ശസ്ത്രക്രിയയിൽ അശ്രദ്ധ ; ആശുപത്രി അധികൃതരും ഡോക്ടറും രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് തൃശൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം


പിത്തസഞ്ചിയിലെ കല്ല് നീക്കം ചെയ്യുന്നതിനായി ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക് ശസ്ത്രക്രിയയില്‍ അശ്രദ്ധ സംഭവിച്ചതിന് നഷ്ടപരിഹാരം നല്‍കാന്‍ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു.

ശസ്ത്രക്രിയക്ക് ശേഷം രോഗി ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും സ്വമേധയാ വിടുതല്‍ വാങ്ങുകയാണുണ്ടായത്.

തുടർന്ന് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വീണ്ടും ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്നാണ് അപകടാവസ്ഥ തരണം ചെയ്ത് രോഗിയുടെ ജീവൻ രക്ഷിക്കാനായത്.

ഇതിൻ്റെ പശ്ചാത്തലത്തിൽ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടേയും, ഓപ്പറേഷൻ നടത്തിയ ഡോക്ടറുടേയും ഭാഗത്തു നിന്നുണ്ടായ അശ്രദ്ധ മൂലമാണ് അപകടാവസ്ഥ ഉണ്ടായതെന്ന് കാണിച്ച് ഇരിങ്ങാലക്കുട ശക്തിനഗര്‍ ഹൗസിങ്ങ് കോളനിയിലെ ആലുക്കല്‍ ജിഷ മേജോ തൃശ്ശൂര്‍ ഉപഭോക്തൃതര്‍ക്ക പരിഹാരഫോറം മുമ്പാകെ 2008ല്‍ ഫയല്‍ ചെയ്ത കേസിലാണ് സി ടി സാബു (പ്രസിഡണ്ട്) ഡോ കെ രാധാകൃഷ്ണന്‍ നായര്‍, എസ് ശ്രീജ എന്നിവരടങ്ങിയ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഏറെ ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

2008ലാണ് കേസിന് ആസ്പദമായ
സംഭവം നടന്നത്.

നെഞ്ചെരിച്ചിലും, വയറുവേദനയും, പുറംവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയോട് ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍, പ്രസവം കഴിഞ്ഞ് കുഞ്ഞിന് നാലു മാസം മാത്രമേ ആയിട്ടുള്ളൂ എന്നും, അതിനാൽ തന്നെ കീഹോള്‍ സര്‍ജറിയാണ് താല്‍പര്യമെന്നും രോഗി ഡോക്ടറോട് പറഞ്ഞിരുന്നു.

ആ സമയത്ത് രോഗിയെ വേറെ മറ്റെവിടേക്കെങ്കിലും മാറ്റിയാല്‍ ജീവാപായം വരെ സംഭവിക്കാമെന്നും, ഓപ്പൺ സര്‍ജറിയാണ് നല്ലതെന്നും ഡോക്ടര്‍ പറയുകയും ചെയ്തുവത്രേ.

ആശുപത്രിയില്‍ ഇതിനു വേണ്ട എല്ലാ സംവിധാനങ്ങളും സജ്ജീകരണങ്ങളും ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചതിനെ തുടര്‍ന്നാണ് പിറ്റേ ദിവസം തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും, പിത്തസഞ്ചി നീക്കം ചെയ്യുകയും ചെയ്തതെന്ന് രോഗി ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.

പക്ഷേ നാലു ദിവസം കഴിഞ്ഞപ്പോള്‍ രോഗിക്ക് ഛര്‍ദ്ദിയും ശരീരവേദനയും ഉണ്ടായി.

ഗുരുതരാവസ്ഥയിലായ രോഗി സഹകരണ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് വാങ്ങി എറണാകുളത്തുള്ള ലേക് ഷോര്‍ ആശുപത്രിയില്‍ അഡ്മിറ്റായി.

അവിടെ അടിയന്തിര ശസ്ത്രക്രിയ നടത്തി തുടര്‍ ചികിത്സയ്ക്ക് ശേഷമാണ് തൻ്റെ ജീവൻ തന്നെ രക്ഷപ്പെട്ടതെന്ന് അവർ പരാതിയിൽ ചൂണ്ടിക്കാട്ടി.

ഇരുഭാഗവും ഹാജരാക്കിയ തെളിവുകളും, ആശുപത്രി രേഖകളും, കൂടാതെ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടേയും മൊഴികള്‍ പരിശോധിച്ച കമ്മീഷന്‍, 2008ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ശസ്ത്രക്രിയക്കും മറ്റും സമ്മതപത്രം വാങ്ങുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ ഡോക്ടറും സഹകരണ ആശുപത്രി അധികൃതരും പാലിച്ചില്ലെന്നും, ആ സമയത്ത് ഗുരുതരാവസ്ഥകള്‍ നേരിടാന്‍ ആവശ്യമായ സംവിധാനങ്ങള്‍
അവിടെ ഉണ്ടായിരുന്നില്ലെന്നും നിരീക്ഷിച്ചു.

അതിനാല്‍ ആശുപത്രി അധികൃതരോടും, സർജറി നടത്തിയ ഡോക്ടര്‍ രാജീവ് മേനോനോടും 2,50,000 (രണ്ടര ലക്ഷം) രൂപയും, പരാതി തീയതി മുതല്‍ 12 ശതമാനം പലിശയും സഹിതം ഒരു മാസത്തിനകം പരാതിക്കാരിക്ക് കൊടുക്കാനും, കോടതി ചെലവായി അയ്യായിരം രൂപ കൊടുക്കാനും ഉത്തരവിട്ടു.

പരാതിക്കാരിക്കുവേണ്ടി അഡ്വക്കേറ്റുമാരായ പി പ്രമോദ്, രശ്മി പ്രമോദ്, റിച്ചാര്‍ ഡേവിഡ്, വിപിന്‍ എന്നിവര്‍ ഹാജരായി.