
ബെംഗളൂരു : കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടക വീണ്ടും അതിര്‍ത്തികള്‍ അടയ്ക്കുന്നു.
തിങ്കളാഴ്ച മുതല്‍ നാല് അതിര്‍ത്തികളിലൂടെ മാത്രമായിരിക്കും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കുക.
*തലപ്പാടി(മംഗലാപുരം), ജാല്‍സൂര്‍(സുള്ള്യ), സാറഡ്ക്ക (ബണ്ട്വാള്‍), നെട്ടണിഗെ(പുത്തൂര്‍)* എന്നീ നാല് പോയിന്റുകളൊഴികെ കാസറഗോഡ് ജില്ലയുമായുള്ള മുഴുവന്‍ അതിര്‍ത്തികളും കര്‍ണാടക സര്‍ക്കാര്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും. ഈ നാല് അതിര്‍ത്തികളിലൂടെ പ്രവേശനത്തിനും നിയന്ത്രണമുണ്ട്.
മൂന്നു ദിവസത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ആര് ടി പി സി ആര് ടെസ്റ്റില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.
അതിര്‍ത്തികളിലൂടെ കടന്നുപോകുന്ന ബസുകള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബസ് കണ്ടക്ടര്‍മാര്‍ അങ്ങനെയുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ശേഷമേ ടിക്കറ്റ് കൊടുക്കാവൂ.
സ്വകാര്യ വാഹങ്ങളിലുള്ളവരെ ടോള്‍ അധികൃതര്‍ ഇതേപോലെ പരിശോധിക്കും. നാല് സ്ഥലങ്ങളിലും പരിശോധനാ ടെന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ട്രെയിന്‍, വിമാന യാത്ര വഴി വരുന്നവര്‍ക്കും സമാന പരിശോധന ഉണ്ടായിരിക്കും.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കേരളത്തില്‍ നിന്നു ദിവസവും പോയി വരുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന ഉത്തരവ് നേരത്തെയുണ്ട്.