വിവാഹത്തിനെത്തിയ അതിഥികൾക്ക് പുതുമ നിറഞ്ഞ അനുഭവമായി എടതിരിഞ്ഞിയിൽ പ്രവീൺ ശില്പ ദമ്പതികളുടെ വിവാഹം

എടതിരിഞ്ഞി: പരിസ്ഥിതി പ്രവർത്തകനും യുവജനപക്ഷം സംസ്ഥാന സമിതി അംഗവുമായ ശരത്ത് പോത്താനിയുടെ സഹോദരിയുടെ വിവാഹമാണ് പുതുമ നിറഞ്ഞതും, പ്രകൃതി സ്നേഹം തുളുമ്പുന്ന രീതിയിലും ആഘോഷിച്ചത്. വളരെ ലളിതമായി നടത്തിയ ആഘോഷത്തിൽ വിവാഹ സൽക്കാരത്തിന് ക്ഷണിക്കപ്പെട്ടവരായി എത്തിയവരെ സ്വീകരിച്ചത് ചെമ്പരത്തി കൊണ്ടുള്ള ജ്യൂസും, പച്ചമാങ്ങയും ഇഞ്ചിയും ഏലക്കായയും ചേർത്ത് നിർമ്മിച്ച ജ്യൂസും നൽകിയാണ്. ഇതു മാത്രമല്ല ക്ഷണിക്കപ്പെട്ട അതിഥികൾക്കെല്ലാം വധൂവരന്മാർ സമ്മാനമായി നൽകിയതാകട്ടെ ഓരോ പാക്കറ്റ് പച്ചക്കറി വിത്തും, വിത്ത് പേനയുമാണ്.


പച്ചക്കറി പാക്കറ്റിൽ പലതരം വിത്തുകളാണ് ഉണ്ടായിരുന്നത്.കൂടെ നൽകിയ വിത്ത് പേനയും പലർക്കും അപരിചിതമായ ഒന്നായിരുന്നു, കടലാസ് കൊണ്ട് നിർമ്മിച്ച ഈ പേനയിൽ വിത്തുകൾ നിറച്ചിട്ടുണ്ടായിരുന്നു. പേനയുടെ ഉപയോഗ ശേഷം പേന മണ്ണിലേക്ക് വലിച്ചെറിയുമ്പോൾ അതിനുള്ളിലെ വിത്ത് താഴെ മണ്ണിൽ വീഴുകയും അത് പിന്നീട് മുളച്ച് വളരുകയും ചെയ്യും. ഇങ്ങനെ തികച്ചും വ്യത്യസ്തവും, പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനം നൽകുന്നതുമായി മാറിയ വിവാഹം, അതിഥികൾക്ക് പുതുമ നിറഞ്ഞതും സന്തോഷം നൽകുന്നതുമായി മാറി.