ശബരിമലയില്‍ മകരവിളക്ക് ഇന്ന് ; കൊവിഡ് പശ്ചാത്തലത്തില്‍ 5000 പേര്‍ക്ക് മാത്രമേ ഇക്കുറി മകരവിളക്ക് ദർശിക്കാനാവൂ


ശബരിമലയില്‍ അയ്യപ്പഭക്തർ ഭക്തിപുരസ്സരം ദർശനത്തിനു കാത്തിരിക്കുന്ന മകരവിളക്ക് ഇന്ന്.

മകരവിളക്ക് ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കേ ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കൊവിഡ് പശ്ചാത്തലത്തില്‍ 5000 പേര്‍ക്ക് മാത്രമാണ് ഇത്തവണ പ്രവേശനം.

ഭക്തജന തിരക്കില്ലാതെയാണ് ഇക്കുറി മകരവിളക്ക് മഹോത്സവം.

മകരവിളക്ക് ദിവസത്തെ ഏറ്റവും വിശേഷപ്പെട്ട മകരസംക്രമ പൂജ രാവിലെ 8.14ന് നടക്കും.

തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ് ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതാണ് മകരസംക്രമ പൂജ.

പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിലെത്തും.

അവിടെ നിന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ആചാരപൂര്‍വ്വം തിരുവാഭരണം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.

ദേവസ്വം ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ജീവനക്കാരാണ് ശരംകുത്തിയില്‍ നിന്നും തിരുവാഭരണ ഘോഷയാത്ര സ്വീകരിച്ച് അയ്യപ്പസന്നിധിയില്‍ എത്തിക്കുക.

തുടര്‍ന്ന് തിരുവാഭരണ പേടകം പതിനെട്ടാംപടിക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങും.

തുടര്‍ന്ന് ശ്രീകോവിലിലേക്ക് ആചാരപൂര്‍വം ആനയിക്കുന്ന തിരുവാഭരണ പേടകം തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാര്‍ത്തും.

ശേഷം 6.30ന് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധന.

തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ ഭക്തലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്കും ആകാശത്ത് മകരജ്യോതിയും തെളിയും.