മൂർക്കനാട് സേവ്യർ സൗഹൃദത്തിന്റെ മഹനീയ മാതൃക


ജനുവരി 14 വ്യാഴാഴ്ച സേവ്യറിന്റെ പതിനാലാം ചരമവാർഷികം. മൂർക്കനാട് സേവ്യർ ആരായിരുന്നു എന്ന് അന്വേഷിക്കുമ്പോൾ ഉത്തരം തേടി ഏറെ അലയേണ്ടി വരും.

ജീവിതത്തിലെ സമസ്ത മേഖലകളിലും ആ സൗഹൃദം ഒരു വടവൃക്ഷം പോലെ പടർന്നുപന്തലിച്ചു നിന്നു. സമൂഹത്തിലെ വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ള വ്യക്തികളുമായും മഹത്തായ പ്രസ്ഥാനങ്ങൾ മുതൽ സാധാരണ സാമൂഹിക-സാംസ്കാരിക സംഘടനകളുമായും ബന്ധപ്പെടുത്തുന്ന കണ്ണിയായി സേവ്യർ എക്കാലത്തും വർത്തിച്ചു.

ഇരിങ്ങാലക്കുടയുടെ ഏതു മുക്കുംമൂലയും ഈ അന്വേഷണാത്മക പത്രപ്രവർത്തകന് കാണാപ്പാഠമായിരുന്നു. സഹജീവി സ്നേഹത്തിന്റെ മഹത്വവും ശക്തിയും സമൂഹത്തെ മനസ്സിലാക്കുന്നതിൽ ഇത്രമാത്രം സത്യസന്ധമായും ആത്മാർത്ഥമായും പ്രവർത്തിച്ച് വിജയിച്ച പത്രപ്രവർത്തകർ വിരളമായിരിക്കും.

വൈകിയെത്തുന്ന നീതി, നിഷേധത്തിന് തുല്യമാണെന്ന് അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ് ഈ മാതൃകാ പത്രപ്രവർത്തകൻ എന്നും അരക്ഷിതന്റെയും അടിച്ചമർത്തപ്പെട്ടവന്റേയും നിസഹായന്റേയും പക്ഷത്തായിരുന്നു.

പേര് സൂചിപ്പിക്കുന്നതുപോലെ സകലരെയും സംരക്ഷിക്കുന്നതിനായി മാറിയതിൽ അത്ഭുതപ്പെടാനില്ല. ഇന്നത്തെപോലെ വിജ്ഞാനം വിരൽത്തുമ്പോളം വളർന്നിട്ടില്ലാത്ത പരിമിതികൾ പലതുമുള്ള അക്കാലത്ത് അന്നത്തെ ശ്രദ്ധേയ സംഭവങ്ങൾ ഏറ്റവുമാദ്യം താൻ കൈയാളുന്ന ‘മാതൃഭൂമി’ പത്രത്തിൽ വന്ന് കാണണമെന്ന നിർബന്ധബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു.

ഭാരതം ജീവിക്കുന്നത് ഗ്രാമങ്ങളിൽ ആണെന്ന മഹാത്മജിയുടെ മഹത്തായ ആശയത്തിൽ ആകൃഷ്ടനായി ആജീവനാന്തം ഖദർ ധാരിയായും അങ്ങനെ ക്രമേണ ഗാന്ധിയനായി മാറുകയും ചെയ്തു.

പരസ്പരം കുടുംബപ്രശ്നങ്ങൾ പോലും പങ്കുവെച്ച് പരിഹാരങ്ങൾ കണ്ടെത്തുന്ന അത്താണിയായി മാറി ക്രമേണ സേവ്യർ.

ഇന്നാട്ടിലെ ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് ജീവസുറ്റ, സത്യസന്ധമായ നിരവധി റിപ്പോർട്ടിങ്ങുകളിലൂടെ ഉറക്കം നടിച്ചിരുന്ന അധികാരി വർഗത്തെ കണ്ണുതുറപ്പിച്ചു പരിഹാരം നേടാൻ കഴിഞ്ഞതിൽ അതത് പ്രദേശവാസികളെല്ലാം സേവ്യറിനോട് ആജീവനാന്തം കടപ്പെട്ടിരിക്കുന്നു.

അതുവരെ അസാധ്യമെന്നു കരുതിയിരുന്ന പലതും പകിട്ടും പത്രാസുമില്ലാതെ ഈ പാവം പത്ര പ്രവർത്തകന്റെ ശ്രമഫലമായി നേടിയെടുക്കാനായത് പത്ര ലോകത്തിനുതന്നെ അഭിമാനിക്കാവുന്ന വസ്തുതയാണ്.

ആവശ്യക്കാർ ഏറ്റവുമാദ്യം സമീപിക്കുന്നത് പലപ്പോഴും സേവ്യറിനെയായിരുന്നു. അതുകൊണ്ടാണ് മാതൃഭൂമിയുടെ മുൻ അസോസിയേറ്റ് എഡിറ്ററും പത്രപ്രവർത്തകരുടെ കുല ഗുരുവുമെന്ന് വിശേഷിപ്പിക്കാവുന്ന പരേതനായ സി ഉത്തമ കുറുപ്പ് സേവ്യറിന്റെ ജീവസ്പന്ധിയായ റിപ്പോർട്ടുകൾക്ക് ഇത്രമാത്രം പ്രാധാന്യം നൽകിയത്.

ഗ്രാമീണ പത്രപ്രവർത്തനത്തെ കുറിച്ച് പുതിയ ലേഖകർക്ക് ക്ലാസ്സെടുക്കുമ്പോൾ അദ്ദേഹം സേവ്യർ തയ്യാറാക്കിയ റിപ്പോർട്ടുകൾ തെരഞ്ഞെടുത്ത് പഠിപ്പിക്കാറുണ്ടായിരുന്നുവെന്ന് ഈ ലേഖകനറിയാം.

നാളത്തെ നാടിന്റെ നട്ടെല്ലാകേണ്ട കുട്ടികളെയും യുവാക്കളെയും ശരിയായ ദിശയിലൂടെ വളർത്തിയെടുത്താലേ ക്ഷേമരാഷ്ട്ര സങ്കല്പം സാർത്ഥകമാവുകയുള്ളൂ എന്ന് മനസ്സിലാക്കിയ സേവ്യർ ഇരിങ്ങാലക്കുടയിലെ ശക്തി സ്റ്റഡിസർക്കിൾ പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടം നൽകി.

മൂന്നു തലമുറകളിൽ ദൃഢമായ നേതൃത്വപാടവവും, കലാകായിക സാംസ്കാരിക മണ്ഡലങ്ങളിൽ മാതൃകാപരമായ പ്രവർത്തനവും ഊട്ടിയുറപ്പിക്കാൻ ഈ വഴിത്താരയിലൂടെ അദ്ദേഹത്തിന് സാധിച്ചു.

എഴുത്തുകാരുടെ സർവ്വതോന്മുഖമായ ഉയർച്ചയും വളർച്ചയും ലക്ഷ്യമാക്കി സമാരംഭിച്ച ‘കേരള ലിറ്റററി’ ഫോറത്തിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കാനായതും കൃതജ്ഞതയോടെ ഏവരും ഓർമ്മിക്കുന്നു.

പ്രതികരണത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തിയതും സേവ്യറായിരുന്നു.

പ്രതികരിക്കുന്ന വ്യക്തികളിലൂടെ ഉരുത്തിരിയുന്ന ആശയങ്ങൾ കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും എന്ന് മനസ്സിലാക്കിയ സേവ്യറിനെ തേടി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും എത്തിയെങ്കിലും ജനമനസ്സിൽ അദ്ദേഹം ഇതിനെല്ലാമപ്പുറമുള്ള മാനവികതയുടെ പ്രതിരൂപമായിരുന്നു.

ഉണ്ണികൃഷ്ണൻ കിഴുത്താണിയുടെ ഓർമകൾ…