സമരക്കാരുടെ വാദം അന്യായമാണെന്നും കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം


ന്യൂഡല്‍ഹി : സമരക്കാരുടെ വാദം അന്യായമാണെന്നും കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം സ്വീകാര്യമല്ല. കാര്‍ഷികനിയമങ്ങളെ എതിര്‍ക്കുന്നത് ഏതാനും കര്‍ഷകര്‍ മാത്രമെന്നും കേന്ദ്രം.

കൂടിയാലോചനയില്ലാതെയാണ് നിയമങ്ങള്‍ പാസാക്കിയതെന്ന നിലപാട് തെറ്റാണ്. പുതിയ നിയമങ്ങള്‍ക്ക് രാജ്യമെങ്ങും സ്വീകാര്യതയുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യുമെന്ന് സുപ്രീംകോടതി. നിയമങ്ങള്‍ വിശദമായി പരിശോധിക്കുന്നതിന് സമിതിയെ നിയോഗിക്കുമെന്നും കോടതി വ്യക്തമാക്കി.

നിയമങ്ങള്‍ സ്‌റ്റേ ചെയ്യുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. കര്‍ഷകസമരം കേന്ദ്രം കൈകാര്യം ചെയ്ത രീതിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

നിയമം കൊണ്ടുവരുന്നതിന് മുമ്പ് എന്ത് കൂടിയാലോചനകളാണ് സര്‍ക്കാര്‍ നടത്തിയതെന്നും ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.