഗങ്ങളുണ്ടായിരുന്ന സഭയിലെ നിലവിലുള്ളത് 27 പേർ മാത്രം. ഇതിൽ 12 പേർ ഭരണ പക്ഷത്തും 14 പേർ പ്രതിപക്ഷത്തും ഉണ്ട്. ഇതേതുടർന്നാണ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഗർവർണറെ കണ്ടത്.

കിരൺ ബേദിക്ക് പകരം ലഫ്റ്റനന്‍റ് ഗവര്‍ണറായി തമിഴ്സൈ സൗന്ദര്‍രാജൻ അടിയന്തിര സമ്മേളനം ചേർന്ന് ഭൂരിപക്ഷം തെളിയിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

ആവശ്യത്തിനു ഫണ്ട് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ പുതുച്ചേരിയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാടും കേരളവും റേഷന്‍ കടകള്‍ വഴി സൗജന്യമായി അരി വിതരണം ചെയ്തപ്പോള്‍ പുതുച്ചേരിയില്‍ അരിയുടെ വിലയ്ക്ക് തുല്യമായ തുക ഡയറക്ട് ട്രാന്‍സ്ഫര്‍ പദ്ധതി പ്രകാരം ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ടു നിക്ഷേപിക്കാനായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്. പൊതുവിതരണ സംവിധാനം അട്ടിമറിക്കാനാണ് ഇങ്ങനെ ചെയ്തത്. സൗജന്യ ഭക്ഷണ പദ്ധതിയും ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയും ഗവര്‍ണര്‍ അട്ടിമറിച്ചു. പുതുച്ചേരിയില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ബിജെപി ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ടു നിരത്തിയ നാരായണസാമി താന്‍ മുഖ്യമന്ത്രിയായത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഡിഎംകെ മേധാവി എം കെ സ്റ്റാലിനും കാരണമാണെന്നും പറഞ്ഞു.

പുതുച്ചേരിക്കു സംസ്ഥാനപദവി നല്‍കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും നാരായണസാമി പറഞ്ഞു.
സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിൽ പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലാകും.