അന്തർജില്ല പെട്രോൾ പമ്പ് കവർച്ചാസംഘം പോലീസ് പിടിയിൽ


 

വിവിധ ജില്ലകളിലായി ഏഴോളം പെട്രോൾ പമ്പുകളിലും കവർച്ചാ കേസുകളിലും പ്രതികളായ മൂന്നുപേരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ പി എസ്, ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജ് ജോസ്, കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ പി കെ പത്മരാജൻ, എസ് ഐ ഇ.ആർ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു

കഴിഞ്ഞ അഞ്ച് മാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെട്രോൾപമ്പുകളിൽ മോഷണം നടന്നിരുന്നു

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പടാകുളം ബൈപ്പാസിലുള്ള പെട്രോൾ പമ്പിലെയും കൈപ്പമംഗലം അറവുശാല പെട്രോൾപമ്പിലെയും മോഷണത്തിന്റെയും അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐപിഎസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

പടാകുളം പെട്രോൾ പമ്പ്, കൈപ്പമംഗലം അറവുശാല പെട്രോൾ പമ്പിലും എറണാകുളം ജില്ലയിലെ ആലുവ, പെരുമ്പാവൂർ, അങ്കമാലി ബാങ്ക് ജംഗ്ഷനിലെയും കോതകുളങ്ങര പെട്രോൾ പമ്പ് എന്നിവിടങ്ങളിലും കാസർഗോട് വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പെട്രോൾ പമ്പ് തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ തെളിയാതെ കിടന്ന കേസുകളാണ് പ്രതികളെ അറസ്റ്റോടെ തെളിഞ്ഞത്

കാസർഗോഡ് സ്വദേശികളായ ഉളിയത്തടുക്ക മഷൂദ് മൻസിൽ ഹമീദ് മകൻ മഷൂദ് (26 വയസ്സ്), ഉളിയത്തടുക്ക ബിലാൽ നഗർ മൻസിൽ അബ്ദുള്ള മകൻ അമീർ (21 വയസ്സ്), മുളിയാർ പവൗൽ ദേശം അക്വാലി വീട്ടിൽ അഷ്‌റഫ് മകൻ അലി അഷ്‌കർ (21 വയസ്സ്) എന്നിവരാണ് പിടിയിലായത്

എറണാകുളം ജില്ലയിലെ വിവിധ ഹോട്ടലുകളിൽ ജോലിക്ക് എന്ന വ്യാജേന നിന്ന് രാത്രികാലങ്ങളിൽ പെട്രോൾപമ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുകയാണ് പതിവ്

മോഷ്ടിച്ചു കൊണ്ടു വരുന്ന പണം ബാംഗ്ലൂരിലും മറ്റും ആർഭാട ജീവിതത്തിനും മദ്യപാനത്തിനും വിലകൂടിയ മൊബൈൽ ഫോണുകൾ വാങ്ങുന്നതിനും ചിലവഴിച്ചിരുന്നു

പണം കഴിയുമ്പോൾ തിരികെ വന്ന് മോഷണം നടത്തുകയാണ് പതിവ്

ഈ കേസിലെ പ്രതിയും പ്രധാന സൂത്രധാരനുമായ കാസർഗോഡ് ജില്ലയിലെ ഗുണ്ടാനേതാവായ ഗാലിയ ബാദുഷയുടെ സഹോദരനുമായ സാബിത് എന്ന കന്നട നെയാണ് ഇനി പിടി കിട്ടാനുള്ളത്

മഷൂദിന്റെ പേരിൽ വിവിധ ജില്ലകളിലായി എട്ടു കേസുകളും അലി അഷ്‌കറിന്റെ പേരിൽ അഞ്ച് കേസുകളും അമീറിന്റെ പേരിൽ രണ്ട് കേസുകളും നിലവിലുണ്ട്

എറണാകുളം, തൃശ്ശൂർ ജില്ലകളിലായി ഇരുന്നൂറോളം സിസിടിവി ക്യാമറകളും അമ്പതിനായിരത്തോളം ഫോൺ കോളുകളും സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം പരിശോധിച്ചിരുന്നു

അന്വേഷണ സംഘത്തിൽ എസ് ഐ ബസന്ത്, അജാസുദ്ധീൻ, എ എസ് ഐ മുഹമ്മദ് സിയാദ്, സീനിയർ പോലീസ് ഉദ്യോഗസ്ഥരായ ഗോപകുമാർ, സുമേഷ്, ബിജു, സുനിൽകുമാർ, ചഞ്ചൽ എന്നിവരുമുണ്ടായിരുന്നു