പിണ്ടിപ്പെരുന്നാളിന് ഇരിങ്ങാലക്കുട ഒരുങ്ങി


 

കോവിഡിനെ തുടർന്ന് ആഘോഷങ്ങൾ പരിമിതമാക്കിയെങ്കിലും ചരിത്രപ്രസിദ്ധമായ പിണ്ടിപ്പെരുന്നാളിന് ഇരിങ്ങാലക്കുട നഗരം ഒരുങ്ങി.

ഇരിങ്ങാലക്കുടയുടെ തിലകക്കുറിയായിട്ടുള്ള സെന്റ് തോമസ് കത്തീഡ്രൽ ദേവാലയം സ്ഥാപിക്കപ്പെട്ടത് 1846 ജനുവരി അഞ്ചാം തീയ്യതിയാണ്.

1978ൽ ഇരിങ്ങാലക്കുട രൂപത നിലവിൽ വന്നതിനു ശേഷമാണ് സെൻ്റ് ജോർജ്ജസ് ഫൊറോന പള്ളി കത്തീഡ്രൽ ദേവാലയമായി ഉയർത്തപ്പെട്ടത്.

ഉണ്ണിയേശുവിൻ്റെ മാമോദീസയുടെ അനുസ്മരണമായാണ് ദനഹാ തിരുന്നാൾ ലോകമെങ്ങും കൊണ്ടാടുന്നത്.

ദനഹാ തിരുന്നാളും വിശ്വാസത്തിനായി ധീര രക്തസാക്ഷിത്വം വരിച്ച വി സെബാസ്റ്റ്യാനോസിന്റെ അമ്പു തിരുന്നാളുമാണ് ഇരിങ്ങാലക്കുട കത്തീഡ്രലിൽ പിണ്ടിപ്പെരുന്നാളായി ആഘോഷിക്കുന്നത്.

വൈദ്യുതിയില്ലാതിരുന്ന കാലത്ത് വാഴപ്പിണ്ടി കുഴിച്ചിട്ട് അതിന്മേൽ മൺവിളക്കുകൾ തെളിയിച്ചിരുന്നു.

ഇതിൻ്റെ ഓർമ്മയ്ക്കായിട്ടാണ് ഇരിങ്ങാലക്കുടക്കാരുടെ നൊസ്റ്റാൾജിയയായ പിണ്ടിപ്പെരുന്നാൾ ആഘോഷം.

കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണ ആളും ആരവവും ഇല്ലാതെയാണ് പിണ്ടിപ്പെരുന്നാൾ ആഘോഷമെങ്കിലും, അമ്പ് എഴുന്നെളിപ്പുകളും മറ്റു ചടങ്ങുകളും ആചാരപൂർവ്വം നടത്തുന്നുണ്ട്.

തിരുന്നാളിന് തുടക്കം കുറിക്കുന്ന നാളെയും തിങ്കളാഴ്ച്ചയും രാവിലെയുള്ള കുർബ്ബാനകൾക്ക് ശേഷം വിവിധ യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നെള്ളിപ്പ് നടക്കും.

നാളെ വൈകീട്ട് 5.30ന് നൊവേനയും, ആഘോഷമായ ദിവ്യബലിയും, പള്ളി ചുറ്റി പ്രദക്ഷിണവും, രൂപം എഴുന്നെള്ളിച്ചവയക്കൽ, നേർച്ചവെഞ്ചരിപ്പ് എന്നിവയുണ്ടാകും.

തിരുന്നാൾ ദിനമായ ഞായറാഴ്ച്ച രാവിലെ 10.30ന് തിരുന്നാൾ കുർബ്ബാനക്ക് രൂപത മെത്രാൻ മാർ പോളി കണ്ണുക്കാടൻ മുഖ്യകാർമ്മികത്വം വഹിക്കും.

ഉച്ചതിരിഞ്ഞ് 4.30ന് തിരുന്നാൾ പ്രദക്ഷിണം ആരംഭിച്ച് വൈകീട്ട് 7ന് പള്ളിയിൽ പ്രവേശിക്കും.

വാദ്യഘോഷങ്ങളോ മുത്തുക്കുടകളോ ഉണ്ടായിരിക്കില്ല.

പിണ്ടിപ്പെരുന്നാളിനോട് അനുബന്ധിച്ച് ദേവാലയത്തിൽ ദൃശ്യ മനോഹരമായ ദീപാലാങ്കാരം ഒരുക്കിയിട്ടുണ്ട്.

റിപ്പോർട്ട് : ഹരി ഇരിങ്ങാലക്കുട