സിംഹ ഗർജ്ജനം അവസാനിക്കുന്നില്ല…


ഇന്ന് (ജനുവരി 24) ഞായറാഴ്ച സുകുമാർ അഴീക്കോടിന്റെ ഒമ്പതാം ചരമവാർഷികം.

കേരളത്തിന്റെ സാമൂഹിക- സാംസ്കാരികാന്തരീക്ഷത്തിൽ നിരന്തരം അലയടിച്ചു കൊണ്ടിരിക്കുന്ന സുകുമാർ അഴീക്കോടിന്റെ സിംഹ ഗർജ്ജനം നിലച്ചിട്ട് ഒൻപത് വർഷം പൂർത്തിയാകുന്നു. എങ്കിലും,ഇപ്പോഴും അദ്ദേഹം രൂപകൽപന നൽകിയ പ്രസ്ഥാനങ്ങളും മഹത്തായ ആശയങ്ങളും പ്രചോദന കേന്ദ്രമായിത്തന്നെ നിലകൊള്ളുന്നു.

ലോകത്തിന്റെ ഏതുകോണിൽ അനീതിയും അക്രമങ്ങളും ശിഥിലീകരണ വാസനകളും തലപൊക്കിയാലും അതിനെയെല്ലാം ചെറുത്തു തോൽപ്പിക്കാനുള്ള ആഹ്വാനവുമായി, ഒറ്റയാൾ പട്ടാളമായി പ്രത്യക്ഷപ്പെടാറുള്ള അഴീക്കോട്,മാനവികതയുടെ ഉടലെടുത്ത പ്രതിരൂപമായിരുന്നു.

സാധാരണക്കാരിൽ സാധാരണക്കാരൻ മുതൽ അഗാധ പണ്ഡിതൻമാർ വരെ അദ്ദേഹത്തിന്റെ അസാമാന്യമായ ധീഷണാ ശക്തിയിൽ ആകൃഷ്ടരായി. മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങളെപ്പോലെ, സമാധാനമായി സന്തുഷ്ട ജീവിതം നയിക്കണമെന്നായിരുന്നു അഴീക്കോടിന്റെ മഹത്തായ ആശയങ്ങളുടെ അകക്കാമ്പ്.

മലയാളഭാഷാ സാഹിത്യത്തിന്റെ മഹത്വം ലോകമെമ്പാടും പ്രസരിപ്പിക്കുന്ന ദൗത്യം ഏറ്റെടുത്ത അദ്ദേഹം പ്രഗൽഭനായ വാഗ്മിയും, പത്രാധിപരും, സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു.

‘തത്വമസി’,’ മലയാള സാഹിത്യവിമർശനം’, ‘ആശാന്റെ സീത കാവ്യം,’ ഭാരതീയത’, ‘മഹാത്മാവിന്റെ മാർഗ്ഗം’ മുതലായ ആധികാരിക ഗ്രന്ഥങ്ങൾ അഴീക്കോടിന്റെ അറിവിന്റെ ആഴം വ്യക്തമാക്കുന്നു.

മഹാത്മജിയുടെ 125-മത് ജന്മവാർഷികത്തോടനുബന്ധിച്ച് 125 കേരള ഗ്രാമങ്ങളിൽ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ ഐതിഹാസികമായിരുന്നു “ഭാരതം ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്” എന്ന ഗാന്ധിയൻ ആശയത്തെ പുനരുജ്ജീവിപ്പിക്കുന്നതായിരുന്നു ഈ പ്രഭാഷണങ്ങൾ. പക്ഷേ ഇന്നത്തെ അവസ്ഥയിൽ മഹത്തായ ആശയങ്ങൾക്കെല്ലാം തീരെ പ്രസക്തിയില്ലാതായി കൊണ്ടിരിക്കുന്നു എന്ന വാസ്തവം മറന്നു പോകരുത്.

കേന്ദ്ര -കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, വള്ളത്തോൾ പുരസ്കാരം, മാതൃഭൂമി സാഹിത്യ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

വ്യാപരിച്ച സമസ്ത മേഖലകളിലും തന്റെതായ മായാത്ത വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ അഴീക്കോടിന് ഒരിക്കലും മരണമില്ല ജനമനസ്സുകളിൽ ജീവിക്കുന്നു.

കോവിഡ് പോലുള്ള മഹാമാരി ഉഴുതുമറിച്ച് ലോകം ഇന്ന് വിനാശകരമായ അവസ്ഥയിലേക്ക് നടന്നുനീങ്ങുകയാണ്. ഇന്നലെവരെ അമൂല്യമായി കരുതിവന്ന പലതും,ഇന്ന് അതല്ലാതായി തീർന്നു കൊണ്ടിരിക്കുന്നു. ഒരു രക്ഷകനെ അന്വേഷിക്കുന്ന അവസ്ഥയാണിപ്പോൾ അപ്പോഴാണ് അഴീക്കോട് എന്ന മനുഷ്യ സ്നേഹി പ്രസക്തമാകുന്നതും, അദ്ദേഹം ഇല്ലാത്ത അവസ്ഥ അനുഭവിച്ചറിയുന്നതും.

ഉണ്ണികൃഷ്ണൻ കിഴുത്താണി യുടെ ഓർമകളിലൂടെ…