ഫിനോമിനലിനു പുറകേ നിക്ഷേപകരുടെ മനസ്സിൽ ആശങ്ക സൃഷ്ടിച്ച് വീണ്ടുമൊരു തട്ടിപ്പ് കഥ ഇരിങ്ങാലക്കുടയിൽ നിന്നും – ഐ.സി.എൽ ഫിൻകോർപ്പിനെതിരെ പരാതിയുമായി നിക്ഷേപകർ രംഗത്ത്

തൃശൂർ : ഇരിങ്ങാലക്കുട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐ.സി.എൽ ഫിൻകോർപ്പ് (ഇരിങ്ങാലക്കുട ക്രെഡിറ്റ് & ലീസിങ്ങ് ) നെതിരെ പരാതിയുമായി നിരവധി നിക്ഷേപകർ രംഗത്ത്.

നടവരമ്പ് പടിഞ്ഞാറൂട്ട് ടി.ബി വസന്ത, പി.ഒ ജോസ്, റോസിലി ജോസ്, ഇ.എം പ്രസന്നൻ, കെ.യു ജ്യോതിഷ്, എൻ.കെ സത്യൻ, എൻ.കെ മോഹനൻ തുടങ്ങി പതിനൊന്നോളം ഓഹരിയുടമകളാണ് ഐ.സി.എല്ലി നെതിരേ പരാതിയുമായി എസ്.പി യെ സമീപിച്ചിട്ടുള്ളത്.

നിക്ഷേപങ്ങൾ സ്വീകരിക്കാൻ റിസർവ്വ് ബാങ്ക് നിയമ പ്രകാരം അനുമതിയില്ലാത്ത ബാങ്കിതര ധനകാര്യ സ്ഥാപനമായാണ് (എൻ.ബി.എഫ്.സി) ഐ.സി.എൽ റെജിസ്ട്രർ ചെയ്തിട്ടുള്ളത്. എന്നാൽ നിയമ പ്രകാരമല്ലാതെ നിരവധി നിക്ഷേപകരിൽ നിന്ന് കോടികണക്കിന് രൂപ നിക്ഷേപമായി ഐ.സി.എൽ സ്വീകരിച്ചിട്ടുണ്ട്. നിക്ഷേപങ്ങൾക്ക് റസീറ്റ് നൽകിയിട്ടുണ്ടെങ്കിലും കമ്പനി രേഖകളിൽ ഇത് നിക്ഷേപമായല്ല രേഖപ്പെടുത്തിയിട്ടുള്ളത്. പകരം സെക്യൂരിറ്റി ഡിബഞ്ചർ എന്ന് കാണിച്ച് നിക്ഷേപകരെ കമ്പനിയുടെ ഓഹരിയുടമകളാക്കി മാറ്റുകയായിരുന്നു.ഇതനുസരിച്ച് കമ്പനിക്ക് നഷ്ടം വന്നാൽ നിക്ഷേപകർക്ക് പണം തിരികെ കിട്ടില്ലെന്നിരിക്കേ ഈ വിവരം തങ്ങളെ അറിയിക്കാതെയാണ് ഐ.സി.എൽ ചെയ്തതെന്ന് പരാതിക്കാർ ചൂണ്ടി കാട്ടി.

ഐ.സി.എൽ ചെയർമാൻ അനിൽകുമാർ, ഇയാളുടെ ഭാര്യയും കമ്പനി ഡയറക്ടറുമായ ഉമാദേവി, മറ്റ് ഡയറക്ടർമാരായ വിൽസൺ, സജിത സുരേഷ്, സാബു വർഗ്ഗീസ്, രാജീവ്, ജോസ് എന്നിവരെ പ്രതികളാക്കി കമ്പനി റജിസ്ട്രാർക്കും,പോലീസിലും നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്.

പലരുടേയും നിക്ഷേപങ്ങളിൽ നിന്ന് ഷെയർ എന്നും പറഞ്ഞ് ഒരു തുക ഇതിനോടകം മാറ്റിയിട്ടുണ്ട്. ആദ്യകാല നിക്ഷേപകരുടെ ഓഹരികൾ ഓഹരിയുടമകളുടെ അറിവില്ലാതെ കള്ള ഒപ്പിട്ട് തട്ടിയെടുത്തതായും ഐ.സി.എൽ ഡയറക്ടർ അനിൽ കുമാറിനെതിരെ പരാതിയുണ്ട്.

ചുരുങ്ങിയ കാലം കൊണ്ട് കോർപറേറ്റുകളെ പോലും അതിശയിപ്പിക്കും വിധത്തിൽ വളർന്ന ഒരു സ്ഥാപനത്തിന്റെ വിശ്വാസ്യതയാണ് ഇപ്പോഴത്തെ സംഭവങ്ങളുടെ വെളിച്ചത്തിൽ ചോദ്യം ചെയ്യപ്പെടുന്നത്. സമീപകാലത്തുണ്ടായ ഫിനോമിനൽ തട്ടിപ്പിനു ശേഷം ഐ.സി.എൽ കമ്പനിക്കെതിരേ ഇപ്പോൾ പരാതിയുയർന്ന സാഹചര്യത്തിൽ ആയിരകണക്കിന് വരുന്ന നിക്ഷേപകർ ആശങ്കയിലാണ്.മാധ്യമങ്ങളേയും, സമൂഹത്തിലെ ഉന്നതരേയും വിലക്കെടുത്ത് പണവും സ്വാധീനവും ചെലുത്താൻ ശേഷിയുമുള്ള ഐ.സി.എല്ലി നെതിരേ നിക്ഷേപകരുടെ പരാതി ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിലാണ് തങ്ങൾ എസ്.പി യെ സമീപിച്ചതെന്നും പരാതിക്കാർ കൂട്ടിചേർത്തു.