വിരമിക്കൽ പ്രായം 60 വയസ്സ് ആക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്


ന്യൂഡൽഹി : കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം 60 വയസ്സ് ആക്കണമെന്ന ഹർജിയിൽ സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

2013 ഏപ്രിൽ ഒന്നിന് മുമ്പ് സർവീസിൽ പ്രവേശിച്ചവർക്ക് 56 വയസ്സും അതിനുശേഷം ഉള്ളവർക്ക് 60 മാണ് വിരമിക്കൽപ്രായം.

ഇതു വിവേചനമാണെന്ന് കാട്ടി നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ സാജു നമ്പാടൻ, കെ ടി മൂസ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചത്.

2013 ഏപ്രിൽ ഒന്നിനു ശേഷം പ്രവേശിച്ചവർക്ക് മാത്രം വിരമിക്കൽ പ്രായം 60 ആക്കാൻ കേരള സർവീസ് ചട്ടത്തിലെ പാർട്ട് ഒന്നിലെ അറുപതാം ചട്ടം ഭേദഗതി ചെയ്തത് ഏകപക്ഷീയമാണെന്ന് ഹർജിക്കാർക്കുവേണ്ടി അഡ്വ കെ രാജീവ് ചൂണ്ടിക്കാട്ടി. കേന്ദ്ര ജീവനക്കാരുടെ വിരമിക്കൽ പ്രായം അറുപതാണ്.

നേരത്തെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഹൈക്കോടതിയും ആവശ്യം തള്ളിയതിനെ തുടർന്നാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

പങ്കാളിത്ത പെൻഷൻ സമ്പ്രദായം കൊണ്ടുവന്നതിനെ തുടർന്നാണ് പുതിയ ചട്ട ഭേദഗതി എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

2013 ഏപ്രിൽ ഒന്നുമുതലാണ് കേരളത്തിൽ പങ്കാളിത്ത പെൻഷൻ കൊണ്ടുവന്നത് അതിനു മുമ്പും ശേഷവും ഉള്ളവരുടെ സർവീസ് നിബന്ധനകൾ തീർത്തും വ്യത്യസ്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.