കൊവിഡ് കേസുകള്‍ ഉയര്‍ന്ന തോതില്‍ തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കില്ല ; വിവിധ സംസ്ഥാനങ്ങളിലെ വിവരങ്ങള്‍


ന്യൂഡല്‍ഹി : കൊവിഡ് 19 നിയന്ത്രണങ്ങള്‍ രാജ്യത്ത് തുടരുകയാണ്. കൊവിഡ് മാര്‍ഗ്ഗ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ച്‌ ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിത്തുടങ്ങി. ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

അണ്‍ലോക്ക് നടപടികളുമായി രാജ്യം മുന്നോട്ട് നീങ്ങുന്ന ഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

നവംബര്‍ 23 മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് രാജ്യത്തെ പല സംസ്ഥാനങ്ങളും അറിയിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാകും ക്ലാസുകള്‍ ആരംഭിക്കുക.
ക്ലാസിലെത്താന്‍ കഴിയാത്തവര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്. നവംബര്‍ 23 മുതല്‍ പല സംസ്ഥാനങ്ങളിലും ക്ലാസുകള്‍ ആരംഭിക്കും.

*മഹാരാഷ്ട്ര*

നവംബര്‍ 23 മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഒന്‍പത് മുതല്‍ 12വരെയുള്ള ക്ലാസുകളായിരിക്കും പ്രവര്‍ത്തിക്കുക.

എല്ലാവിധ സുരക്ഷാ സജ്ജീകരണങ്ങളും കൈക്കൊണ്ടാകും സ്‌കൂളുകളും ഹോസ്റ്റലുകളും തുറന്ന് പ്രവര്‍ത്തിക്കുക.

*ഗുജറാത്ത്*

നവംബര്‍ 23മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും തുറക്കുമെന്നണ് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും കോളേജുകളുമാണ് തുറന്ന് പ്രവര്‍ത്തിക്കുക. പ്രൈമറി സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ല.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ച്‌ മുതലാണ് സ്‌കൂളുകള്‍ അടച്ചിട്ടത്.

*ആന്ധ്ര*

കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതോടെ ആന്ധ്രയില്‍ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറന്ന് പ്രവര്‍ത്തിക്കുന്നത് ആരംഭിച്ചിരുന്നു.

നവംബര്‍ രണ്ട് മുതല്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചു. ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ 23 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഡിസംബര്‍ 14 മുതല്‍ ക്ലാസുകള്‍ ആരംഭിച്ചേക്കും.

രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനം ഭാഗീകമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ക്ലാസുകള്‍ ആരംഭിച്ചതിന് പിന്നാലെ ചില സംസ്ഥാനങ്ങള്‍ തീരുമാനം പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച്‌ ഗോവയില്‍ 10, 12 ക്ലാസുകള്‍ ആരംഭിച്ചിരുന്നു. 9 മുതല്‍ 12വരെയുള്ള ക്ലാസുകള്‍ ഉത്തര്‍പ്രദേശില്‍ പുനഃരംഭിച്ചിട്ടുണ്ട്.

നവംബര്‍ രണ്ട് മുതല്‍ അസമിലെ ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചിരുന്നു. 6, 7, 9, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും 8, 10, 11 ക്ലാസുകളിലെ കുട്ടികള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും ക്ലാസിലെത്തണം.

പത്തും പന്ത്രണ്ടും ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഉത്തരാഖണ്ഡില്‍ ക്ലാസുകള്‍ ആരംഭിച്ചു.

നിലവിലെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കാനില്ലെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ലാത്തതിനാല്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

നവംബര്‍ 16 മുതല്‍ 9, 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ലെന്നാണ് പശ്ചിമ ബംഗാള്‍ വ്യക്തമാക്കുന്നത്.

നവംബര്‍ 30വരെ സംസ്ഥാനത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് ഹരിയാന വ്യക്തമാക്കിയിരുന്നു.

ദിനം പ്രതിയുള്ള കൊവിഡ് കേസുകള്‍ ഉയര്‍ന്ന തോതില്‍ തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കില്ല.

ജനുവരിയോടെ മാത്രമാകും ഈ തീരുമാനത്തില്‍ മാറ്റമുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂളുകള്‍ തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.