കൊവിഡ് പ്രോട്ടോകോൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു : സർക്കാർ ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിക്കും

തിരുവനന്തപുരം : കൊവിഡ് പ്രോട്ടോക്കോളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.

സർക്കാർ ഓഫീസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പലതും പിൻവലിച്ചു.

സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഇനി ജോലിക്കെത്തണം. എന്നാൽ കൊവിഡ് മാനദണ്ഡം പാലിച്ചു വേണം പൊതുമേഖലാ സ്ഥാപനങ്ങൾ അടക്കമുള്ള സർക്കാർ ഓഫീസുകൾ പ്രവർത്തിക്കാൻ.

അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസത്തെ ക്വാറൻ്റൈൻ ആണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇനി അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ഏഴ് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാൽ ക്വാറൻ്റീൻ തുടരേണ്ട കാര്യമില്ല.

അതേസമയം ആരോഗ്യപ്രോട്ടോക്കോൾ പ്രകാരം 14 ദിവസത്തെ ക്വാറൻ്റൈൻ പൂർത്തിയാക്കുന്നതാണ് അഭികാമ്യമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

കച്ചവട ആവശ്യങ്ങൾക്കും ചികിത്സയ്ക്കും മറ്റു സ്വകാര്യ ആവശ്യങ്ങൾക്കുമായി കേരളത്തിലേക്ക് വരുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറൻ്റൈൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ ഇളവ് പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ ഹോട്ടലുകളിലും, റെസ്റ്റോറൻ്റുകളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനും സർക്കാർ അനുമതി നൽകി.