കുടുംബ സഹായനിധി വിതരണം


 

ചാലക്കുടി:- കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തൃശൂർ റൂറൽ , തൃശൂർ സിറ്റി ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സർവീസിലിരിക്കെ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് സഹായനിധി കൈമാറി.

കേരളത്തിലെ പോലീസ് സംഘടനകൾ ഏറ്റെടുത്ത് നിർവഹിച്ചു വരുന്ന മഹത്തായതും പരമപ്രധാനവുമായ സംഘടന പ്രവർത്തനങ്ങളിൽ ഒന്നാണ് സർവീസിലിരിക്കെ മരണപ്പെടുന്ന സേനാംഗങ്ങളുടെ കുടുംബത്തെ സഹായിക്കുക എന്നുള്ളത്.

സർവീസിലിരിക്കുമ്പോൾ തന്റെ ആശ്രിതർക്ക് കൈ താങ്ങായിരുന്ന സഹപ്രവർത്തകരുടെ വേർപാടിൽ കുടുംബാംഗങ്ങളെ സാമ്പത്തികമായി താങ്ങി നിർത്തേണ്ടുന്ന ഉത്തരവാദിത്വമാണ് തൃശൂർ ജില്ലയിലെ പോലീസ് അസോസിയേഷനുകൾ നിർവഹിച്ചത്.

പുതുക്കാട് പോലീസ് സ്റ്റേഷനിൽ പ്രവൃത്തിയെടുത്തു വരവെ കരൾ രോഗത്തെ തുടർന്ന് മരണപ്പെട്ട സിവിൽ പോലീസ് ഓഫീസർ മേച്ചിറ സ്വദേശി മനോജ്. യു.എസ്സിൻ്റെ കുടുംബ സഹായ നിധി ചാലക്കുടി എം എൽ എ ബി.ഡി.ദേവസ്സി മനോജിന്റെ കുടുംബത്തിന് കൈമാറി.

മേച്ചിറ പാൽ സോസേറ്റി സഹകരണ സംഘം ഹാളിൽ വച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ചാലക്കുടി ഡി വൈ എസ് പി സി.ആർ സന്തോഷ്, പുതുക്കാട് സി ഐ ഉണ്ണികൃഷ്ണൻ, കോടശ്ശേരി പഞ്ചായത്ത് മെമ്പർ ഇ.എസ്. ജയതിലകൻ, കേരള പോലീസ് അസോസിയേഷൻ തൃശൂർ റൂറൽ കമ്മിറ്റി പ്രസിഡൻറ്സി എസ് ഷെല്ലിമോൻ, സംസ്ഥാന നിർവാഹക സമിതി അംഗംകെ എ ബിജു, ട്രഷറർ കെ.എസ്. സിജു, കേരള പോലീസ് അസോസിയേഷൻ തൃശൂർ സിറ്റി കമ്മിറ്റി പ്രസിഡന്റ് കെ സി സുനിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശൂർ റൂറൽ കമ്മിറ്റി പ്രസിഡന്റ് എം എ.ബേബി, സിറ്റി കമ്മിറ്റി സെക്രട്ടറി ഒ.എസ്. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ജില്ലയിലെ പോലീസുദ്യോഗസ്ഥരിൽ നിന്ന് സ്വരൂപിച്ച പതിനാല് ലക്ഷത്തി എണ്ണായിരം രൂപയാണ് കുടുംബ സഹായ നിധിയിലൂടെ മനോജിന്റെ കുടുംബത്തിന് കൈമാറിയത്.

ഈ പ്രവർത്തനവുമായി സഹകരിച്ച ജില്ലയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശൂർ റൂറൽ, തൃശൂർ സിറ്റി കമ്മിറ്റികളുടെ നന്ദി അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു