സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയോടനുബന്ധിച്ച് നാല് മാസത്തേക്ക് കൂടി തുടരുന്ന ഭക്ഷ്യക്കിറ്റ് ഇന്ന് മുതൽ വിതരണം ചെയ്യും


തിരുവനന്തപുരം : ലോക്ഡൗൺ കാലത്ത് ആരംഭിച്ച അതിജീവനക്കിറ്റ് 85 ലക്ഷം കുടുംബങ്ങൾക്ക് താങ്ങായെങ്കിൽ സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയോടനുബന്ധിച്ച് നാല് മാസത്തേക്ക് കൂടി തുടരുന്ന ഭക്ഷ്യക്കിറ്റ് 88 ലക്ഷം കുടുംബങ്ങളിലേക്കാണെത്തുന്നത്.

ഒരു കിലോഗ്രാം പഞ്ചസാര, ആട്ട, ഉപ്പ്, 750 ഗ്രാം കടല, ചെറുപയർ, 250 ഗ്രാം സാമ്പാർ പരിപ്പ്, അര ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം മുളക്പൊടി എന്നിവയാണ് ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡിസംബർ വരെയുള്ള നാല് മാസങ്ങളിൽ എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭ്യമാകും.

എ എ വൈ കാർഡുടമകൾക്ക് 24 മുതൽ 28 വരെയും 29,30 തിയതികളിൽ മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്കും കിറ്റ് വിതരണം ചെയ്യും.

കാർഡ് നമ്പർ അവസാനിക്കുന്ന അക്കത്തെ അടിസ്ഥാനമാക്കി റേഷൻകടകളിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതോടൊപ്പം
സപ്ലൈകോയുടെ ശ്യംഖലകൾ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും എത്തിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു.

ഓൺലൈൻ വിതരണവും സപ്ലൈകോ ആരംഭിച്ചിട്ടുണ്ട്.
കോവിഡ് അതിജീവനക്കിറ്റിൽ 17 ഇനം അവശ്യ സാധനങ്ങളാണ് ഉൾപ്പെട്ടിരുന്നത്.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി ഡിസംബർ വരെ തുടരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമൻ അധ്യക്ഷത വഹിക്കും. സുരേഷ്‌കുറുപ്പ് എം എൽ എ ആദ്യകിറ്റ് വിതരണം ചെയ്യും.