ലൈഫ് മിഷന്‍ ഇടപാടില്‍ സി ബി ഐ അന്വേഷണത്തിന് എതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍


ന്യൂഡല്‍ഹി : ലൈഫ് മിഷന്‍ ഇടപാടില്‍ സി ബി ഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു.

ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി അടിയന്തിരമായി കേള്‍ക്കണം എന്നാവശ്യപ്പെട്ട് നാളെ സുപ്രീം കോടതിക്ക് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കും.

ലൈഫ് മിഷന്‍ സിഇഒ യു വി ജോസാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് എതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ലൈഫ് മിഷനില്‍ എഫ് സി ആർ എ ലംഘനം ഉണ്ടായി എന്ന ഹൈക്കോടതി കണ്ടെത്തല്‍ തെറ്റാണ്. അനില്‍ അക്കരയുടെ പരാതിയില്‍ ത്വരിത പരിശോധന നടത്താതെയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഹര്‍ജിയില്‍ കേരളം ആരോപിച്ചിട്ടുണ്ട്.

ഹര്‍ജി തിങ്കളാഴ്ച കോടതിയുടെ പരിഗണനക്ക് കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി പ്രത്യേക അപേക്ഷ നാളെ കോടതിയില്‍ സമര്‍പ്പിക്കും.

ലൈഫ് മിഷന്‍ ഇടപാടിനെ കുറിച്ച് അന്വേഷിക്കുന്ന സി ബി ഐ ഉടന്‍ തന്നേ ചില നീക്കങ്ങള്‍ നടത്തിയേക്കും എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. അതിനാലാണ് അടിയന്തിരമായി സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.