
ന്യൂഡൽഹി : സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉദ്പാദിപ്പിക്കുന്ന കോവിഡിനെതിരായ ഓക്സ്ഫഡ് കോവിഷീൽഡ് വാക്സിന് 200 രൂപ വില നിശ്ചയിക്കാൻ ധാരണയായി.
കേന്ദ്രസർക്കാർ വാക്സിന് ഓർഡർ നൽകിയതായി മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. ആദ്യഘട്ടമായി 1.10 കോടി ഡോസുകൾ ഉടനെ വിതരണം ചെയ്യും. പത്തു കോടി ഡോസുകൾക്കാണ് 200 രൂപ വീതം വില ധാരണയായതെന്നാണ് റിപ്പോർട്ടുകൾ.
കേന്ദ്രം നേരിട്ട് വാക്സിന് ഓർഡർ നൽകുന്നതിലൂടെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനാകുമെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ജനുവരി 16ന് വാക്സിൻ പുറത്തിറക്കാൻ സാധിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തേ അറിയിച്ചിരുന്നു. കോവിഷീൽഡ് വാക്സിനും കോവാക്സിനുമാണ് അടിയന്തര ഉപയോഗത്തിനായി അനുമതി നൽകിയിരിക്കുന്നത്.
സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പൂനെ കേന്ദ്രത്തിൽ ഇന്നോ നാളെയോ വിതരണത്തിനുള്ള കോവിഷീൽഡിന്റെ ആദ്യഘട്ടം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.