നിയമലംഘകരെ സൂക്ഷിക്കുക…. ജനമൈത്രി പോലീസ് നിങ്ങൾക്കിടയിൽ ഉണ്ട്….


 

ജനമൈത്രി പോലീസിൻ്റെ ഭാഗമായുള്ള ജനസൗഹൃദ പ്രവർത്തനം ഒരു ഇടവേളയ്ക്കു ശേഷം കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പുനരാരംഭിച്ചു.

കുറ്റകൃത്യങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യവുമായി പോലീസ് രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്പാണ് എം ബീറ്റ്.

സ്റ്റേഷൻ പരിധിയിലെ വീടുകൾ സന്ദർശിച്ച് വിവരശേഖരം നടത്തുകയാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനത്തിൻ്റെ ആദ്യഘട്ടം.

ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ മൊബൈൽ ലൊക്കേഷൻ അടക്കം അപ്‌ലോഡ് ചെയ്യും.

തനിയെ താമസിക്കുന്നവർ, വൃദ്ധർ, സ്ത്രീകളും കുട്ടികളും മാത്രമുള്ള കുടുംബം, എന്നിവരുടെ വിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്തും.

ഈ സമയം ജനങ്ങളിൽ നിന്ന് ലഭിക്കുന്ന രഹസ്യ സ്വഭാവമുള്ള നാട്ടിലെ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തി, കുറ്റകൃത്യം തടയുന്നതിനുവേണ്ടി നടപടിയെടുക്കും.

ഇന്ന് കാട്ടൂർ ജനമൈത്രി പോലീസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തെക്കേ താണിശ്ശേരി വലിയ പള്ളിക്ക് സമീപമുള്ള പാടത്ത് ചീട്ടുകളി നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ സജീവൻ്റെ നിർദ്ദേശാനുസരണം, എസ് ഐ വിമലിൻ്റെ നേതൃത്വത്തിൽ ജനമൈത്രി പോലീസും മറ്റ് സേനാംഗങ്ങളും കൂടി നടത്തിയ റെയ്ഡിൽ ഒമ്പത് അംഗ സംഘം ചീട്ടുകളിക്കുന്നത് കണ്ടു.
ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അവരുടെ പക്കലുണ്ടായ 23,200 രൂപ പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.

ജനമൈത്രി ബീറ്റ് ഓഫീസർമാരായ മണി, വിപിൻ, വിജീഷ്, സന്ദീപ്, കൃഷ്ണദാസ്, നന്ദൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

ഭാവിയിൽ എം ബീറ്റ് ആപ്പ് വഴി സ്റ്റേഷൻ പരിധിയിലെ മുഴുവൻ വീടുകളിലെയും പ്രദേശങ്ങളുടേയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഒറ്റ ക്ലിക്കിലൂടെ പോലീസിന് ലഭിക്കും.

എം ബീറ്റ് പദ്ധതി പോലീസിന് കൂടുതൽ ജനപ്രിയമാക്കും എന്നാണ് പ്രതീക്ഷ.